ന്യൂഡല്‍ഹി :കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി മത്സരാര്‍ഥികള്‍ തമ്മില്‍ മുഖാമുഖം വേണമെന്ന് ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന്‍റെ തലപ്പത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എതിര്‍ മത്സരാര്‍ഥിയും മുതിര്‍ന്ന നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി തെരഞ്ഞെടുപ്പ് മുഖാമുഖം നടത്തണമെന്ന അഭിപ്രായമാണ് തരൂര്‍ പങ്കുവച്ചത്. ബ്രിട്ടീഷ് കൺസർവേറ്റീവ് പാർട്ടി നേതൃത്വ തെരഞ്ഞെടുപ്പിന് സമാനമായ മുഖാമുഖം നടത്തുന്നതിലൂടെ ജനഹിതം തേടാമെന്നും പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
നെഹ്‌റു-ഗാന്ധി കുടുംബത്തിന് കോൺഗ്രസ് അംഗങ്ങളുടെ ഹൃദയത്തിൽ എന്നും സവിശേഷമായ സ്ഥാനമാണുള്ളതെന്ന് പറഞ്ഞ അദ്ദേഹം പാര്‍ട്ടിയുടെ നിലവിലുള്ള വെല്ലുവിളികള്‍ക്കുള്ള മറുപടി ഫലപ്രദമായ നേതൃത്വത്തിന്‍റെ ഏകോപനവും സംഘടനാപരമായ അഴിച്ചുപണിയുമാണെന്നും അറിയിച്ചു. അതേസമയം മുൻ ജാർഖണ്ഡ് മന്ത്രി കെ.എൻ ത്രിപാഠിയുടെ നാമനിർദേശ പത്രിക ഇന്നലെ (01.09.2022) തള്ളിയതോടെ നിലവില്‍ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്ക് മത്സരരംഗത്ത് തരൂരും ഖാര്‍ഗെയും മാത്രമാണുള്ളത്.
യുഎന്നിലെ പരിചയ സമ്പത്ത് :ഐക്യരാഷ്‌ട്ര സംഘടനയുടെ അണ്ടര്‍ സെക്രട്ടറി ജനറല്‍ ഇന്‍ ചാര്‍ജ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചതിനാല്‍ നേതൃതലത്തില്‍ തനിക്ക് മികച്ച ട്രാക്ക് റെക്കോര്‍ഡാണുള്ളതെന്ന് തരൂര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള 77 ഓഫിസുകളിലായുള്ള 800-ലധികം ജീവനക്കാര്‍ അടങ്ങുന്ന യുഎന്നിലെ ഏറ്റവും വലിയ ഡിപ്പാർട്ട്‌മെന്റായ പബ്ലിക് ഇൻഫർമേഷന്‍റെ ആശയവിനിമയങ്ങൾ കൈകാര്യം ചെയ്യാനായത് നേട്ടമാണ്.
ഈ സമയത്ത് സംഘടനയുടെ ഘടന തന്നെ യുക്തിപരമായി മാറ്റിയെഴുതാനും, ബജറ്റ് വെട്ടിച്ചുരുക്കാനും സംഘടനയുടെ ഇടപെടലുകള്‍ സജീവമാക്കാനും സാധിച്ചെന്നും തരൂര്‍ മനസ്സുതുറന്നു. അതേസമയം യുഎന്നിനെ നയിക്കാനായി മത്സരിക്കാനും ഇതെല്ലാം സാധ്യമാക്കുന്നതിനും തന്നെ പ്രാപ്‌തനാക്കിയത് പ്രസ്‌തുത സംഘടന തന്നെെയാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: 'ഒരാൾക്ക് ഒരു പദവി'; രാജ്യസഭ പ്രതിപക്ഷ നേതൃപദവി രാജിവച്ച് മല്ലികാർജുൻ ഖാർഗെ
പൊതു സംവാദത്തോട് യോജിപ്പ് :കോണ്‍ഗ്രസ് പോഷക സംഘടനയായ ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസിന്‍റെ സ്ഥാപക ചെയര്‍മാനെന്ന നിലയില്‍ 2017 മുതല്‍ ഇങ്ങോട്ടുള്ള അഞ്ച് വര്‍ഷത്തിനിടെ 20 സംസ്ഥാനങ്ങളില്‍ നിന്നായി 10,000 ലധികം പ്രതിഭാസമ്പന്നരെ സൃഷ്‌ടിക്കാന്‍ തനിക്ക് കഴിഞ്ഞു. പാര്‍ട്ടിയുടെ നിലവിലുള്ള സാഹചര്യം മോശമായതിനാല്‍ സംഘടനയുടെ പഴയ ഭാരങ്ങളില്‍ തങ്ങിനില്‍ക്കാതെ ഒരു പുതിയ വീക്ഷണകോണിൽ നിന്ന് സമീപിക്കാൻ കഴിയുന്നത് നേട്ടമായിരിക്കും.
പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളില്‍ കാണുന്നത് പോലെ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥികൾക്കിടയിൽ പൊതു സംവാദം ആവശ്യമുണ്ടോ എന്നും ഇത് മത്സരാര്‍ഥികളെ സഹായിക്കുമോ എന്നുമുള്ള ചോദ്യത്തിന് 'ഈ ആശയത്തോട് താന്‍ ചേര്‍ന്ന് നിൽക്കും' എന്നായിരുന്നു അറുപത്തിയാറുകാരനായ തരൂരിന്‍റെ മറുപടി.
സംവാദം ജനങ്ങളിലേക്കെത്താന്‍ : മത്സരാര്‍ഥികളായ തങ്ങള്‍ക്കിടയില്‍ പ്രത്യയശാസ്‌ത്രപരമായ വ്യത്യാസങ്ങളൊന്നുമില്ല. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് എങ്ങനെ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ചുള്ള ചോദ്യമാണ് അവശേഷിക്കുന്നതെന്നും ശശി തരൂര്‍ എംപി പറഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിക്കും വോട്ടെടുപ്പിനുള്ള തീയതിക്കും ഇടയിൽ ഏകദേശം രണ്ടര ആഴ്ചകളാണുള്ളത്. ഈ കുറഞ്ഞ സമയത്തിനുള്ളില്‍ 9,000-ത്തോളം വരുന്ന പ്രതിനിധികളെ സമീപിക്കുന്നത് പ്രായോഗികമായും യുക്തിപരമായും ബുദ്ധിമുട്ടായിരിക്കുമെന്നും തരൂര്‍ വ്യക്തമാക്കി.