ന്യൂഡൽഹി:കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി രാജ്യസഭ പ്രതിപക്ഷ നേതൃപദവി രാജിവച്ച് മല്ലികാർജുൻ ഖാർഗെ. ഒരാൾക്ക് ഒരു പദവി എന്ന തീരുമാനത്തിന് അനുസൃതമായാണ് സ്ഥാനം രാജി വച്ചതെന്ന് മല്ലികാർജുൻ ഖാർഗെ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ഔദ്യോഗിക പ്രചാരണം ഇന്ന്(ഒക്‌ടോബര്‍ 2) ആരംഭിക്കുമെന്നും ഖാർഗെ അറിയിച്ചു.
ആരെയും എതിർക്കാനല്ല, പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ഖാർഗെ വ്യക്തമാക്കി. മുതിർന്ന നേതാക്കളും യുവ നേതാക്കളും ഒരുപോലെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്. രാജ്യത്ത് തൊഴിലില്ലായ്‌മ, പണപ്പെരുപ്പം, സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം എന്നിവ കൂടുകയാണ്. ബിജെപി നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കപ്പെടുന്നില്ല എന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടി നേതാക്കളുടെയും പോഷക സംഘടനകളുടെയും സഹകരണം അഭ്യർഥിച്ച ഖാർഗെ, താൻ എല്ലാ തീരുമാനങ്ങളും കൂടിയാലോചിച്ച് എടുക്കുമെന്നും മാറ്റം വേണമെങ്കിൽ ആലോചിച്ച് നടപ്പാക്കുമെന്നും അറിയിച്ചു. ഗാന്ധി കുടുംബത്തിന്‍റെ പിന്തുണയുണ്ടെന്ന അഭ്യൂഹങ്ങളെ തള്ളിയ ഖാർഗെ, മറ്റ് നേതാക്കളാണ് മത്സരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും അറിയിച്ചു.