ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 17 ന്. ഞായറാഴ്‌ച (ഓഗസ്റ്റ് 28) ന് നടന്ന കോൺഗ്രസ് പ്രവര്‍ത്തക സമിതിയുടേതാണ് ഈ തീരുമാനമെന്ന് പാര്‍ട്ടിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഒന്നില്‍ കൂടുതല്‍ സ്ഥാനാര്‍ഥികളുടെ പേരുകള്‍ വന്ന് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഒക്‌ടോബര്‍ 19 ന് വോട്ടെണ്ണല്‍ നടത്തും.
കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് തുടങ്ങിയവര്‍ വെര്‍ച്വലായി നടന്ന യോഗത്തിൽ പങ്കെടുത്തു. പാർട്ടിയുടെ തകർച്ചയ്‌ക്ക് കാരണം മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധിയെന്ന് കുറ്റപ്പെടുത്തി മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്‍റെ രാജിക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം.