ന്യൂഡല്‍ഹി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതാക്കള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധനാനടപടികള്‍ പൂര്‍ത്തിയായി. ജാർഖണ്ഡ് മുൻ മന്ത്രി കെഎൻ ത്രിപാഠിയുടെ പത്രിക തള്ളി. ഇതോടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തെരഞ്ഞെടുപ്പില്‍ കൊമ്പുകോര്‍ക്കും.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്‍റെ അവസാന ദിനമായ സെപ്‌റ്റംബര്‍ 30നാണ് മൂന്നുപേരും അപേക്ഷ സമര്‍പ്പിച്ചത്. 20 പത്രികകളാണ് ആകെ ലഭിച്ചതെന്നും അതില്‍ നാലെണ്ണം നിരസിച്ചതായും എഐസിസി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്‌ത്രി ഇന്ന് (ഒക്‌ടോബര്‍ ഒന്ന്) വൈകിട്ട് വിളിച്ച വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഖാർഗെ 14 പത്രികകളും തരൂർ അഞ്ചും ത്രിപാഠി ഒന്നുമാണ് നല്‍കിയത്.