തിരുവനന്തപുരം:കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ ഫലം എന്തായാലും പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന സമ്പ്രദായം മാറ്റാന്‍ സാധിച്ചുവെന്ന് ശശി തരൂര്‍. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും തനിക്കെതിരെയുള്ള സാധ്യതകൾ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ട്, പാര്‍ട്ടിയുടെ ഭാവി പ്രവര്‍ത്തകരുടെ കൈകളില്‍': ശശി തരൂര്‍
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ഇന്ന് രാവിലെ 10 മണിക്കാണ് ആരംഭിച്ചത്. മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെയാണ് ശശി തരൂര്‍ മത്സരിക്കുന്നത്
'കോൺഗ്രസ് പാർട്ടിയുടെ വിധി പാർട്ടി പ്രവർത്തകരുടെ കൈകളിലാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാവിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വിളിച്ച് ജയം ആശംസിച്ചിരുന്നു', തരൂര്‍ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് പാർട്ടിയിലെ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെയാണ് തരൂര്‍ മത്സരിക്കുന്നത്.
ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 4 മണിക്ക് അവസാനിക്കും. ഒക്‌ടോബർ 19നാണ് ഫലം പ്രഖ്യാപിക്കുക. 9,000-ത്തിലധികം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) പ്രതിനിധികളാണ് പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകുന്നത്.