ന്യൂഡല്‍ഹി :''രാഹുൽ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ആവുമോ ഇല്ലയോ..?'' ദേശീയ നേതാക്കള്‍ തൊട്ട് താഴേക്കിടയിലെ അണികള്‍ വരെ പരസ്‌പരം ഈ ചോദ്യമുയര്‍ത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. മാധ്യമങ്ങളും ഇക്കാര്യം പലതവണ ഏറ്റെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് നിലവില്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇക്കാര്യം വീണ്ടും ചര്‍ച്ചയായത്. ഇതോടെ, വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്, കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി.
"തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിനിധികളുടെ പട്ടിക തയ്യാറായിട്ടുണ്ട്. ഞങ്ങള്‍ ഒരു തെരഞ്ഞെടുപ്പിന് തയ്യാറാണ്. എന്നാല്‍, തീയതിയെക്കുറിച്ചുള്ള തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാണ്.'' മധുസൂദൻ മിസ്ത്രി ദേശീയ വാര്‍ത്താഏജന്‍സിയോട് ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി. അതേസമയം, പ്രവർത്തകരുടെ ആഗ്രഹത്തിന് വഴങ്ങിയെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ രാഹുല്‍ മത്സരിച്ചേക്കുമോ എന്നതിനെക്കുറിച്ച് ആത്മവിശ്വാസത്തോടെ പറയാൻ 'ഗാന്ധി കുടുംബവുമായി' നല്ല അടുപ്പമുള്ള നേതാക്കള്‍ക്കുപോലും കഴിയുന്നില്ലെന്നതാണ് വസ്‌തുത.
രാഹുല്‍ അല്ലെങ്കില്‍ പിന്നെ..? :പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ താനില്ലെന്ന് നേരത്തേ അദ്ദേഹം പ്രഖ്യാപിച്ചതാണ്. ഈ നിലപാടിൽ കുറച്ച് ദിവസങ്ങൾക്ക് മുന്‍പുവരെ മയമുണ്ടായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. കോണ്‍ഗ്രസ് പാർട്ടിയിലെ ഭൂരിഭാഗം ആളുകളും രാഹുൽ ഗാന്ധി വീണ്ടും പ്രസിഡന്‍റാകണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, രാഹുലിന് മനംമാറ്റം ഒന്നും ഇതുവരെ ഉണ്ടാവാത്ത സ്ഥിതിക്ക് സോണിയ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവരുന്ന 'അനൗദ്യോഗിക നിലപാട്'. സോണിയ ഗാന്ധിക്ക് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ വീണ്ടും അവര്‍ സ്ഥാനം ഏറ്റെടുക്കേണ്ടിവന്നാല്‍ ഉണ്ടായേക്കാവുന്ന ചില പ്രതിസന്ധികളെക്കുറിച്ച് ആശങ്കകള്‍ ഉയരുന്നുണ്ട്.
ഈ സാഹചര്യത്തില്‍ മുതിർന്ന നേതാക്കൾക്ക് അവരെ സഹായിക്കാൻ കഴിഞ്ഞേക്കുമെന്നാണ്, പാര്‍ട്ടിയിലെ ഒരു മുതിർന്ന നേതാവിന്‍റെ നിരീക്ഷണം. അടുത്ത ആഴ്‌ചയ്‌ക്കുള്ളിൽ തന്നെ വിഷയത്തിൽ വ്യക്തതയുണ്ടാകും. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് പേര് വെളിപ്പെടുത്തരുതെന്ന് വ്യവസ്ഥയുണ്ട്. ഇക്കാരണം കൊണ്ടുതന്നെ വിശദീകരിച്ചുപറയാന്‍ മുതിര്‍ന്ന നേതാക്കള്‍ ആരും തന്നെ തയ്യാറാവുന്നില്ല. അതേസമയം, രാജ്യത്ത് പാർട്ടി അധ്യക്ഷ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് വേണ്ടത്ര ജനാധിപത്യപരമല്ലെന്ന വിമര്‍ശനവുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ റഷീദ് കിദ്വയ് രംഗത്തെത്തുകയുണ്ടായി. പാർട്ടി ഭേദമന്യേ ഇക്കാര്യത്തില്‍ അങ്ങനെയാണെന്നാണ് കിദ്വയിയുടെ വൃക്തിപരമായ അഭിപ്രായം.
''തലപ്പത്ത് ഗാന്ധി കുടുംബമെത്തട്ടെ...'':"കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്ന ആള്‍ 2027 വരെ ആ സ്ഥാനത്ത് തുടരേണ്ടിവരും. ഇതുമായി ബന്ധപ്പെട്ടുള്ള രണ്ടാമത്തെ കാര്യമെന്നത്, പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായി 'ഇ.ഡി വേട്ട' (Enforcement Directorate) നടക്കുന്നതിനാല്‍ 'ഗാന്ധി കുടുംബത്തിലെ' ഒരാളെ തലപ്പത്ത് നിര്‍ത്തുന്നത് ഈ നീക്കം ചെറുക്കാന്‍ കുറച്ചെങ്കിലും നല്ലതെന്നാണ് പ്രതിപക്ഷം കരുതുന്നത്''.
''രാഹുലിനെ സംബന്ധിച്ചിടത്തോളം, അധ്യക്ഷ പദവി സ്വീകരിക്കാത്തതില്‍ വ്യക്തമായ കാരണങ്ങളുണ്ട്. ഇതിനുപുറമെ, രാജ്യത്ത് കുടുംബ വാഴ്‌ചയ്‌ക്കെതിരായ വികാരമുണ്ട്. ഇങ്ങനെയൊരു സാഹചര്യം അദ്ദേഹത്തെ 'ദുർബലനായ സ്ഥാനാർഥി'യാക്കി മാറ്റുന്നുണ്ട്. എന്നാല്‍, ഇതിനൊക്ക പുറമെ സോണിയ ഗാന്ധി തലപ്പത്ത് തുടരുന്നതും രണ്ടോ മൂന്നോ വർക്കിങ് പ്രസിഡന്‍റുമാരെ നിയമിക്കുന്നതും നല്ലതാണെന്ന് കരുതുന്നവര്‍ പാര്‍ട്ടിയിലുണ്ട്.'' '24 അക്ബർ റോഡ്: എ ഷോർട്ട് ഹിസ്റ്ററി ഓഫ് ദി പീപ്പിൾ ബിഹൈൻഡ് ദി ഫാൾ ആൻഡ് റൈസ് ഓഫ് ദി കോൺഗ്രസ്', എന്നിവ ഉൾപ്പടെ നിരവധി പുസ്‌തകങ്ങളെഴുതിയ റഷീദ് കിദ്വയ് വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.