ന്യൂഡൽഹി : ഒക്‌ടോബർ 17ന് നടക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനായുള്ള വോട്ടർപട്ടിക എത്രയും വേഗം പരസ്യപ്പെടുത്തണമെന്ന ചില മുതിർന്ന നേതാക്കളുടെ ആവശ്യം തള്ളി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി. മുതിർന്ന നേതാക്കൾ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നത് നിക്ഷിപ്‌ത താൽപ്പര്യങ്ങൾ കൊണ്ടാണെന്നും പാർട്ടി ഭരണഘടനയ്ക്ക് അനുസൃതമായാണ് തീരുമാനങ്ങളെടുക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി വൃത്തങ്ങൾ ഇടിവി ഭാരതിനോട് പറഞ്ഞു.
ഇതുവരെ വോട്ടർ പട്ടികയിൽ ഒരു പ്രശ്‌നവുമില്ല. പാർട്ടി ഭരണഘടനയനുസരിച്ച് സെപ്റ്റംബർ 24 നും 30 നും ഇടയിൽ, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന എല്ലാവർക്കും വോട്ടർ പട്ടികയുടെ പകർപ്പ് ലഭ്യമാക്കും. നാമനിർദ്ദേശ പത്രികകൾ അവസാനിച്ചതിന് ശേഷം വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും - കമ്മിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.
സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഐകകണ്‌ഠേന അംഗീകാരം നൽകിയതിന് പിന്നാലെയാണ്, ഓഗസ്റ്റ് 28 ന് പുതിയ കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള പുതുക്കിയ ഷെഡ്യൂൾ സിഇസി ചെയർമാൻ മധുസൂദൻ മിസ്ത്രി പ്രഖ്യാപിച്ചത്. അതേസമയം കോണ്‍ഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ മുതിർന്ന നേതാവ് ആനന്ദ് ശർമ വോട്ടർപട്ടികയെ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
എന്നാൽ വർക്കിങ് കമ്മിറ്റി യോഗത്തിൽ വോട്ടർ പട്ടിക ചോദ്യം ചെയ്യപ്പെട്ടെന്ന കാര്യം കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് ജയറാം രമേഷ് നിഷേധിച്ചിരുന്നു. അതേസമയം ലോക്‌സഭാംഗങ്ങളായ മനീഷ് തിവാരിയും കാർത്തി ചിദംബരവും പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായി നടപ്പാക്കാന്‍ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തുകയും ചെയ്തു.
എതിർപ്പുമായി മനീഷ് തിവാരി : 'മിസ്ത്രി ജിയോടുള്ള എല്ലാ ആദരവോടെയും പറയട്ടെ, പൊതുവായി ലഭ്യമായ വോട്ടർ പട്ടികയില്ലാതെ എങ്ങനെ ന്യായവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് നടത്താൻ കഴിയും? വോട്ടർമാരുടെ പേരും വിലാസവും പാർട്ടി വെബ്‌സൈറ്റിൽ സുതാര്യമായ രീതിയിൽ പ്രസിദ്ധീകരിക്കണം - തിവാരി ആവശ്യപ്പെട്ടു.
പാർട്ടിയിലെ ഒരു അംഗത്തിന് വേണമെങ്കിൽ പിസിസി ഓഫിസിൽ ലിസ്റ്റ് പരിശോധിക്കാമെന്ന് നിങ്ങൾ പറഞ്ഞിട്ടുണ്ട്. വരണാധികാരികൾ ആരാണെന്ന് അറിയാൻ ഒരാൾ എന്തിന് പിസിസി ഓഫിസിൽ പോകണം? നീതിയുടെയും സുതാര്യതയുടെയും താൽപര്യം കണക്കിലെടുത്ത് മുഴുവൻ വോട്ടർമാരുടെ പട്ടികയും പാർട്ടി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാൻ അഭ്യർഥിക്കുന്നു - തിവാരി കൂട്ടിച്ചേർത്തു.
തിവാരിയെ പിന്തുണച്ച് കാർത്തി ചിദംബരം : എല്ലാ തെരഞ്ഞെടുപ്പുകൾക്കും കൃത്യമായ നിർവചിക്കപ്പെട്ടതും വ്യക്തവുമായ ഇലക്‌ടറൽ കോളജ് ആവശ്യമാണ്. ഇലക്‌ടറൽ കോളജ് രൂപീകരിക്കുന്ന പ്രക്രിയ വ്യക്തവും നന്നായി നിർവചിക്കപ്പെട്ടതും സുതാര്യവുമായിരിക്കണം. ആർക്കെല്ലാം വോട്ട് ചെയ്യാൻ അർഹതയുണ്ട്, എന്ത് അടിസ്ഥാനത്തിലാണ് അവർ യോഗ്യരായത് എന്ന് ആർക്കെങ്കിലും ലോകത്തോട് പറയാൻ കഴിയുമോ - കാർത്തി ചിദംബരം ചോദിച്ചു.