കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഗാന്ധി കുടുംബത്തില്‍ നിന്ന് ആരുമില്ലെന്ന് ഉറപ്പായതോടെ മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. സോണിയ ഗാന്ധിയ്‌ക്കും രാഹുല്‍ ഗാന്ധിയ്‌ക്കും വളരെധികം അടുപ്പമുള്ള രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പാര്‍ട്ടി 'ഔദ്യോഗിക സ്ഥാനാര്‍ഥി'യായി അവതരിപ്പിച്ചേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. പിന്നാലെ, ജി 23 ഗ്രൂപ്പിലെ പ്രമുഖനായ ശശി തരൂരും മനീഷ് തിവാരിയും പുറമെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥും ഈ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
'ഗാന്ധി'യുടെ പകരക്കാരനായി തെരഞ്ഞെടുപ്പ്:തരൂരിന്‍റെ പ്രതിനിധി എഐസിസി ആസ്ഥാനത്തെത്തി ഇന്നലെ (സെപ്‌റ്റംബര്‍ 24) നാമനിര്‍ദേശ പത്രിക കൈപ്പറ്റിയിട്ടുണ്ട്, അതും അഞ്ചെണ്ണം. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ, രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് ശേഷം അധ്യക്ഷ പദവിയിലേക്കുള്ള നാലാമത്തെ തെരഞ്ഞെടുപ്പിനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ഉറപ്പായതോടെ 24 വർഷത്തിന് ശേഷമാണ് ഈ പദവിയിലേക്ക് 'ഗാന്ധിയല്ലാത്ത' ഒരാളെത്താന്‍ വഴിയൊരുങ്ങുന്നത്.
'അനിവാര്യമെങ്കില്‍ തെരഞ്ഞെടുപ്പ് നടക്കും': ''കാമരാജ് മാതൃകയിലുള്ള സമവായത്തില്‍ ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. തെരഞ്ഞെടുപ്പ് അനിവാര്യമാണെങ്കിൽ ഞങ്ങൾ ആ പ്രക്രിയ നടത്തും. ഇത്തരത്തില്‍ സമീപനമുള്ള ഒരേയൊരു രാഷ്‌ട്രീയ പാർട്ടിയാണ് ഞങ്ങള്‍. തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ ഒക്‌ടോബർ 17 ന് തന്നെ നടക്കും''. - അധ്യക്ഷ പദവി തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ചൂടുപിടിച്ചിരിക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. നേതാക്കള്‍ സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോവാതെ പാര്‍ട്ടി ശക്തിപ്പെടുത്താന്‍ മുന്നിട്ടുനില്‍ക്കുക എന്നതാണ് കാമരാജ് മാതൃകയിലുള്ള സമവായം.
കോൺഗ്രസ് പാർട്ടിക്ക് മാത്രമാണ് ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് സംവിധാനമുള്ളത്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ സംഘടന തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ, സ്വതന്ത്ര തെരഞ്ഞെടുപ്പ് അതോറിറ്റി രൂപീകരിക്കുന്ന ഒരേയൊരു പാർട്ടി തങ്ങളുടേതാണെന്നും ജയ്‌റാം രമേശ് ചൂണ്ടിക്കാണിച്ചു.
'നെഹ്റുവിന്‍റെ ആള്‍' തോറ്റ തെരഞ്ഞെടുപ്പ്:1950ലെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഓര്‍ത്തെടുക്കുകയാണെങ്കില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മുന്നോട്ടുവച്ച സ്ഥാനാർഥി ആചാര്യ കൃപലാനി, പുരുഷോത്തം ദാസ് ടണ്ടനോട് പരാജയപ്പെടുകയാണുണ്ടായത്. രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് മുന്‍പ് 1939ല്‍ മഹാത്മാഗാന്ധി നിര്‍ദേശിച്ച സ്ഥാനാർഥി പി സീതാരാമയ്യ, നേതാജി സുഭാഷ് ചന്ദ്രബോസിനോടും തോറ്റു.
'തെരഞ്ഞെടുപ്പില്‍ മാറ്റമില്ല':ഇങ്ങനെ രണ്ട് അവസരങ്ങളില്‍ 'ഔദ്യോഗിക സ്ഥാനാർഥികൾ' പരാജയപ്പെട്ടിട്ടുണ്ട്. നിലവിലെ കാര്യങ്ങള്‍വച്ച് രണ്ട് സ്ഥാനാർഥികൾക്ക് സാധ്യതയുണ്ടെന്ന് ഞങ്ങൾക്കറിയാം. മത്സരിക്കാന്‍ ഗെലോട്ടും തരൂരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതിനാൽ തീര്‍ച്ചയായും ഒക്‌ടോബർ 17 ന് തെരഞ്ഞെടുപ്പ് ഉണ്ടാകും - ജയ്‌റാം രമേശ് വ്യക്തത വരുത്തി.
'സ്ഥിതി ഗെലോട്ടിന് അനുകൂലം':''24 വര്‍ഷത്തിന് ശേഷം ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ കോൺഗ്രസ് നേതൃത്വത്തിലേക്ക് എത്താനിരിക്കുന്ന തെരഞ്ഞെടുപ്പ് സമാനതകളില്ലാത്തതാണ്. അതുകൊണ്ടുതന്നെ ഇത് ചരിത്രമാണ്''. - പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോൺഗ്രസ് ചരിത്രകാരനുമായ റഷീദ് കിദ്വായ് തന്‍റെ അഭിപ്രായം പങ്കുവയ്‌ക്കുന്നു. തെരഞ്ഞെടുപ്പ് നിഷ്‌പക്ഷമായി നടത്തുമോ അതോ ഗെലോട്ടിനെ മാത്രം മുന്നോട്ടുവയ്‌ക്കുന്ന സ്ഥിതിയിലെത്തുമോ എന്നതാണ് ഇനി കാണാനുള്ളത്”- കിദ്വായ് പരിഹസിക്കുന്നു.
നിലവിലെ സ്ഥിതിഗതികള്‍ ഗെലോട്ടിന് അനുകൂലമാണ്. തരൂര്‍ തിരുവനന്തപുരം എംപി ആയതിന് സമാനമായുള്ള വോട്ട് അദ്ദേഹത്തിന് ലഭിച്ചേക്കണമെന്നില്ല. സ്വാതന്ത്ര്യാനന്തരം ഗാന്ധി കുടുംബത്തിൽ നിന്നുള്ള ആള്‍ 40 വർഷമാണ് പാർട്ടിയുടെ തലപ്പത്തിരുന്നതെന്നും കിദ്വായ് പറഞ്ഞു.