സിനിമകള്‍ രാഷ്‌ട്രീയം പറയാറുണ്ട്. എന്നാല്‍ തീര്‍ത്തും രാഷ്‌ട്രീയം പറയാതെ പോയ സിനിമകളിലും സംഭാഷണങ്ങളിലൂടെയെങ്കിലും രാഷ്‌ട്രീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ പറഞ്ഞുപോയിട്ടുമുണ്ട്. മലയാളത്തിന്‍റെ പ്രിയങ്കരനായ നടന്‍ മോഹന്‍ലാലിന്‍റെ സൂപ്പര്‍ഹിറ്റ് ചലച്ചിത്രമായ ആറാംതമ്പുരാനില്‍ ഒരു ഡയലോഗുണ്ട്. അധികാരം മുഴുവന്‍ കൈയാളുന്ന ട്രസ്‌റ്റ് എന്നു പറഞ്ഞാല്‍ 'ഞാനും അപ്പനും അപ്പന്‍റെ പെങ്ങള്‍ സുഭദ്രയുമാണെന്ന്'. നീണ്ട അറുപത് വര്‍ഷത്തിലധികം ഇന്ത്യ എന്ന മഹാരാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഇതുപോലെ ഒന്നേ പറയാനുള്ളു. പാര്‍ട്ടിയെന്നാല്‍ മുത്തശ്ശിയും മക്കളും മക്കളുടെ മക്കളുമാണെന്ന്.
കോൺഗ്രസ് 'കുടുംബത്തിന്' അധ്യക്ഷൻ അറിയണം 'ആ കുടുംബ കഥ' 1885ല്‍ അലന്‍ ഒക്‌ടേവിയന്‍ ഹ്യൂം എന്ന വിദേശിയുടെ ആശയത്തില്‍ ജന്മം കൊണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് രക്തവും ഊര്‍ജവും നല്‍കിയ പ്രസ്ഥാനം. വർഷങ്ങൾക്കിപ്പുറം ആൾക്കൂട്ടം മാത്രമാണെന്ന ആക്ഷേപത്തിലും ആരോപണത്തിലും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനവിഭാഗവും പ്രതീക്ഷ വെക്കുന്നത് കൊളോണിയലിസത്തിന്‍റെ വേരറുത്ത് ജനാധിപത്യ ആശയങ്ങളും ദേശീയതയും പഠിപ്പിച്ച ഇന്ത്യൻ നാഷണല്‍ കോൺഗ്രസ് എന്ന ദേശീയ പ്രസ്ഥാനത്തെയാണ്. എന്നാല്‍, ഒരു ചോദ്യം മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പോലും ശരിയായി ഇല്ലാത്ത ഒരു പാര്‍ട്ടിക്ക് എങ്ങനെ ജനാധിപത്യത്തിന്‍റെ വക്താക്കളാകാന്‍ കഴിയും?.
'തലയാകാൻ വിശ്വപൗരനോ വിശ്വസ്തനോ'?:കോണ്‍ഗ്രസില്‍ അതിന്‍റെ നേതൃമാറ്റ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടന്നുകഴിഞ്ഞു. വരുന്ന ഒക്‌ടോബര്‍ 19 ന് പാര്‍ട്ടി അവരുടെ അധ്യക്ഷനെ തെരഞ്ഞെടുക്കും. കോണ്‍ഗ്രസ് അതിന്‍റെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ അധ്യക്ഷ തെരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുണ്ട്. ഹിന്ദി ഹൃദയഭൂമിയിലും തെക്കും വടക്കുമെല്ലാം ഏതാണ്ട് കോണ്‍ഗ്രസ് എന്ന പേരുപോലും ജനം മറന്നുകൊണ്ടിരിക്കുമ്പോള്‍ പാര്‍ട്ടിയെ അതിന്‍റെ പ്രതാപകാലത്തിലേക്ക് എത്തിക്കുക എന്ന ചരിത്രനിയോഗമാണ് വരാനിരിക്കുന്ന അധ്യക്ഷന്‍റെ ചുമലിലുള്ള ഏറ്റവും വലിയ ഭാരം. അതുകൊണ്ടുതന്നെ വളരെയധികം രാഷ്‌ട്രീയ നേതൃപാടവമുള്ള രണ്ടുപേര്‍ തന്നെയാണ് കളത്തിലിറങ്ങിയിരുന്നത്. ഒന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മറ്റൊന്ന് ശശി തരൂരും.
ഒരു മത്സരം നടക്കുന്നതിന് മുമ്പേ ഒരിടത്തും അതിന്‍റെ ഫൈനല്‍ സ്‌കോര്‍ കാര്‍ഡ് ഉയര്‍ത്തിക്കാണിച്ചതായി കേട്ടുകാണില്ല. എന്നാല്‍ കോണ്‍ഗ്രസ് ഇവിടെയും വ്യത്യസ്ഥരാണ്. തെരഞ്ഞെടുപ്പിനും വോട്ടെണ്ണലിനും മുന്നേ ഒരാള്‍ വിജയം ഉറപ്പിച്ച് കഴിഞ്ഞിരിക്കുന്നു. വലിയ അത്‌ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെ 'വാഴിക്കപ്പെടും'. സാധാരണമായി രാജകുടുംബത്തിലും ജനാധിപത്യ രീതിയിലല്ലാത്ത ഘട്ടങ്ങളിലും പറയാറുള്ള വാഴിക്കല്‍ എന്ന പദം തന്നെയാകും അതിന് ഏറ്റവും അനുയോജ്യം. കാരണം, വലിയൊരു പ്രാസംഗികനോ ക്രൗഡ് പുള്ളറോ അല്ലാത്ത, അണികള്‍ക്കിടയിലെ ഹീറോയോ ജനനായകനോ അല്ലാത്ത ഖാര്‍ഗെ ആള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തലപ്പത്തേക്ക് വന്നിട്ടുണ്ടെങ്കില്‍ അതിന് ഒരൊറ്റ കാരണമേ ഉള്ളു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ നെഹ്‌റു കുടുംബത്തിന്‍റെ 'ഗുഡ് ലിസ്‌റ്റില്‍' ഉള്‍പ്പെട്ടിട്ടുണ്ട് എന്നതു തന്നെ.
ശരശയ്യയില്‍ കിടക്കുന്ന പാര്‍ട്ടിയെ രക്ഷിക്കാന്‍ 75കാരിയായ സോണിയയില്‍ നിന്ന് 80 കാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്ഥാനമേല്‍ക്കുമ്പോള്‍ വ്യക്തമാകുന്ന ഒന്നുണ്ട്. കോണ്‍ഗ്രസിന് വേണ്ടത് പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുന്ന ഒരു നേതാവിനെയല്ല. മറിച്ച് നെഹ്റു കുടുംബത്തിന്‍റെ നോമിനിയായ, അവരോട് കൂറും വിശ്വാസ്യതയും പുലര്‍ത്തുന്ന അനുസരണയുള്ള ഒരു നേതാവിനെയാണെന്ന്. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആരെയും പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കില്ലെന്ന് സോണിയയും രാഹുലും ആണയിട്ട് പറയുമ്പോഴും അവരുടെ മനസ്സും, വലിയൊരു ശതമാനം നെഹ്‌റു കുടുംബത്തിന്‍റെ അനുകൂലികളുടെ വോട്ടും തുണക്കുക ഖാര്‍ഗെ എന്ന 80കാരനെ തന്നെയായിരിക്കും. കാരണം, ഇത് ഇന്ദിര ഗാന്ധി നയിച്ച കോണ്‍ഗ്രസാണ്. രാഷ്‌ട്രീയപരമായി വളര്‍ച്ചകളും മൂല്യപരമായി തളര്‍ച്ചകളും മാത്രം സംഭവിച്ച ഇന്ദിരയുടെ കോണ്‍ഗ്രസ്.
അധ്യക്ഷ പദമെന്ന 'അടുക്കള കസേര':കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് സോണിയ ഗാന്ധി എത്തിയിട്ട് 21 വര്‍ഷത്തിലധികമാകുന്നു. വ്യക്തമായി പറഞ്ഞാല്‍ 1998 ല്‍ സ്ഥാനമേല്‍ക്കുന്ന സോണിയ 2018 വരെയും തുടര്‍ന്ന് ഇടക്കാല അധ്യക്ഷയായും തുടരുന്നു. ജനാധിപത്യപരമായി മുന്നോട്ടുപോകുന്ന ഒരു പാര്‍ട്ടിയുടെ തലപ്പത്ത് ഒരാള്‍ക്ക് എങ്ങനെ ഇത്രയും കാലം ചോദ്യം ചെയ്യപ്പെടാതെ കടന്നുപോകാനാവും?. നിശ്ചിതകാലയളവില്‍ തെരഞ്ഞെടുപ്പും നേതൃമാറ്റവും വരാറുള്ള രാഷ്‌ട്രീയ സംഘടനകളില്‍ ചിലര്‍ക്ക് ഒന്നും രണ്ടും മൂന്നും ഊഴങ്ങള്‍ നീട്ടിക്കിട്ടിയേക്കാം. എന്നാല്‍ നേതൃസ്ഥാനത്തിന് ഒരു നിശ്ചിത കാലാവധിയില്ല എന്നൊരു സവിശേഷത കൂടിയുണ്ട് കോണ്‍ഗ്രസിന്.
എന്നാല്‍ ഒരു കാലഘട്ടം വരെ ഇങ്ങനെയൊന്നും അല്ലായിരുന്നു കോണ്‍ഗ്രസ്. വര്‍ഷാവര്‍ഷം ആരോഗ്യപരമായ തെരഞ്ഞെടുപ്പും അധ്യക്ഷമാറ്റവുമെല്ലാം കോണ്‍ഗ്രസിലുമുണ്ടായിരുന്നു. അതായത് 1885 ഡിസംബര്‍ 28 നാണ് കോണ്‍ഗ്രസിന്‍റെ ആദ്യ അധ്യക്ഷനായി വൊമേഷ് ചന്ദ്ര ചാറ്റര്‍ജി എത്തുന്നത്. തൊട്ടടുത്ത വര്‍ഷം 1886ല്‍ ദാദാ ബായ് നവറോജിയും, 87 ല്‍ ബദറുദ്ദീന്‍ തായാബ്‌ജിയും 88 ല്‍ ജോര്‍ജ് യൂളുമെല്ലാം അധ്യക്ഷന്മാരായെത്തി. എന്തിനേറെ 1924 ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി സാക്ഷാല്‍ മഹാത്മാഗാന്ധിയുമെത്തി. മാത്രമല്ല ഈ കാലഘട്ടത്തില്‍ തന്നെ 1892ല്‍ ഡബ്ലിയു.സി ബാനര്‍ജിയും 1893 ല്‍ നവറോജിയും അധ്യക്ഷപദത്തിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെയെല്ലാം ആരോഗ്യപരമായ ഒരു മത്സരമോ ഐക്യകണ്‌ഠേനയുള്ള തെരഞ്ഞെടുപ്പോ നടന്നിട്ടുമുണ്ട്.
ഇത്തരത്തില്‍ 1885 മുതല്‍ 1933 വരെ ഒരു വര്‍ഷം ഒരു അധ്യക്ഷന്‍ എന്ന രീതിയല്‍ കോണ്‍ഗ്രസില്‍ മാറ്റം വന്നുകൊണ്ടേയിരുന്നു. എന്നാല്‍ ഈ ക്രമം തെറ്റുന്നത് 1933ന് ശേഷമാണ്. അതായത് 1929 -30 കാലയളവില്‍ ജവഹര്‍ലാല്‍ നെഹ്‌റു കോണ്‍ഗ്രസ് അധ്യക്ഷനാകുന്നു. തീര്‍ത്തു ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ്. അദ്ദേഹത്തിന് ശേഷം സുഭാഷ് ചന്ദ്ര ബോസും, അബ്‌ദുല്‍ കലാം ആസാദും, രാജേന്ദ്ര പ്രസാദുമെല്ലാം കോണ്‍ഗ്രസ് അധ്യക്ഷന്മാരായെത്തി. ഇതിന് ശേഷം 1936, 37 വര്‍ഷങ്ങളിലും നെഹ്‌റു വീണ്ടും കോണ്‍ഗ്രസ് തലപ്പത്തേക്ക് എത്തുന്നു. തുടര്‍ന്നങ്ങോട്ട് കോണ്‍ഗ്രസ് നെഹ്‌റു കുടുംബത്തിന്‍റെ ദിശക്കനുസരിച്ചായിരുന്നു കാര്യങ്ങൾ നീങ്ങിയത്.
1948 ല്‍ സ്വതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നു. ഇതില്‍ നെഹ്‌റു നിര്‍ദേശിച്ച പട്ടാഭി സീതീരാമയ്യ വിജയിച്ച് അധ്യക്ഷനാകുന്നു. ഇദ്ദേഹത്തിന് ശേഷം പുരുഷോത്തം ദാസ് ടണ്ടനിനെതിരെ നെഹ്‌റു ആചാര്യ കൃപലാനിയെ നിര്‍ദേശിക്കുന്നു. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ടണ്ടന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നു. തൊട്ടടുത്ത വര്‍ഷം നെഹ്‌റു തന്നെ നേരിട്ട് മത്സരരംഗത്തെത്തി അധ്യക്ഷപദം തന്‍റെ കൈകളില്‍ സുഭദ്രമാക്കി. തുടര്‍ന്ന് 1952, 53, 54 വര്‍ഷങ്ങളിലും നെഹ്‌റു തന്നെ പാര്‍ട്ടി അധ്യക്ഷനായി വരുന്നു. മാത്രമല്ല 1955 ലെ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നെഹ്‌റുവിന്‍റെ നോമിനിയായി വിജയിച്ച യു.എന്‍ ദബര്‍ 1959 വരെ തുടര്‍ച്ചയായി നാല് തവണ അധ്യക്ഷപദം അലങ്കരിക്കുകയും ചെയ്യുന്നു.
1959 ലെ ഡല്‍ഹി സ്‌പെഷല്‍ സമ്മേളനത്തെ തുടര്‍ന്നുള്ള അധ്യക്ഷ തെരഞ്ഞെടുപ്പിലാണ് ഇന്ദിര ഗാന്ധി പാര്‍ട്ടിയുടെ തലപ്പത്തേക്ക് എത്തുന്നത്. പിതാവിന്‍റെ കാലത്ത് കാലാവധിയില്‍ ഇളവ് കൊണ്ടുവന്നെങ്കില്‍ മകള്‍ ഒരുപടി കൂടി കടന്ന് കോണ്‍ഗ്രസ് അധ്യക്ഷപദവും പ്രധാനമന്ത്രി പദവും ഒരുമിച്ച് കൊണ്ടുപോകാമെന്ന നീക്കുപോക്കും അവതരിപ്പിച്ചു. 1978 ല്‍ കോണ്‍ഗ്രസിനെ തന്നെ പരാജയപ്പെടുത്തി ഇന്ദിര കോണ്‍ഗ്രസായി ശക്തി തെളിയിച്ചതോടെ കോൺഗ്രസ് എന്നത് നെഹ്‌റു കുടുംബത്തിന്‍റേത് മാത്രമായി.
ഇന്ദിരക്ക് ശേഷം പ്രതിപക്ഷം ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളില്‍ രാഷ്‌ട്രപതി ഭരണത്തിന് ഉത്തരവിട്ട നീലം സഞ്ജീവ റെഡ്ഡി, അതിനുശേഷം പ്രധാനമന്ത്രി നരസിംഹ റാവും, പിന്നീട് മകന്‍ രാജീവ് ഗാന്ധി എന്നിവരിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍റെ കസേര നെഹ്‌റു കുടുംബത്തിലെ അംഗമോ അല്ലെങ്കില്‍ വിശ്വസ്ഥര്‍ക്കോ മാത്രമായി നല്‍കുന്ന രീതിയായി. അതിനുശേഷം വിശ്വസ്ഥനായി കണ്ട് സീതാറാം കേസരിയെ അധ്യക്ഷനാക്കിയതും സ്വീകാര്യനല്ലെന്ന് തോന്നിയ സമയത്ത് ആസ്ഥാന മന്ദിരത്തിലേക്ക് വിളിച്ചുവരുത്തി പ്രമേയം പാസാക്കി ഇറക്കിവിട്ടതും, സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദത്തിലെത്തിയതുമെല്ലാം ഈ രാജ്യം കണ്ടതാണ്.
നെഹ്‌റുവും ഗാന്ധിയും 'തോറ്റ' കോൺഗ്രസ്:കോണ്‍ഗ്രസില്‍ നടക്കുന്നത് നെഹ്‌റു കുടുംബത്തിന്‍റെ ഇഷ്‌ടങ്ങള്‍ മാത്രമാമെന്ന് വെറുതെ പറഞ്ഞുപോകാനുമാവില്ല. കാരണം അതിന് ചരിത്രം സാക്ഷിയാണ്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നെഹ്‌റുവിന്‍റെയും അതിലുമുപരി മഹാത്മാഗാന്ധിയുടെയും പോലും കണക്കുകൂട്ടലുകള്‍ തെറ്റിയിട്ടുണ്ട്. 1950 ലെ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ അന്നത്തെ പ്രധാനമന്ത്രി കൂടിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ആചാര്യ കൃപലാനിയെ നാമനിര്‍ദേശം ചെയ്യുന്നു. കോണ്‍ഗ്രസിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായ നെഹ്‌റുവിന്‍റെ നോമിനി സ്വാഭാവികമായും വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചുകയറുമെന്ന് തന്നെയാണ് ഒന്നടങ്കം എല്ലാവരും കരുതിയത്. എന്നാല്‍ നെഹ്‌റുവിന്‍റെ കണക്കുകൂട്ടലുകളെ അപ്പാടെ തോല്‍പ്പിച്ചുകൊണ്ട് പുരുഷോത്തം ദാസ് ടണ്ടന്‍ വിജയിക്കുകയാണുണ്ടായത്.
1950 ലെ തെരഞ്ഞെടുപ്പിലാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ വിശ്വസ്ഥന്‍ കൂടിയായ ടണ്ടന്‍ അധ്യക്ഷപദത്തിലെത്തുന്നത്. ഒരു മൃദുഹിന്ദുത്വ നേതാവാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നെഹ്‌റു ടണ്ടനിനെ തെരഞ്ഞെടുപ്പില്‍ എതിര്‍ത്തത്. അധ്യക്ഷനായ ശേഷവും നെഹ്‌റുവും ടണ്ടനുമായുള്ള അസ്വാരസ്യങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അതുകൊണ്ടുതന്നെ അധികം വൈകാതെ ടണ്ടന്‍ കോണ്‍ഗ്രസ് അധ്യക്ഷ കസേരയില്‍ നിന്ന് രാജിവച്ച് പോകുകയായിരുന്നു. തുടര്‍ന്ന് ഓരോ തവണ ലോക്‌സഭയിലേക്കും, രാജ്യസഭയിലേക്കും വിജയിച്ചുകയറിയ ടണ്ടന്‍ അനാരോഗ്യം കണക്കിലെടുത്ത് അധികം വൈകാതെ സജീവ രാഷ്‌ട്രീയത്തോട് വിട പറയുകയാണുണ്ടായത്. സ്വാതന്ത്ര്യത്തിനും മുമ്പ് 1939 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മഹാത്മാഗാന്ധി നിര്‍ദേശിച്ച പട്ടാഭി സീതാരാമയ്യ നേതാജി സുഭാഷ് ചന്ദ്രബോസിനോട് തോറ്റതും ചരിത്രത്തിന്‍റെ ഭാഗമാണ്.
എന്തിനാണീ പ്രഹസനം?:ഇത്തവണത്തെ അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് വന്നാല്‍ ഒക്‌ടോബര്‍ 17നാണ് കോണ്‍ഗ്രസ് അധ്യക്ഷ വോട്ടെടുപ്പ് നടന്നത്. AICC അംഗങ്ങളും, പ്രദേശ് കോണ്‍ഗ്രസ് അംഗങ്ങളുമായ 9,000 പ്രതിനിധികള്‍ക്കാണ് സമ്മതിദാനത്തിനുള്ള അവകാശമുണ്ടായിരുന്നത്. AICC ആസ്ഥാനത്തും, അതാത് സംസ്ഥാനങ്ങളിലും, കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള പാര്‍ട്ടി ആസ്ഥാനത്ത് തയ്യാറാക്കിയ ബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്. അപ്പോൾ ഉയരുന്ന ചോദ്യം എന്തിനായിരുന്നു ഇപ്പോള്‍ ഈ അധ്യക്ഷ തെരഞ്ഞെടുപ്പ് എന്നതാണ്. അതായത് പാര്‍ട്ടിയെ പൂര്‍ണമായും ശക്തിപ്പെടുത്താനും പാര്‍ട്ടി അണികള്‍ക്കും അനുഭാവികള്‍ക്കുമിടയിലെ വിശ്വാസം ഊട്ടി ഉറപ്പിക്കാനുമാണ് തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞുവെക്കാമെങ്കിലും നിലവിലെ അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമെല്ലാംഇനി തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്നറിയിച്ചതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.
ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നോ?:അതെ എന്നു ചിന്തിക്കുന്നവര്‍ക്ക് തെറ്റി. കാരണം പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പ് വേണമെന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹമാണ്, അല്ലാതെ കോണ്‍ഗ്രസ് നേതാക്കളുടേയല്ല. കഴിഞ്ഞ കുറച്ചു കാലമായി അധ്യക്ഷപദമൊഴിയുന്നു എന്ന സംസാരങ്ങളും ചര്‍ച്ചകളും വന്നപ്പോഴെല്ലാം 'തല്‍കാലം' കുറച്ചുകാലം കൂടി തുടരുക എന്ന സമവാക്യവുമായാണ് നേതാക്കള്‍ എത്തിയിരുന്നത്. ഒടുക്കം തുടര്‍ന്നങ്ങോട്ട് 'ഞങ്ങളില്ല' എന്ന് സോണിയയും രാഹുലും കട്ടായം പറഞ്ഞപ്പോഴാണ് തെരഞ്ഞെടുപ്പ് എന്ന പ്രക്രിയയിലേക്ക് നീങ്ങുന്നത് എന്നുമാത്രം.
സോണിയക്കും രാഹുലിനും ശേഷം മറ്റാരെങ്കിലും വരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിച്ചിരുന്നോ?: തുടക്കത്തില്‍ ആരുടെയും പേരുകള്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഐക്യകണ്‌ഠേന ഉയര്‍ന്നുവരാത്തതിനാല്‍ ഇത് തെരഞ്ഞെടുപ്പിലേക്ക് നീളുമെന്ന് നേതാക്കള്‍ ഉറപ്പിച്ചതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിലവിലെ അധ്യക്ഷ മുന്നോട്ടുവെക്കുന്ന നിര്‍ദേശം കയ്യടിച്ച് പാസാക്കാമെന്നുവച്ചാല്‍ അവര്‍ രണ്ടുപേരും ആരുടേയും പേരുകള്‍ പരസ്യമായി നിര്‍ദേശിച്ചതുമില്ല. പിന്നീട് രാഹുല്‍ തുടരണമെന്ന പതിവ് നാടകത്തിലും സമ്മതം ലഭിക്കാതായതോടെ മുതിര്‍ന്ന നേതാവ് ദ്വിഗ്‌വിജയ് സിംഗ് രംഗത്തുവന്നു. ഇത് കേട്ടപാടെ ജി23 യും, രാജസ്ഥാനില്‍ നിന്ന് ഗെലോട്ടിന്‍റെ പടയും ഇറങ്ങിയതോടെ അധ്യക്ഷ തെരഞ്ഞെടുപ്പല്ല, മറിച്ച് സംസ്ഥാന ഭരണ പ്രതിസന്ധി ഒഴിവാക്കലാണ് ബുദ്ധിയെന്ന് നേതൃത്വവും തീരുമാനിച്ചു.
ഇതിനിടയില്‍ ശശി തരൂര്‍ അധ്യക്ഷപദത്തിലേക്ക് പത്രിക സമര്‍പ്പിക്കുന്നുവെന്ന് അറിഞ്ഞതോടെയാണ് കോണ്‍ഗ്രസ് വീണ്ടും 'ഇലക്ഷന്‍ മോഡിലേക്ക്' മടങ്ങിയെത്തുന്നത്. തുടര്‍ന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരത്തിനിറങ്ങുന്നു എന്ന് വ്യക്തമായതോടെ തരൂര്‍ ഒഴികെയുള്ള 'ജി22' ഖാര്‍ഗെക്ക് പരസ്യ പിന്തുണയുമായി രംഗത്തുമെത്തി.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നോ?:തരൂര്‍ ഇപ്പോഴും വിശ്വസിക്കുന്നതും അല്ലെങ്കില്‍ തന്നെ പറഞ്ഞ് വിശ്വസിപ്പിക്കുന്നതും ഹൈക്കമാന്‍ഡിന് ഔദ്യോഗിക സ്ഥാനാര്‍ഥികളില്ല എന്ന സോണിയാജിയുടെ ഉറപ്പാണ്. താന്‍ മത്സരിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ രാഹുലും സോണിയയും രണ്ട് കൈയും വച്ച് അനുഗ്രഹിച്ചുവെന്ന് തരൂര്‍ അവകാശപ്പെടുന്നുവെങ്കിലും വിഷയം മറിച്ചാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയുണ്ട്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് എല്ലായിടത്തു നിന്നും പരസ്യമായ പിന്തുണ ലഭിക്കുന്നു എന്നതു മാത്രമല്ല ഖാര്‍ഗെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ അതില്‍ ആദ്യ ഒപ്പിട്ടത് എ.കെ ആന്‍ണിയാണ് എന്നതാണ്. ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശമില്ലാതെ ഇന്നേവരെ ഒന്ന് തുമ്മുക പോലും ചെയ്യാത്ത ആന്‍റണി പരസ്യമായി ഖാര്‍ഗെക്ക് പിന്തുണയര്‍പ്പിച്ച് എത്തിയിട്ടുണ്ടെങ്കില്‍ അത് പണ്ട് എഐസിസി ആസ്ഥാനത്ത് ഒരേ ടീമില്‍ കുട്ടിയും കോലും കളിച്ചുവെന്ന സ്നേഹത്തിന്‍റെ പുറത്തല്ല. മറിച്ച് ഹൈക്കമാന്‍ഡ് ഖാര്‍ഗെക്ക് ഒപ്പമുണ്ടെന്നുള്ള സൂചന തന്നെയാണ്.
മറ്റൊന്ന് ബിജെപിയോട് തെരുവുകളില്‍ യുദ്ധം ചെയ്‌തുകൊണ്ട് മുന്നേറുന്ന രാഹുല്‍ ഗാന്ധിയുടെ 'ഭാരത് ജോഡോ' യാത്രയുമായി ബന്ധപ്പെട്ടുള്ളതാണ്. അനാരോഗ്യവും തിരക്കും മുന്‍നിര്‍ത്തി ഭാരത് ജോഡോയുടെ ഭാഗമാകാതിരുന്ന സോണിയ, യാത്ര കര്‍ണാടകയിലെത്തിയപ്പോള്‍ 'ഫുള്‍ ഓണ്‍ ഫുള്‍ പവറില്‍' രംഗത്തെത്തി എന്നതാണ്. തന്നെ ആദ്യമായി സഭയിലേക്കെത്തിച്ച മണ്ഡലങ്ങളിലൊന്നായ 'ബെല്ലാരി'യോടുള്ള ഇഷ്‌ടം മൂത്താണ് കോണ്‍ഗ്രസ് അധ്യക്ഷ യാത്രയുടെ ഭാഗമാകുന്നത് എന്നത് പൂര്‍ണമായും വിശ്വസിക്കാനുമാകില്ല. കാരണം കോണ്‍ഗ്രസിന് കേരളത്തെ പോലെ തന്നെ സ്വാധീനമുള്ള കന്നട മണ്ണില്‍ നേരിട്ടെത്തി തങ്ങളുടെ വിശ്വസ്ഥന് വേണ്ടി വോട്ടഭ്യര്‍ഥിക്കുക തന്നെയാണ് ഉദ്ദേശം. ദസറയുടെ ഭാഗമായി രണ്ടുനാള്‍ നിര്‍ത്തിവച്ച യാത്രക്കിടയില്‍ സിദ്ധരാമയ്യ, ഡി.കെ ശിവകുമാര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ കാണാനും സംവദിക്കാനും കോണ്‍ഗ്രസ് അധ്യക്ഷക്ക് ഇഷ്‌ടം പോലെ സമയവും കിട്ടിക്കാണും. മാത്രമല്ല, ഖാര്‍ഗെയുടെ സ്വന്തം നാടായ കര്‍ണാടകയില്‍ യാത്രയുടെ ഭാഗമായി നേരിട്ടെത്തിയും, മറ്റിടങ്ങളില്‍ കൂടെ കൂട്ടിയുമെല്ലാം നടക്കുമ്പോള്‍ ഖാര്‍ഗെ ഹൈക്കമാന്‍ഡിന്‍റെ സ്ഥാനാര്‍ഥിയാണെന്ന് സമര്‍ഥിക്കാന്‍ മറ്റ് തെളിവുകള്‍ ആവശ്യമില്ല.
കഴിഞ്ഞദിവസം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ജയറാം രമേശ് പറഞ്ഞത് ഇങ്ങനെയാണ്: മെയിൻ ഷോ ഭാരത് ജോഡോ യാത്രയാണ്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സൈഡ് ഷോയുമാണ്. അതായത് എല്ലാം മുന്‍കൂട്ടി തീരുമാനിച്ച് വിജയിയെ തീരുമാനിച്ചുകൊണ്ടുള്ള വെറുമൊരു 'പ്രിവ്യൂ ഷോ' മാത്രമാണ് ഈ തെരഞ്ഞെടുപ്പ്.
തരൂരിനോട് എന്താണിത്ര കലിപ്പ്?:എല്ലാത്തിലുമുപരി ജനം ഒന്നടങ്കം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നേതാക്കള്‍ക്ക് തരൂരിനോട് എന്താണിത്ര അസഹിഷ്‌ണുത, തരൂര്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസിന്‍റെ മുന്നോട്ടുള്ള അവസ്ഥയെന്ത്? വിശ്വപൗരനെന്നും, കോണ്‍ഗ്രസിന്‍റെ സ്വകാര്യ അഹങ്കാരം എന്നുമെല്ലാം ഈ അടുത്ത നാളുകളില്‍ വരെ പാടി നടന്നവരാണ് അങ്ങ് എഐസിസി ആസ്ഥാനം മുതല്‍ ഇങ്ങ് സംസ്ഥാന നേതാക്കള്‍ വരെ. ഐക്യരാഷ്‌ട്ര സംഘടനയുടെ സമിതിയില്‍ നേതൃസ്ഥാനം അലങ്കരിച്ച് ഇന്ത്യക്ക് അഭിമാനമായ, തിരുവനന്തപുരത്ത് കടുത്ത അടിയൊഴുക്കുകളെ അതിജീവിച്ച് തുടരെ തുടരെ ലോക്‌സഭയിലേക്ക് ജയിച്ചുകയറിയ തരൂരിനെ ഒട്ടിമിക്ക നേതാക്കള്‍ക്കും നല്ല മതിപ്പാണ്. നരേന്ദ്ര മോദിയുടേയും, പിണറായി വിജയന്‍റെയും നല്ല നടപടികള്‍ക്ക് കയ്യടിച്ച വിഷയങ്ങളിലും, അദ്ദേഹത്തിന്‍റെ സ്വകാര്യ ജീവിതവുമായും മാത്രമാകും കുറച്ചുപേര്‍ക്കെങ്കിലും എതിര്‍പ്പ് ഉണ്ടാകുക. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ പത്രിക കൊടുത്തുവെന്ന് അറിഞ്ഞപ്പോള്‍ കേരളത്തിലെ നേതാക്കള്‍ പോലും തരൂരിന് പിന്തുണയുമായി എത്തിയില്ല എങ്കില്‍ അതിന് ഒരു കാരണമേയുള്ളു.
അധ്യക്ഷനാകാനുള്ള പത്രികക്കൊപ്പം അദ്ദേഹം പ്രകാശനം ചെയ്‌ത പ്രകടന പത്രികയില്‍ പറയുന്ന പ്രധാന വാഗ്‌ദാനം കോണ്‍ഗ്രസിന്‍റെ മേല്‍ ഘടകം മുതല്‍ കീഴ്ഘടകം വരെ അഴിച്ചുപണിയുണ്ടാകും എന്നതാണ്. പിന്നീട് ഒന്നു മയപ്പെടുത്തി സോണിയയും രാഹുലും ഉള്‍പ്പെടുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് എന്നും ഉന്നത പരിഗണന തന്നെയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും നേതാക്കള്‍ക്ക് തരൂരില്‍ വിശ്വാസമില്ല. കാരണം ഗ്രൂപ്പുകള്‍ക്ക് അതീതനായ തരൂര്‍ ഇത്തരം വിപ്ലവകരമായ തീരുമാനങ്ങളെടുത്താല്‍ പലരുടേയും കസേരകളും, ഉന്നത പരിഗണനകളും ആടിയുലയും. അതോടെ എതിര്‍പ്പും തുടങ്ങി.
കേരളം മാത്രം പരിഗണിച്ചാല്‍ കെപിസിസി അധ്യക്ഷന്‍ പരസ്യമായി ഖാര്‍ഗെയെ പിന്തുണച്ചതും, മുതിര്‍ന്ന നേതാക്കള്‍ ഖാര്‍ഗെക്ക് ഒപ്പമാണെന്ന് വ്യക്തമാക്കിയതും, രമേശ് ചെന്നിത്തല ഖാര്‍ഗെക്കായി നേരിട്ട് പ്രചരണങ്ങള്‍ക്ക് രംഗത്തിറങ്ങിയതുമെല്ലാം ഇതിന്‍റെ പ്രതിഫലനങ്ങളായി കാണാം. കാരണം കോണ്‍ഗ്രസിന്‍റെ ജീവശ്വാസത്തെക്കാള്‍ ചിലര്‍ക്കെല്ലാം വലുത് അവരവരുടെ കസേരകള്‍ തന്നെയാണ്. ആര്‍ക്കും പ്രത്യേക പരിഗണന ലഭ്യമാക്കില്ലെന്നും, നേതാക്കളുടെ പരസ്യ പ്രസ്‌താവനകള്‍ വിലക്കിയും അധ്യക്ഷ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന മധുസൂദനന്‍ മിസ്‌ത്രി സര്‍ക്കുലര്‍ ഇറക്കിയെങ്കിലും എതിര്‍പ്പുകളായും, രഹസ്യമായുമെല്ലാം ഇതെല്ലാം തുടര്‍ന്നുകൊണ്ടേയിരിക്കും.
ഒടുക്കം അത്‌ഭുതങ്ങളൊന്നും സംഭവിക്കാതെ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായെത്തിയാല്‍, തരൂര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് തീര്‍ത്തും 'വ്യക്തിപരമായി'രിക്കും. എന്നാല്‍ കോണ്‍ഗ്രസില്‍ പിന്നീട് അദ്ദേഹത്തിന്‍റെ ശബ്‌ദത്തിന് വലിയ മൂര്‍ച്ഛ കാണില്ല. വിജയിച്ചെത്തുന്ന ഖാര്‍ഗെക്ക് നല്ലരീതിയില്‍ പാര്‍ട്ടിയെ നയിക്കാനാകട്ടെ എന്ന് പ്രത്യാശിക്കാം. എന്നാല്‍ ഈ പ്രത്യാശയെ പരാജയപ്പെടുത്തി കൊണ്ട് വരാനിരിക്കുന്ന 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കാര്യമായ നേട്ടങ്ങളൊന്നും സൃഷ്‌ടിക്കാനായില്ലെങ്കില്‍ 'രാഹുല്‍ ഗാന്ധി അധ്യക്ഷനാകുക' എന്ന ആ ശബ്‌ദം കോണ്‍ഗ്രസില്‍ വീണ്ടും മുഴങ്ങിക്കേട്ടേക്കാം. കാരണം ഇത് കോണ്‍ഗ്രസാണ്. ഇവിടെ ഇങ്ങനെയൊക്കെയാണ്.