ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്‍റെ ആസ്‌തി വിൽപ്പന പദ്ധതിക്കെതിരെ കൂടുതൽ സംഘടിത പ്രതിഷേധമുയര്‍ത്താനും വിഷയം രാജ്യവ്യാപകമായി സാധാരണക്കാരിലേക്കെത്തിക്കാനും കോണ്‍ഗ്രസ്.
തുടർച്ചയായ വാര്‍ത്താസമ്മേളനങ്ങളിലൂടെ വിഷയം താഴെത്തട്ടില്‍ സജീവ ചര്‍ച്ചയാക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ മോദി മന്ത്രിസഭയുടെ കഴിവില്ലായ്‌മ തെളിയിക്കുന്നതാണ് ആസ്‌തി വിൽപ്പന നയമെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക്
വിഷയം സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള രാജ്യവ്യാപക പദ്ധതിയുടെ ഭാഗമായി, കോൺഗ്രസ് നേതാവ് മുകുൾ വാസ്‌നിക് ഓഗസ്റ്റ് 31ന് അസമിലെ ഗുവാഹത്തിയിലും മല്ലികാർജുൻ ഖാർഗെ സെപ്റ്റംബർ ഒന്നിന് ഹൈദരാബാദിലും മാധ്യമങ്ങളെ കാണും.
ഇവർക്കുപുറമേ ശശി തരൂർ, സച്ചിൻ പൈലറ്റ്, ഉൾപ്പെടെ 'ജി23' നേതാക്കളും മുതിർന്ന നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം, അജയ് മാക്കൻ എന്നിവരും വിവിധയിടങ്ങളിലായി വാർത്താസമ്മേളനം നടത്തുമെന്ന് പാർട്ടി വ്യക്തമാക്കി.
ഇന്ത്യ ഓൺ സെയ്‌ൽ
ഈ ആഴ്‌ച ആദ്യം ഡൽഹിയിൽ രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തി വിഷയം അവതരിപ്പിച്ചിരുന്നു.
കേന്ദ്രസർക്കാരിന് താത്‌പര്യമുള്ള വ്യക്തികൾക്ക് രാജ്യത്തെ വിൽക്കുന്നുവെന്ന് ആരോപിച്ച രാഹുൽ ഗാന്ധി "ഇന്ത്യ ഓൺ സെയ്‌ൽ" എന്ന ഹാഷ്‌ടാഗോടെ ട്വിറ്ററിലും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.
ALSO READ:രാജ്യ ആസ്തികള്‍ മോദി വിറ്റുതുലയ്ക്കുന്നത് സുഹൃത്തുക്കളായ വ്യവസായികള്‍ക്ക് വേണ്ടിയെന്ന് രാഹുല്‍
തന്‍റെ സുഹൃത്തുക്കളുടെ ക്ഷേമത്തിന് മാത്രമായാണ് പ്രധാനമന്ത്രി പ്രതിജ്ഞാബദ്ധനായിരിക്കുന്നതെന്നായിരുന്നു പാര്‍ട്ടി മുഖ്യ വക്താവ് രൺദീപ് സുർജേവാലയുടെ പ്രതികരണം.
രാജ്യത്തിന്‍റെ സ്വത്ത് ഇപ്പോൾ സുരക്ഷിതമായ കൈകളിലല്ല. റോഡുകൾ, റെയിൽ, ഖനികൾ, ടെലികോം, വൈദ്യുതി, ഗ്യാസ്, എയർപോർട്ടുകൾ, തുറമുഖങ്ങൾ, സ്റ്റേഡിയം എന്നിങ്ങനെ രാജ്യത്തിന്‍റെ ആറ് ലക്ഷം കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ വിറ്റഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
ജനങ്ങളെ ദുരിതത്തിലാഴ്‌ത്തി, അവരുടെ സമ്പാദ്യം സ്വന്തം ഖജനാവിൽ നിറയ്ക്കുകയാണ് മോദിസർക്കാരെന്നും അദ്ദേഹം ആരോപിച്ചിരുന്നു.