ന്യൂഡല്‍ഹി:2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകളില്‍ സ്വാധീനം ചെലുത്തുന്നതിനായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വീണ്ടും ജോഡോ യാത്ര ആസൂത്രണം ചെയ്‌ത് കോണ്‍ഗ്രസ്. സെപ്‌റ്റംബറിലാണ് യാത്രയുടെ രണ്ടാം ഭാഗം തുടരാന്‍ പാര്‍ട്ടിയുടെ തീരുമാനം. ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്നും ത്രിപുരയിലെ അഗര്‍ത്തലയിലേക്കാണ് ജോഡോ യാത്ര നടത്തുക.
പാര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ച:നാല് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും യാത്ര പുനരാരംഭിക്കുന്നത്. ജോഡോ യാത്രയുടെ രണ്ടാം ഭാഗം നടത്താന്‍ പാര്‍ട്ടി നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും നടത്താനുള്ള തിയതിയെ കുറിച്ചും ജോഡോ യാത്ര തുടരേണ്ട പാതയെ കുറിച്ചും നിലവില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ''രണ്ടാമതും ജോഡോ യാത്ര നടത്തണമെന്നാണ് നേതാക്കള്‍ ആഗ്രഹിക്കുന്നതെന്നും ഇക്കാര്യത്തെ കുറിച്ചുള്ള വ്യക്തമായ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ഹൈക്കമാന്‍ഡ് അത്തരമൊരു തീരുമാനം എടുക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് എഐസിസി സംഘടനയുടെ ചുമതലയുള്ള സെക്രട്ടറി വംശി ചന്ദ് റെഡ്ഡി ഇടിവിയോട് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ ജോഡോ ഇന്ത്യയുടെ തെക്ക് വടക്കന്‍ സംസ്ഥാനങ്ങളിലൂടെയാണ് കടന്ന് പോയത്. അടുത്ത നവംബറില്‍ നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ രണ്ടാമത്തെ ജോഡോ യാത്രക്ക് സമയമെന്നത് ഏറെ നിര്‍ണായകമാണ്. കഴിഞ്ഞ തവണ ജോഡോ യാത്ര നടത്താന്‍ സമയം ധാരാളം ഉണ്ടായിരുന്നുവെന്നും മുതിര്‍ന്ന എഐസിസി നേതാവ് പറഞ്ഞു.