റായ്‌പൂര്‍ : അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. വിഷയത്തില്‍ ഛത്തീസ്‌ഗഡില്‍ വിവിധയിടങ്ങളില്‍ വാര്‍ത്താസമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാനും വിവിധ തലങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുവാനും പാര്‍ട്ടി ഘടകങ്ങളോട് നേതൃത്വം നിര്‍ദേശിച്ചു. പ്രക്ഷോഭം ശക്തമാക്കാനും പ്രശ്‌നം നേരിട്ട് ജനങ്ങളിലേയ്‌ക്ക് എത്തിക്കാനുമാണ് നടപടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രസ്‌താവിച്ചു.
പ്രതിഷേധം ശക്തം:'സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും വാര്‍ത്താസമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ തലങ്ങളിലായി സംസ്ഥാനത്തെ എല്ലാ ഘടകങ്ങളും പ്രതിഷേധം സംഘടിപ്പിക്കും. മാര്‍ച്ച് ആറ് മുതല്‍ പത്ത് വരെ സംസ്ഥാനത്തെ എല്ലാ പൊതുബാങ്കുകളുടെയും എല്‍ഐസിയുടെയും ഓഫിസുകള്‍ക്ക് മുമ്പില്‍ ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധം നടത്തും'- കെ സി വേണുഗോപാല്‍ അറിയിച്ചു.
'ജില്ല ആസ്ഥാനങ്ങളില്‍ വിളംബര ജാഥകള്‍ നടത്തും. മാര്‍ച്ച് 13ന്, ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഭാഗത്തിനായി പാര്‍ലമെന്‍റ് വീണ്ടും ചേരുന്ന ദിവസം 'ചലോ രാജ് ഭവന്‍' ജാഥയും സംഘടിപ്പിക്കും. എല്ലാ സംസ്ഥാനങ്ങളിലെയും ആസ്ഥാനത്ത് ഏപ്രില്‍ മാസം മെഗാ റാലികളും സംഘടിപ്പിക്കുമെന്ന്' - അദ്ദേഹം അറിയിച്ചു
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ദേശീയ തലത്തിലുള്ള നേതാക്കള്‍ തുടങ്ങിയവര്‍ മെഗാറാലിയെ അഭിസംബോധന ചെയ്യും. സംസ്ഥാന തലത്തിലുള്ള നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, പാര്‍ട്ടിയുടെ വിവിധ സെല്ലുകള്‍, പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരോടും പ്രക്ഷോഭത്തിന്‍റെ ഭാഗമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുതലാളിത്തത്തെ ബിജെപി അനുകൂലിക്കുന്നുവെന്ന് കോണ്‍ഗ്രസ് :പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മുതലാളിത്തത്തോടുള്ള ചങ്ങാത്ത നയം അടിസ്ഥാനമാക്കി അദാനിയെ അനുകൂലിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ പ്രധാനമന്ത്രി രാജ്യത്തിന്‍റെ നിര്‍ണായക അടിസ്ഥാന മേഖലകള്‍ അദാനിക്ക് തീറെഴുതി. എസ്‌ബിഐ, എല്‍ഐസി തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങളെ അദാനി ഗ്രൂപ്പില്‍ നിക്ഷേപിക്കുന്നതിന് ഒത്താശ ചെയ്‌തു. ഇത്തരത്തില്‍ പാവപ്പെട്ടവരുടെയും ഇടനിലക്കാരുടെയും സമ്പാദ്യമടക്കം കോടിക്കണക്കിന് രൂപ നഷ്‌ടപ്പെടുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ച് അദാനി ഗ്രൂപ്പ് ഉടമകളെ വഞ്ചിച്ചുവെന്നതാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം. എന്നാല്‍, റിപ്പോര്‍ട്ട് ഷോര്‍ട്ട് സെല്ലര്‍ കമ്പനിയുടെ വെറും കെട്ടുകഥയാണെന്നായിരുന്നു അദാനി ഗ്രൂപ്പിന്‍റെ വിശദീകരണം. ഹിന്‍ഡന്‍ബര്‍ഗിന്‍റെ കണ്ടെത്തലിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്‍റെ ഓഹരികള്‍ കൂപ്പുകുത്തിയിരുന്നു.
നിലംപരിശായി അദാനി ഓഹരികള്‍ : റിപ്പോര്‍ട്ട് പുറത്തുവന്നത് മുതല്‍ അദാനി ഗ്രൂപ്പിന്‍റെ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടതോടെ ദിനംപ്രതി കോടികളുടെ നഷ്‌ടമാണ് നേരിടേണ്ടി വന്നത്. നിലവില്‍ 80 ബില്യണ്‍ ഡോളറിന്‍റെ നഷ്ടം രേഖപ്പെടുത്തിയതോടെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുനിന്നും അദാനി 30ാം സ്ഥാനത്തേയ്‌ക്ക് പിന്‍തള്ളപ്പെട്ടു. മാത്രമല്ല, ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്‍റേതായി ലിസ്‌റ്റ് ചെയ്യപ്പെട്ടിരുന്ന 10 കമ്പനികള്‍ക്ക് 12.06 ലക്ഷം കോടി രൂപയാണ് നഷ്‌ടമുണ്ടായിരിക്കുന്നത്.
ഇതേതുടര്‍ന്ന്, അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്‍ററി കമ്മിറ്റി രൂപീകരിച്ചുള്ള പരിശോധന വേണമെന്ന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യം ശക്തമായിട്ടുണ്ട്.