ബെംഗളൂരു:കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി. 124 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്ത് വിട്ടു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാർ എന്നിവരുടെ പേരുകളും ആദ്യ പട്ടികയിലുണ്ട്.
സിദ്ധരാമയ്യ വരുണ മണ്ഡലത്തില്‍ നിന്നും സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ കനകപുര മണ്ഡലത്തില്‍ നിന്നുമാണ് മത്സരിക്കുക. സ്ഥാനാര്‍ഥി പട്ടിക ബുധനാഴ്‌ച പുറത്ത് വിടാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നങ്കിലും പിന്നീട് അത് മാറ്റി വച്ചതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചിരുന്നു. സിദ്ധരാമയ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് നേരത്തെ ആശയക്കുഴപ്പം നിലനിന്നിരുന്നു.
സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍ മുഖ്യമന്ത്രിയുടെ പേരില്ലെങ്കില്‍ അത് ജനങ്ങള്‍ക്ക് നിഷേധാത്മക സന്ദേശം നല്‍കുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തനിക്കെതിരെ പ്രചാരണം നടത്തിയാലും കര്‍ണാടകയിലെ കോലാറിൽ താൻ വിജയിക്കുമെന്ന് നേതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നേരത്തെയുണ്ടായ തെരഞ്ഞെടുപ്പില്‍ ചാമുണ്ഡേശ്വരി, ബദാമി എന്നീ രണ്ട് നിയമസഭ മണ്ഡലങ്ങളില്‍ നിന്നാണ് അദ്ദേഹം മത്സരിച്ചത്. ചാമുണ്ഡേശ്വരി മണ്ഡലത്തിൽ ജെഡി(എസ്) സ്ഥാനാർത്ഥി ജി ടി ദേവഗൗഡക്കെതിരെ പരാജയപ്പെട്ടിവെങ്കിലും ബദാമിയില്‍ നിന്ന് വിജയിക്കുകയായിരുന്നു. കോണ്‍ഗ്രസിനെതിരെ പുതിയ തന്ത്രങ്ങള്‍ മെനയാനാണ് ബിജെപി ശ്രമം. 2018ൽ കൂറുമാറ്റം നടത്തി കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു.
നേതാക്കളെല്ലാം പട്ടികയിലുണ്ട്:സിദ്ധരാമയ്യരുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യയുടെ മണ്ഡലമാണ് മൈസൂരുവിലെ വരുണ. കോലാറില്‍ മത്സരിക്കാനായിരുന്നു സിദ്ധരാമയ്യയുടെ ആദ്യ തീരുമാനം. എന്നാല്‍ കോലാറില്‍ മത്സരിച്ചാല്‍ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് വരുണയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്.
കോലാറില്‍ മത്സരിക്കാന്‍ തീരുമാനിച്ച സമയത്തായിരുന്നു പ്രധാനമന്ത്രിയും അമിത് ഷായും പ്രചാരണം നടത്തിയാല്‍ പോലും താനായിരിക്കും അവിടെ മത്സരിക്കുകയെന്ന് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രമാണ് വരുണ. സിറ്റിങ് എംഎല്‍എമാരും കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവായ ഷാമനുരു ശിവശഷങ്കരപ്പയും മത്സരിക്കുന്നുണ്ട്.
ദാവനഗരെ സൗത്തില്‍ നിന്നാണ് ഇദ്ദേഹം മത്സരിക്കുക. കോലാറില്‍ നിന്നുള്ള എംപി കെ എച്ച് മുനിയപ്പയ്‌ക്ക് ദേവനഹള്ളി നിയമസഭയില്‍ നിന്ന് ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര സംവരണ മണ്ഡലമായ കൊരാട്ടഗരെയില്‍ മത്സരിക്കും.
പ്രിയങ്ക് ഖാര്‍ഗെയും മത്സരിക്കും:കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ചിത്താപുറില്‍ നിന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ ജനവിധി തേടുക. മെയ് 23നാണ് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുക. അതുകൊണ്ട് മെയ് പകുതിയോടെ നിയമസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.
സ്ഥാനാര്‍ഥി പട്ടിക തീരുമാനമായത് ഡല്‍ഹിയില്‍:ഡല്‍ഹില്‍ മാര്‍ച്ച് 17ന് നടന്ന യോഗത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി സ്ഥാനാര്‍ഥി പട്ടിക അംഗീകരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ അധ്യക്ഷനായിരുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനായി ആദ്യമായി സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ട പാര്‍ട്ടി കോണ്‍ഗ്രസാണ്.