ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയിൽ ഇളവ് നൽകണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്‍റെ നിലപാടിനോട് എതിർപ്പുമായി കോൺഗ്രസ്. സംസ്ഥാന പാർട്ടി പ്രസിഡന്‍റ് കെ.എസ്. അഴഗിരി പാർട്ടിയുടെ വിയോജിപ്പ് വ്യക്തമാക്കി.
രാജ്യത്തിന്‍റെ വളർച്ചയ്‌ക്കും സാങ്കേതിക വികസനത്തിനും പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും പ്രയത്നിച്ച വ്യക്തിയാണ് രാജീവ് ഗാന്ധിയെന്നും അദ്ദേഹത്തെ വധിച്ച കേസിലെ പ്രതികളെ മോചിപ്പിക്കണമെന്ന എം.കെ സ്‌റ്റാലിന്‍റെ നിലപാടിനോട് യോജിക്കുന്നില്ലെന്നും കെ.എസ്. അഴഗിരി പറഞ്ഞു. മതം, ഭാഷ തുടങ്ങിയവയുടെ പേരിൽ പ്രതികളെ വിട്ടയക്കുന്നത് ശരിയല്ലെന്നും അത് അശാന്തി പടർത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതികളെ വിട്ടയക്കുന്നതനോട് തങ്ങൾക്ക് എതിർപ്പില്ലെന്നും 26 പേരെ അറസ്‌റ്റ് ചെയ്യുകയും 19 പേരെ വിട്ടയക്കുകയും ചെയ്‌തിട്ടുണ്ട്. കോടതിയുടെ വിധിയെ തങ്ങൾ എതിർക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തടവുകാരെ മോചിപ്പിക്കണമെന്ന് കോടതി വിധിക്കുകയാണെങ്കിൽ കോൺഗ്രസ് എതിർക്കില്ലെന്നും പക്ഷെ അതിനായി രാഷ്‌ട്രീയ സമ്മർദം ചെലുത്തരുതെന്നും അദ്ദേഹം അറിയിച്ചു. രാജീവ് ഗാന്ധിയുടെ മുപ്പതാം ചരമവാർഷിക ദിനത്തിൽ സത്യമൂർത്തി ഭവനിൽ പുഷ്‌പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കെ.എസ്. അഴഗിരി.