ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാനുള്ള സുപ്രീം കോടതി ഉത്തരവിൽ മോദി സർക്കാർ പാലിക്കുന്ന മൗനം തീവ്രവാദ പ്രവർത്തനത്തോടുള്ള വിട്ടുവീഴ്‌ചയാണെന്ന് കോൺഗ്രസ്. ഈ ഭീകരരുടെ മോചനത്തെ അഭിനന്ദിക്കുന്നവർ അവരെ പരോക്ഷമായി ധൈര്യപ്പെടുത്തുകയാണെന്ന് കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസ് സഖ്യകക്ഷിയും തമിഴ്‌നാട്ടിലെ ഭരണകക്ഷിയുമായ ഡിഎംകെയും പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയും സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ പ്രതികരണം. പ്രതികളെ വിട്ടയയ്ക്കണമെന്ന സുപ്രീം കോടതി ഉത്തരവ് തീർത്തും അസ്വീകാര്യമാണെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നളിനി ശ്രീഹരന്‍റെ വധശിക്ഷ ഇളവ് ചെയ്യുന്നതിൽ സഹായം നൽകിയ മുൻ അധ്യക്ഷ സോണിയ ഗാന്ധിയോട് തങ്ങൾക്ക് വിയോജിപ്പുണ്ടെന്നും കോൺഗ്രസ് പാര്‍ട്ടി തുറന്ന് പറഞ്ഞിരുന്നു. സോണിയ ഗാന്ധിയുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ അംഗീകരിക്കുന്നുവെന്നും എന്നാൽ ഇക്കാര്യത്തിൽ വർഷങ്ങളായി പാർട്ടിയുടെ നിലപാടിൽ മാറ്റം വന്നിട്ടില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.