ന്യൂഡല്‍ഹി : ഛത്തീസ്‌ഗഡിലെ പാര്‍ട്ടി നേതാക്കളുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ നടന്ന ഇഡി റെയ്‌ഡില്‍ കേന്ദ്രത്തിന് കോണ്‍ഗ്രസിന്‍റെ രൂക്ഷ വിമര്‍ശനം. പകയുടെയും പ്രതികാരത്തിന്‍റെയും മൂന്നാംകിട രാഷ്‌ട്രീയമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു. ഇത് അമൃത് കാലല്ല, അപ്രഖ്യാപിത അടിയന്തരാവസ്ഥയാണന്നും അദ്ദേഹം ആരോപിച്ചു. നിലവിലെ ഭരണകൂടം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച അദ്ദേഹം, ഇഡിയുടെ പുതിയ പേര് 'എക്‌സ്‌ടേര്‍മിനേറ്റിങ് ഡെമോക്രസി' (ജനാധിപത്യത്തെ ഉന്‍മൂലനം ചെയ്യുക) എന്നാക്കി മാറ്റിയതായും ആരോപിച്ചു.
പ്ലീനറി സമ്മേളനത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ റെയ്‌ഡ് :കല്‍ക്കരി ലെവി കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണത്തിന്‍റെ ഭാഗമായാണ് ഛത്തീസ്‌ഗഡിലെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുള്ള ഇടങ്ങളില്‍ ഇഡി പരിശോധന നടത്തിയത്. തലസ്ഥാനമായ റായ്‌പൂരില്‍ ഈ മാസം 24 മുതല്‍ 26 വരെ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ഇഡി പരിശോധന. ഇഡി നടപടിയെ അപലപിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇഡി നടത്തിയ റെയ്‌ഡുകളില്‍ 95 ശതമാനവും കോണ്‍ഗ്രസ് പ്രമുഖരെ ലക്ഷ്യമിട്ടായിരുന്നുവെന്ന് പ്രതികരിച്ചു.
'ഭാരത് ജോഡോ യാത്രയുടെ വിജയത്തിൽ ബിജെപിയുടെ അസ്വസ്ഥത ദൃശ്യമാണ്. മോദിജിക്ക് സത്യസന്ധതയുടെ ഒരു കണികയെങ്കിലും ഉണ്ടെങ്കിൽ അദ്ദേഹം തന്‍റെ 'ഉറ്റ സുഹൃത്തിന്‍റെ' വന്‍ അഴിമതികളിൽ റെയ്‌ഡിന് ഉത്തരവിടണം. ജനാധിപത്യത്തെ തകർക്കാനുള്ള ഈ ശ്രമം ഞങ്ങൾ ശക്തമായി നേരിടും' -ഖാർഗെ ട്വീറ്റ് ചെയ്‌തു.
പാർട്ടിയുടെ പ്ലീനറി സമ്മേളനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് റെയ്‌ഡുകളെന്നും സമ്മേളനത്തിനുള്ള ഒരുക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ മനോവീര്യം തകർക്കാൻ കഴിയില്ലെന്നും ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. ഛത്തീസ്‌ഗഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി ട്രഷറർ, പാർട്ടിയുടെ മുൻ വൈസ് പ്രസിഡന്‍റ്, എംഎൽഎ തുടങ്ങി നിരവധി പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ റെയ്‌ഡ് നടന്നിട്ടുണ്ടെന്ന് ബാഗേല്‍ വ്യക്തമാക്കി.
'ഇഡി എന്നാല്‍ എലിമിനേറ്റിങ് ഡെമോക്രസി':നേതാക്കളുടെ വീടുകളിലെ ഇഡി റെയ്‌ഡില്‍ പ്രതികരിച്ച പവന്‍ ഖേര, ഇഡി എന്നത് 'എലിമിനേറ്റിങ് ഡെമോക്രസി' ആണെന്ന് വിമര്‍ശിച്ചു. തങ്ങള്‍ക്ക് മറച്ചുവയ്‌ക്കാന്‍ ഒന്നുമില്ല. അതിനാല്‍ റെയ്‌ഡുകളില്‍ ഭയമില്ലെന്നും ഖേര വ്യക്തമാക്കി. 'ചില സംസ്ഥാനങ്ങളിൽ ഞങ്ങളും അധികാരത്തില്‍ ഉണ്ടെന്ന കാര്യം സർക്കാർ മറക്കരുത്. ഞങ്ങളുടെ മാന്യത ദൗർബല്യമായി കണക്കാക്കരുതെന്നുമാണ് പറയാനുള്ളത്' -പവന്‍ ഖേര ചൂണ്ടിക്കാട്ടി.
പിഎംഎൽഎയ്ക്ക് കീഴില്‍ ഇഡിക്ക് അധികാരം നൽകുന്നതിനെതിരെ 17 പ്രതിപക്ഷ പാർട്ടികൾ ഇതിനകം ഒന്നിച്ചിട്ടുണ്ട്. വിഷയത്തിലെ മുൻ വിധിക്കെതിരെ സംയുക്തമായി സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകാനാണ് പ്രതിപക്ഷ തീരുമാനം. പ്ലീനറി സമ്മേളനത്തിലെ രാഷ്‌ട്രീയ പ്രമേയത്തിന്‍റെ വിഷയങ്ങളില്‍ അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, ഭരണഘടന സ്ഥാപനങ്ങള്‍ അട്ടിമറിക്കല്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജയറാം രമേശ് വ്യക്തമാക്കി.
'രാജ്യത്ത് നിലനിൽക്കുന്ന ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥ തീർച്ചയായും റായ്‌പൂരിൽ ചർച്ച ചെയ്യപ്പെടും. പ്രതികാര രാഷ്‌ട്രീയത്തിന്‍റെ മികച്ച ഉദാഹരണം ഞങ്ങള്‍ ഛത്തീസ്‌ഗഡില്‍ കണ്ടു' - ജയറാം രമേശ് പറഞ്ഞു.