ന്യൂഡൽഹി:കോൺഗ്രസിനെ വീണ്ടും കടന്നാക്രമിച്ച് പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസിന് ഇപ്പോള്‍ വേണ്ടത് ആശംസകളല്ല, മറിച്ച് മരുന്നുകളാണ്. കാര്യങ്ങൾ ശരിയാക്കാൻ പാർട്ടി നേതൃത്വത്തിന് സമയമില്ലെന്നും തിങ്കളാഴ്‌ച(29.08.2022) അദ്ദേഹം ന്യൂഡല്‍ഹിയില്‍ പറഞ്ഞു.
ALSO READ|കോണ്‍ഗ്രസിനെ വിട്ടൊഴിയാതെ 'രാജി ബാധ'; ആസാദിലെങ്കിലും പഠിക്കുമോ പാര്‍ട്ടി..?
"ഞാൻ കോൺഗ്രസിന് എല്ലാവിധ ആശംസകളും നേരുന്നു. പക്ഷേ, പാർട്ടിക്ക് ആശംസകളേക്കാള്‍ കൂടുതല്‍ മരുന്നുകളാണ് ആവശ്യം. എന്നാല്‍, പാർട്ടിക്ക് ചികിത്സയ്‌ക്കാവശ്യമായ മരുന്നുകൾ ഡോക്‌ടർമാർക്ക് പകരം കോമ്പൗണ്ടർമാരാണ് (ഡോക്‌ടറുടെ സഹായി) നൽകുന്നത്. സംസ്ഥാനങ്ങളിലെ പാർട്ടിയിലെ ഉന്നത നേതാക്കള്‍ പാർട്ടി അംഗങ്ങളെ ഒന്നിപ്പിക്കുന്നതിന് പകരം പുറത്താക്കുന്ന സമീപനമാണ് സ്വകരിക്കുന്നത്''.
ആസാദിന്‍റെ ശ്രദ്ധ പുതിയ പാര്‍ട്ടിയില്‍:താന്‍ ബിജെപിയിൽ ചേരില്ല. നിയമസഭ തെരഞ്ഞെടുപ്പ് എപ്പോൾ വേണമെങ്കിലും പ്രഖ്യാപിച്ചേക്കാം. അതുകൊണ്ട് തന്നെ ഉടന്‍ ജമ്മു കശ്‌മീരില്‍ പുതിയ രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ഡല്‍ഹിയിലെ തന്‍റെ വസതിയില്‍വച്ച് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇക്കഴിഞ്ഞ 26-ാം തീയതിയാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് അദ്ദേഹം രാജിവച്ചത്.
രാഹുല്‍ അധ്യക്ഷനായ ശേഷമാണ് പാര്‍ട്ടി നശിച്ചത്, അദ്ദേഹത്തിന്‍റെ പിഎമാരും സുരക്ഷ ഉദ്യോഗസ്ഥരുമാണ് പാര്‍ട്ടിയിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍, കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് എഴുതിയ രാജിക്കത്തില്‍ അദ്ദേഹം കുറിച്ചിരുന്നു.