ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ലോക്‌സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചു പ്രതിപക്ഷ ബഹളം. പ്രതിഷേധത്തെ തുടർന്നു സഭ നിർത്തിവച്ചു. കറുത്ത വസ്ത്രം ധരിച്ച് കോൺഗ്രസ് നേതാക്കൾ തിങ്കളാഴ്‌ച കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പാർട്ടി വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ എംപിമാരും കറുപ്പണിഞ്ഞ് കോൺഗ്രസിനൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു.
കറുപ്പിന്‍റെ രാഷ്‌ട്രീയം: പാർലമെന്‍റിൽ കറുത്ത വസ്‌ത്രവും മാസ്‌കും ധരിച്ചെത്തിയാണ് പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം നടത്തിയത്. കറുപ്പണിഞ്ഞെത്തിയ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ മുന്നിലെത്തി പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു.
പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങൾ
പ്രതിഷേധത്തെ തുടർന്ന് തുടര്‍ന്ന് രാജ്യസഭ ഉച്ചയ്ക്ക് രണ്ടുമണി വരെയും ലോക്‌സഭ വൈകിട്ട് നാലുമണി വരെയുമാണ് നിര്‍ത്തിവച്ചത്. കറുപ്പണിഞ്ഞെത്തിയ കോണ്‍ഗ്രസ് എംപിമാരെ പിന്തുണച്ച് തൃണമൂല്‍ എംപിമാരും ജോസ് കെ മാണി, എന്‍ കെ പ്രേമചന്ദ്രന്‍, ബിനോയ് വിശ്വം എന്നിവരും കറുത്ത വസ്‌ത്രത്തിലാണ് എത്തിയത്.
കെ സി വേണുഗോപാൽ, ജോസ് കെ മാണി എന്നിവർ കറുത്ത വസ്‌ത്രത്തിൽ
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് എംപിമാർ വിലക്കയറ്റം, അവശ്യവസ്‌തുക്കളുടെ ജിഎസ്‌ടി വർധന, തൊഴിലില്ലായ്‌മ എന്നിവയ്‌ക്കെതിരെ കേന്ദ്രസർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധം നടത്തിയിരുന്നു. അന്ന് പ്രശ്‌നങ്ങൾക്കെതിരായ പ്രക്ഷോഭത്തിന്‍റെ ഭാഗമായി അവർ രാഷ്‌ട്രപതി ഭവനിലേക്ക് മാർച്ചും നടത്തിയിരുന്നു.
ഡിഎംകെയുടെ പാർലമെന്‍ററി കമ്മിറ്റി നേതാവ് ടി ആർ ബാലു കറുത്ത ഷർട്ട് ധരിച്ച് പാർലമെന്‍റിൽ
കറുപ്പ് എല്ലാക്കാലവും പ്രതിഷേധത്തിന്‍റെയും പ്രതിരോധത്തിന്‍റെയും ചിഹ്നമായാണ് കണക്കാക്കപ്പെടുന്നത്. സൈമൺ കമ്മിഷനെതിരായ ലാലാ ലജ്‌പത് റായുടെ കരിങ്കൊടി സമരം മുതൽ പൗരത്വ ഭേദഗതി സമരത്തിലും, മന്ത്രിമാർക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിലും കറുപ്പ് അതിരൂക്ഷമായ പ്രതിഷേധത്തെയാണ് സൂചിപ്പിക്കുന്നത്. വലിയ തോതിലുള്ള പ്രതിഷേധ രീതികളേക്കാൾ അതിശക്തമാണ് പ്രതീകാത്മക സമരമെന്നത് സ്വാതന്ത്ര്യ സമരം മുതൽ നിലനിൽക്കുന്ന ചിന്തയാണ്. സത്യമേവ ജയതേ എന്ന ബാനറുമായി കറുപ്പണിഞ്ഞ് പ്രതിപക്ഷ എംപിമാർ കേന്ദ്ര സർക്കാരിനെതിരെ പ്രതിരോധം തീർക്കുകയാണ്.
പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങൾ
പ്രതിഷേധം തുടങ്ങിയതിങ്ങനെ:അദാനി വിഷയത്തിൽ സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ആരംഭിച്ചത് പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം മുതലാണ്. ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ,കെ സി വേണുഗോപാൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, പാർട്ടി നേതാക്കളായ പ്രിയങ്ക ഗാന്ധി വധേര ഉൾപ്പെടെയുള്ളവർ രാജ്ഘട്ടിൽ രാഹുലിനെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിനെതിരായ സത്യാഗ്രഹത്തിൽ സംസാരിച്ചിരുന്നു.
ബിആർഎസ് എംപിമാർ കറുത്ത വസ്ത്രം ധരിച്ച് പാർലമെന്‍റിൽ
മുൻ കോൺഗ്രസ് എംപിയും 1984-ലെ സിഖ് വിരുദ്ധ കലാപത്തിലെ പ്രതിയുമായ ജഗദീഷ് ടൈറ്റ്‌ലറും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പാർട്ടി നടത്തുന്ന ‘സങ്കൽപ് സത്യഗ്രഹ’ രാജ് ഘട്ടിൽ കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കുചേർന്നിരുന്നു. 'മോദി കുടുംബപ്പേര്' പരാമർശത്തിന്‍റെ പേരിൽ നൽകിയ മാനനഷ്ടക്കേസിൽ സൂറത്ത് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതിന് തൊട്ടുപിന്നാലെയാണ് വെള്ളിയാഴ്ച രാഹുൽ ഗാന്ധി ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടത്.
2019 ഏപ്രിലിൽ കർണാടകയിലെ കോലാറിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയിൽ 'എല്ലാ കള്ളന്മാർക്കും മോദി എന്ന് പൊതു പേരായത് എങ്ങനെ' എന്ന് അദ്ദേഹം നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടാണ് കേസ്. കോടതി ഗാന്ധിയുടെ ജാമ്യം അംഗീകരിക്കുകയും മേൽ കോടതികളെ സമീപിക്കാൻ അനുവദിക്കുന്നതിനായി 30 ദിവസത്തേക്ക് ശിക്ഷ സ്റ്റേ ചെയ്യുകയും ചെയ്‌തിട്ടുണ്ട്.