ന്യൂഡൽഹി :രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപിയുടെ 'കാലാള്‍' ആനിമേഷന്‍ വീഡിയോക്കെതിരെ, 'സ്നേഹത്തിന്‍റെ കട'യിലൂടെ മറുപടിയുമായി കോണ്‍ഗസ്. ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഹുല്‍ പറഞ്ഞ 'വെറുപ്പിന്‍റെ അങ്ങാടിയില്‍ സ്നേഹത്തിന്‍റെ കട' എന്ന പ്രശസ്‌ത വാചകം ചേര്‍ത്താണ് കോണ്‍ഗ്രസിന്‍റെ ആനിമേഷന്‍ മറുപടി. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഇരുപാര്‍ട്ടികളും തമ്മില്‍ ഓൺലൈൻ പോരാട്ടം ചൂടുപിടിക്കുമെന്ന സൂചന നല്‍കുന്നത് കൂടിയാണ് ഈ ആനിമേഷന്‍ വീഡിയോ.
രാജ്യം ഭരിക്കുന്ന ബിജെപി, ആളുകളെ ഭിന്നിപ്പിക്കുന്ന തന്ത്രങ്ങൾ പ്രയോഗിക്കുമ്പോള്‍ രാഹുൽ ഗാന്ധി, ജാതി - മത ഭേദമന്യേ ഒന്നിപ്പിക്കുകയാണെന്നതാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്‌ക്കുന്ന ആശയം. ബിജെപി വെറുപ്പിന്‍റെ കമ്പോളം തുറക്കുമ്പോള്‍ രാഹുല്‍ സ്‌നേഹത്തിന്‍റെ കട തുറക്കുന്നുവെന്ന് ആനിമേഷനിലൂടെ ദൃശ്യം സഹിതം വീഡിയോയില്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.
'രാഗ...യേക് മോഹ്‌റ!' :കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായി ബിജെപി, ജൂണ്‍ 17നാണ് ആനിമേറ്റഡ് വീഡിയോ പുറത്തുവിട്ടത്. 'രാഗ...യേക് മോഹ്‌റ!' (രാഹുല്‍ ഗാന്ധി... ഒരു കാലാള്‍) എന്ന അടിക്കുറിപ്പോടെയാണ് ഈ ആനിമേറ്റഡ് വീഡിയോ ബിജെപി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചത്. രാഹുല്‍ തന്‍റെ വിദേശ പര്യടനങ്ങളില്‍ അന്താരാഷ്‌ട്ര മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനെതിരായ വിമര്‍ശനമാണ് വീഡിയോയുടെ ഉള്ളടക്കം. 'വിദേശ ശക്തികളുമായി ഒത്തുകളിച്ച് ഇന്ത്യയെ തകർക്കാൻ രാഹുല്‍ ശ്രമിക്കുകയാണ്. 2024ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തുടര്‍ച്ച തടയാൻ 'ഇന്ത്യ വിരുദ്ധ' ശക്തികൾക്ക് വേണ്ടി രാഹുൽ പ്രവർത്തിക്കുന്നു' - എന്നിങ്ങനെയാണ് ബിജെപി ആ വീഡിയോയിലൂടെ ആരോപിച്ചിരുന്നത്.