ഷിംല: ആറ് തവണ എംഎല്‍എ ആയ കോണ്‍ഗ്രസിന്‍റെ ആശ കുമാരിയെ പിന്നിലാക്കി ബിജെപിയുടെ ധവീന്ദർ സിങ്. ഹിമാചല്‍ പ്രദേശിലെ ഡല്‍ഹൗസി നിയമസഭ സീറ്റിലാണ് ആശ കുമാരി മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ മുഖ്യമന്ത്രി ആകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ആശ കുമാരിയും ഉള്‍പ്പെട്ടിട്ടുണ്ട്.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്‍റെ സഹായിയുമായ ഹർഷ് മഹാജൻ ബിജെപിയിൽ ചേരുകയും ആശ കുമാരിക്കെതിരെ കളത്തിലിറങ്ങുകയും ചെയ്‌തതോടെയാണ് ചമ്പ ജില്ലയിലെ ഡല്‍ഹൗസി ശ്രദ്ധ നേടിയത്. മലയോര മേഖലയില്‍ വീണ്ടും അധികാരത്തില്‍ എത്താന്‍ ബിജെപി ശ്രമിക്കുമ്പോള്‍ ധവീന്ദർ സിങ്ങിനുള്ള ഹർഷ് മഹാജന്‍റെ പിന്തുണ ഊര്‍ജം പകരുന്നതാണ്.
രണ്ട് തവണ അസംബ്ലി സ്‌പീക്കറായിരുന്ന മുൻ കോൺഗ്രസ് നേതാവ് ദേശ് രാജ് മഹാജന്‍റെ മകനാണ് ഹര്‍ഷ് മഹാജൻ. 1967, 1972, 1982 വർഷങ്ങളിൽ ഡൽഹൗസി മണ്ഡലത്തിൽ നിന്ന് അദ്ദേഹം വിജയിച്ചിരുന്നു. വലിയ ജനസംഖ്യയുള്ള (89.78 ശതമാനം) ഡൽഹൗസി മണ്ഡലത്തിലെ മോശം റോഡുകളും ആരോഗ്യ മേഖലയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അടിസ്ഥാന സൗകര്യ കുറവുകളും പ്രധാന വോട്ടെടുപ്പ് വിഷയങ്ങളായി മാറി.
ചമ്പയിലെ പഴയ രാജകുടുംബത്തിൽ നിന്നുള്ള ആശ കുമാരി 1985 ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെടുകയും 1993, 1998, 2003, 2012, 2017 വർഷങ്ങളിൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. പഞ്ചാബിലെ മുൻ കോൺഗ്രസ് ഇൻചാർജും മുൻ മന്ത്രിയുമായ ആശ കുമാരി ജില്ലയിലെ ഉന്നത നേതാവാണ്. 2012ൽ ബിജെപി എതിരാളിയായ രേണു ഛദ്ദയെ 7,365 വോട്ടിന് പരാജയപ്പെടുത്തിയ ആശ കുമാരി 2017ൽ ഠാക്കൂറിനെതിരായി 556 വോട്ടിനാണ് വിജയിച്ചത്.