ന്യൂഡൽഹി :ഹിമാചൽ പ്രദേശും പഞ്ചാബും ഉൾപ്പെടെ നാല് പ്രളയബാധിത സംസ്ഥാനങ്ങളിൽ ബുധനാഴ്‌ച (ജൂലൈ 12) നടത്താനിരുന്ന 'മൗന സത്യഗ്രഹം' മാറ്റിവച്ചതായി കോൺഗ്രസ് അറിയിച്ചു. ബാക്കിയുള്ള എല്ലാ സംസ്ഥാനങ്ങളിലും മുൻ നിശ്ചയിച്ച പ്രകാരം സത്യഗ്രഹം നടത്തുമെന്നും പാർട്ടി വ്യക്‌തമാക്കി. രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് സത്യഗ്രഹം നടത്തുക.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഡൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ മൗന സത്യഗ്രഹം ജൂലൈ 16 ന് നടത്തുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ട്വീറ്റ് ചെയ്‌തു. ബാക്കിയുള്ള സംസ്ഥാനങ്ങളിൽ മുൻപ് ആസൂത്രണം ചെയ്‌തത് പോലെ ബുധനാഴ്‌ച തന്നെ സത്യഗ്രഹം നടത്തും.
നരേന്ദ്ര മോദി സർക്കാരിന് അവരുടെ ആയുധപ്പുരയിലെ എല്ലാ തന്ത്രങ്ങളും ഞങ്ങൾക്കെതിരെ പരീക്ഷിക്കാം, പക്ഷേ ജനങ്ങളുടെ ശബ്‌ദമുയർത്താനുള്ള പ്രതിജ്ഞാബദ്ധതയിൽ ഞങ്ങൾ ഉറച്ചുനിൽക്കും. നരേന്ദ്ര മോദി സർക്കാരിനെതിരായ ഏറ്റവും ശക്തമായ ശബ്‌ദമാണ് രാഹുൽ ഗാന്ധി. മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി ഈ ഫാസിസ്റ്റ് ശക്തികളെ ഗാന്ധിയൻ സത്യഗ്രഹത്തിലൂടെയും അഹിംസയിലൂടെയും നേരിടും, കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
എല്ലാ സംസ്ഥാനങ്ങളിലെയും തലസ്ഥാനങ്ങളിൽ ഗാന്ധി പ്രതിമയ്‌ക്ക് മുന്നിലാണ് നേതാക്കളും പ്രവർത്തരും സത്യഗ്രഹം ആചരിക്കുക. പ്രതിഷേധം സംബന്ധിച്ച് കെ സി വേണുഗോപാൽ പാർട്ടിയുടെ എല്ലാ സംസ്ഥാന യൂണിറ്റ് മേധാവികൾക്കും പ്രവർത്തകർക്കും കത്തയച്ചിരുന്നു. സമരത്തിൽ പരമാവധി പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും എഐസിസി നിർദേശിച്ചിട്ടുണ്ട്.