ന്യൂഡല്‍ഹി: 'ജനാധിപത്യ വിരുദ്ധ' ബിജെപി ഭരണത്തിനെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലുള്ള ഐക്യത്തിന്‍റെ ആവശ്യകതയെ കുറിച്ച് തങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ചിന്തന്‍ ശിബിർ പ്രഖ്യാപനത്തിന് ശേഷം പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും 50 വയസിന് താഴെയുള്ളവരുടെ മതിയായ പ്രാതിനിധ്യം ഉണ്ടാകാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
'പെട്ടെന്ന് തന്നെ ഈ കാര്യം നടപ്പിലാക്കാന്‍ സാധിക്കില്ല. ഇത് പൂര്‍ണമായി നടപ്പിലാക്കണമെങ്കില്‍ അതിന്‍റേതായ സമയം ആവശ്യമാണ്. പാര്‍ട്ടിയില്‍ ആ പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ സ്ഥാനമാനങ്ങളില്‍ 50 ശതമാനം 50 വയസിന് താഴെയുള്ളവര്‍ക്ക് ഉണ്ടാവണമെന്ന കാര്യത്തില്‍ വ്യക്തമായ കാഴ്‌ചപ്പാട് നേതൃത്വത്തിന് ഉണ്ട്'... കെസി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
"കോണ്‍ഗ്രസിന് ആത്‌മാര്‍ഥ സമീപനം": കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ 'തങ്ങളുടെ പാര്‍ട്ടി അധ്യക്ഷന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കുന്നതിന് മുന്‍കൈയെടുത്തു. അദാനി വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഏകസ്വരം ഉണ്ടാകുക എന്നതായിരുന്നു ലക്ഷ്യം. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കരുത് എന്ന വിശാലമായ കാഴ്‌ചപ്പാടാണ് തങ്ങള്‍ക്ക് ഉള്ളത്.
എന്ത് വിലകൊടുത്തും ബിജെപിക്കെതിരായ പോരാട്ടം തങ്ങള്‍ നടത്തും. എന്നാല്‍ ജനാധിപത്യ വിരുദ്ധവും ഏകാതിപത്യപരവുമായ ബിജെപി സര്‍ക്കാറിനെതിരെ പോരാടണമെങ്കില്‍ പ്രതിപക്ഷ ഐക്യം അനിവാര്യമാണ്. കേന്ദ്ര ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു. തങ്ങളുടെ വരുതിയില്‍ ഉള്ള മാധ്യമങ്ങളേയും ബിജെപി ഉപയോഗിക്കുന്നു. അതുകൊണ്ട് ഈ ശക്തികളെ നേരിടാനായി പ്രതിപക്ഷ ഐക്യം അനിവാര്യമാണ്.
"തിക്‌തനുഭവങ്ങള്‍ മറക്കാന്‍ തയ്യാര്‍":കോണ്‍ഗ്രസിന് തനിച്ച് കേന്ദ്രസര്‍ക്കാറിനെതിരെ പോരാടാന്‍ സാധിക്കില്ല എന്നുള്ളത് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പല അവസരങ്ങളിലും വ്യക്തമാക്കിയതാണ്. പ്രതിപക്ഷ ഐക്യമെന്ന വിഷയത്തില്‍ കോണ്‍ഗ്രസിന് ആത്മാര്‍ഥമായ സമീപനമാണ്. പല ഭൂതകാല അനുഭവങ്ങളും തങ്ങള്‍ക്ക് സുഖകരമല്ലെങ്കിലും ഈ ഏകാതിപത്യ സര്‍ക്കാറിനെ പുറത്താക്കാനായി അതൊക്കെ തങ്ങള്‍ മറക്കാന്‍ തയ്യാറാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.