കേരളം

kerala

ETV Bharat / bharat

ഇത് സത്യം, സത്യം, സത്യം ; ഗോവയിൽ സ്ഥാനാർഥികളെ ദൈവങ്ങൾക്ക് മുന്നില്‍ പ്രതിജ്ഞ ചെയ്യിപ്പിച്ച് കോൺഗ്രസ് - Congress makes its candidates take pledge

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന്‍റെ ഭൂരിഭാഗം നിയമസഭാംഗങ്ങളും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.

ഗോവ തെരഞ്ഞെടുപ്പ്  സ്ഥാനാർഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച് കോൺഗ്രസ്  കോൺഗ്രസ് ഗോവ പ്രതിജ്ഞ  Congress makes its candidates take pledge  Congress candidates goa election
ഗോവയിൽ സ്ഥാനാർഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച് കോൺഗ്രസ്

By

Published : Jan 23, 2022, 3:35 PM IST

പനാജി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂറുമാറ്റം തടയാൻ സ്ഥാനാർഥികളെ കൊണ്ട് സത്യം ചെയ്യിപ്പിച്ച് കോൺഗ്രസ്. പള്ളികളിലും അമ്പലങ്ങളിലും എത്തിച്ച് തെരഞ്ഞെടുപ്പിൽ ജയിച്ചാൽ പാർട്ടിയ്‌ക്കൊപ്പം തന്നെ നിൽക്കുമെന്നാണ് സ്ഥാനാർഥികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ചിരിക്കുന്നത്. ശനിയാഴ്‌ചയാണ് 34 സ്ഥാനാർഥികളെയും പ്രത്യേകം ബസിൽ കയറ്റി പള്ളികളിലും ക്ഷേത്രങ്ങളിലും ദർഗയിലും എത്തിച്ച് കൂറുമാറില്ലെന്ന് പ്രതിജ്ഞ എടുപ്പിച്ചത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന്‍റെ ഭൂരിഭാഗം നിയമസഭാംഗങ്ങളും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. 40 അംഗ സഭയിൽ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് കോൺഗ്രസ് 2017ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. എന്നാൽ ബിജെപിയുടെ തന്ത്രങ്ങൾക്ക് മുന്നിൽ പതറിയ എംഎൽഎമാർ പാർട്ടി വിടുകയാണുണ്ടായത്. ഇപ്പോൾ രണ്ട് എംഎൽഎമാർ മാത്രമേ ഗോവയിൽ കോൺഗ്രസിന് ഉള്ളൂ.

വിശ്വാസം അതല്ലേ പ്രധാനം

2019ൽ 10 കോൺഗ്രസ് എംഎൽഎമാർ കൂടി ബിജെപിയിൽ ചേർന്നതോടെ ബിജെപിയുടെ നിയമസഭയിലെ അംഗബലം 27 ആയി. ജനങ്ങളുടെ മനസിൽ വിശ്വാസം വളർത്തുന്നതിനായാണ് ദൈവത്തിന് മുമ്പാകെ സ്ഥാനാർഥികളെ കൊണ്ട് സത്യപ്രതിജ്ഞ എടുപ്പിച്ചതെന്നാണ് ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഗിരീഷ് ചോദങ്കർ നൽകിയ വിശദീകരണം.

പനാജിയിലെ മഹാലക്ഷ്‌മി ക്ഷേത്രം, ബാംബോലിമിലെ ക്രിസ്‌ത്യൻ പള്ളി, ബെറ്റിം ഗ്രാമത്തിലെ ദർഗ എന്നിവിടങ്ങളിൽ എത്തിച്ചാണ് സ്ഥാനാർഥികളെ കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത്. ഗോവ തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരവും സ്ഥാനാർഥികൾക്കൊപ്പം ആരാധനാലങ്ങളിൽ എത്തിയിരുന്നു.

എന്നാൽ ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യിപ്പിക്കുന്ന ആദ്യ പാർട്ടിയല്ല കോൺഗ്രസ്. കഴിഞ്ഞ വർഷം ജനുവരിയിൽ ഗോവ ഫോർവേഡ് പാർട്ടി(ജിഎഫ്പി) മൂന്ന് എംഎൽഎമാരെയും ഭാരവാഹികളെയും മപുസയിലെ ദേവ് ബോദ്ഗേശ്വർ ക്ഷേത്രത്തിൽ എത്തിക്കുകയും 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് പ്രതിജ്ഞ ചെയ്യിപ്പിക്കുകയും ചെയ്‌തിരുന്നു.

2017ൽ മനോഹർ പരീക്കറുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് ജിഎഫ്പി പിന്തുണ നൽകുകയും ജിഎഫ്പി എംഎൽഎമാർ മന്ത്രിമാരാകുകയും ചെയ്‌തിരുന്നു. എന്നാൽ 2019ൽ 10 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് എത്തിയ ശേഷം പരീക്കറിന്‍റെ മരണത്തെ തുടർന്ന് ഭരണം ഏറ്റെടുത്ത പ്രമോദ് സാവന്ത് മന്ത്രിസഭയിൽ നിന്ന് ജിഎഫ്പി മന്ത്രിമാരെ ഒഴിവാക്കുകയാണുണ്ടായത്.

എന്നാൽ സത്യപ്രതിജ്ഞയ്ക്ക് ശേഷവും ജിഎഫ്പിക്ക് ഒരു എംഎൽഎയെ നഷ്‌ടപ്പെട്ടു. ജിഎഫ്പി എംഎൽഎ ആയിരുന്ന ജയേഷ് സൽഗോങ്കർ പാർട്ടി വിട്ട് ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നു. നിലവിൽ സാലിഗാവോ നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയാണ് ജയേഷ് സൽഗോങ്കർ.

Also Read: അരുണാചൽ സ്വദേശിയായ 17കാരനെ കണ്ടെത്തിയതായി ചൈന

ABOUT THE AUTHOR

...view details