ബെംഗളൂരു (കർണാടക):പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പൊലീസിൽ പരാതി നൽകി കർണാടക കോണ്‍ഗ്രസ് പ്രതിനിധി സംഘം. കോൺഗ്രസ് തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിച്ചു എന്നാരോപിച്ചാണ് ലോക്‌സഭ മുൻ സ്‌പീക്കർ മീര കുമാറിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
കൂടാതെ ചിറ്റപുരയിലെ ബിജെപി സ്ഥാനാർഥി മണികാന്ത് റാത്തോഡിനെതിരെയും കോണ്‍ഗ്രസ് പരാതി നൽകിയിട്ടുണ്ട്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന മണികാന്ത് റാത്തോഡിന്‍റെ ശബ്‌ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് ഈ നടപടി.
ഇരുവർക്കുമെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് പ്രതിനിധി സംഘം പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ കെപിസിസി (കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി) പ്രസിഡന്‍റ് ദിനേഷ് ഗുണ്ടുറാവു, പവൻ ഖേര, രമേഷ് ബാബു, ഗൗരവ് വല്ലഭ് തുടങ്ങിയ നേതാക്കളും പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.