കേരളം

kerala

ETV Bharat / bharat

ചെങ്കോട്ടയിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം ; നിരവധി പേര്‍ കസ്റ്റഡിയില്‍ - കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

ചെങ്കോട്ടയിലേക്ക് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. നിരവധി പേര്‍ കസ്റ്റഡിയില്‍.

Congress leaders protesting against Rahul Gandhi disqualification from Lok Sabha detained in Delhi  ചെങ്കോട്ടയിലെ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം  നിരവധി പേര്‍ കസ്റ്റഡിയില്‍  കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം  രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം

By

Published : Mar 28, 2023, 8:19 PM IST

Updated : Mar 28, 2023, 9:35 PM IST

കോണ്‍ഗ്രസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം

ന്യൂഡല്‍ഹി :രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചെങ്കോട്ടയിലേക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെങ്കോട്ടയ്‌ക്ക് സമീപം പൊലീസ് തടഞ്ഞു. മുതിര്‍ന്ന നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ചെങ്കോട്ടയില്‍ നിന്ന് രാജ്‌ഘട്ടിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്താനായിരുന്നു കോണ്‍ഗ്രസിന്‍റെ നീക്കം. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ തെരുവിലിറങ്ങുമെന്നും വിഷയം പൊതുജനങ്ങളിലേക്ക് എത്തിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു.

പൊലീസ് അനുമതി മറികടന്ന് പ്രതിഷേധം:ചെങ്കോട്ടയിലേക്കുള്ള പ്രതിഷേധത്തിന് ഡല്‍ഹി പൊലീസ് അനുമതി വിലക്കിയിരുന്നു. എന്നാല്‍ പൊലീസ് അനുമതി മറികടന്ന് നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തിന് കാരണമായത്. വിവിധയിടങ്ങളില്‍ നിന്നുള്ള നേതാക്കളെ കസ്‌റ്റഡിയിലെടുത്ത് നീക്കിയതോടെയാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.

രാത്രി ഏഴ്‌ മണിയോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പന്തം കൊളുത്തിയുള്ള പ്രതിഷേധം അന്തരീക്ഷ മലിനീകരണം സൃഷ്‌ടിക്കുമെന്നും മാത്രമല്ല ജാഥ കടന്ന് പോകുന്നയിടങ്ങളിലെല്ലാം നിരോധനാജ്ഞയുള്ളതിനാല്‍ പ്രതിഷേധം നടത്താന്‍ പാടില്ലെന്നും പറഞ്ഞാണ് ഡല്‍ഹി പൊലീസ് പ്രതിഷേധം വിലക്കിയത്. എന്നാല്‍ പ്രതിഷേധത്തെ കുറിച്ച് നേരത്തെ പൊലീസില്‍ വിവരം അറിയിച്ചതാണെന്നാണ് കോണ്‍ഗ്രസിന്‍റെ വാദം.

'മോദി' പരാമര്‍ശ കേസിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ ബുധനാഴ്‌ച കോണ്‍ഗ്രസ് നടത്താനിരിക്കുന്ന രാജ്യവ്യാപകമായ പ്രതിഷേധത്തിന് മുന്നോടിയായാണ് ചെങ്കോട്ടയിലേക്ക് പന്തം കൊളുത്തി ജാഥ നടത്താന്‍ തീരുമാനിച്ചത്. കേരളത്തില്‍ നിന്നുള്ള നേതാക്കളടക്കം ഡല്‍ഹിയില്‍ എത്തിയിരുന്നു.

രാഹുല്‍ ഗാന്ധിയും 'മോദി' പരാമര്‍ശവും:2019 ഏപ്രില്‍ 13നായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരായ കേസിനാസ്‌പദമായ സംഭവം. തെരഞ്ഞെടുപ്പ് റാലിക്കിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പരാമര്‍ശം വിവാദമായതാണ് കേസിലേക്കും തുടര്‍ന്നുണ്ടായ അയോഗ്യതാ നടപടിയിലേക്കും എത്തിയത്. 'കള്ളന്മാരുടെയെല്ലാം പേരിനൊപ്പം എങ്ങനെയാണ് മോദിയെന്ന പേര് വന്നത്. ലളിത്‌ മോദി, നീരവ് മോദി, നരേന്ദ്ര മോദി എന്നിവരുടെയെല്ലാം പേരില്‍ മോദിയെന്നുണ്ട്'. ഇനിയും തെരച്ചില്‍ നടത്തിയാല്‍ ഇതുപോലെ നിരവധി മോദിമാര്‍ പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാര്‍ച്ച് 23നാണ് കേസില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് കോടതി ശിക്ഷ വിധിച്ചത്. രണ്ട് വര്‍ഷം കഠിന തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ കേസില്‍ രാഹുല്‍ ഗാന്ധി ജാമ്യം നേടി. ഗുജറാത്തിലെ എംഎല്‍എയായ പൂര്‍ണേഷ്‌ മോദിയുടെ പരാതിയെ തുടര്‍ന്നായിരുന്നു കോടതി നടപടി.

more read:'കള്ളന്മാരുടെയെല്ലാം പേരിനൊപ്പം മോദി': പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ്, പിന്നാലെ ജാമ്യം

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൂര്‍ണേഷ്‌ മോദി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എച്ച്എച്ച് വര്‍മയാണ് രാഹുല്‍ ഗാന്ധിക്കെതിരെ വിധി പ്രഖ്യാപിച്ചത്. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇതൊരു കുറ്റമായി കണക്കാക്കിയില്ലെങ്കില്‍ നാളെ മറ്റുള്ളവരും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമെന്നും ചൂണ്ടിക്കാട്ടി.

Last Updated : Mar 28, 2023, 9:35 PM IST

ABOUT THE AUTHOR

...view details