നേതാക്കളുമായി മധുരം പങ്കിട്ട് ഖാര്‍ഗെ ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം പുഃസ്ഥാപിച്ചതിലൂടെ തെളിഞ്ഞത് സത്യത്തിന്‍റെയും നീതിയുടെയും വിജയമാണെന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം തിരിച്ചുകിട്ടിയതിന് പിന്നാലെ എഐസിസി ആസ്ഥാനത്ത് നേതാക്കളും പ്രവര്‍ത്തകരും ആഹ്ളാദ പ്രകടനം നടത്തുകയും മധുരം പങ്കുവയ്‌ക്കുകയും ചെയ്‌തു.
മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചതോടെയാണ് എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടത്. ഇന്ന് (ഓഗസ്റ്റ് 7) രാഹുല്‍ ഗാന്ധിയുടെ അംഗത്വം പുനഃസ്ഥാപിച്ചുകൊണ്ട് ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ആഹ്ളാദ പ്രകടനം ആരംഭിച്ചത്.
രാജ്യസഭ നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറിലെ യോഗത്തില്‍, പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ നേതാക്കള്‍ക്ക് മധുരം വിതരണം ചെയ്‌തു. 'രാഹുല്‍ ഗാന്ധിയെ എംപിയായി തിരിച്ചെടുക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. ഇത് ഇന്ത്യയിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് വയനാടിന് ആശ്വാസം പകരുന്നു' - ഖാര്‍ഗെ ട്വീറ്റില്‍ പറഞ്ഞു.
'അവര്‍ ഭരണത്തില്‍ ഇനി എത്രകാലം ബാക്കിയുണ്ടെങ്കിലും, പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന് പകരം യഥാര്‍ഥ ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപിയും മോദി സര്‍ക്കാരും അത് പ്രയോജനപ്പെടുത്തണം' - ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
അതേസമയം ജനാധിപത്യവും ഇന്ത്യയും വിജയിച്ചു എന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ട്വീറ്റ് ചെയ്‌തത്. 'ജനാധിപത്യം വിജയിച്ചു, ഇന്ത്യ വിജയിച്ചു. രാഹുല്‍ ഗാന്ധി തന്‍റെ പാര്‍ലമെന്‍ററി യാത്ര ഒരു മടിയും കൂടാതെ, സത്യം തുറന്നുപറഞ്ഞുകൊണ്ട് തന്നെ തുടരും. അദ്ദേഹം ഇന്ത്യയുടെ ശബ്‌ദമാണ്. അദ്ദേഹത്തെ ഒരിക്കലും നിശബ്‌ദമാക്കാന്‍ കഴിയില്ല' - കെ സി വേണുഗോപാല്‍ ട്വീറ്റ് ചെയ്‌തു.
'തീരുമാനം സ്വാഗതം ചെയ്യുന്നു, ഗൂഢാലോചന പരാജയപ്പെട്ടു. ആര്‍ജി തിരിച്ചെത്തുന്നു' - എന്നാണ് ലോക്‌സഭയിലെ കോണ്‍ഗ്രസ് വിപ്പ് മാണിക്കം ടാഗോര്‍ പ്രതികരിച്ചത്. 'സത്യം വിജയിച്ചു, നുണകള്‍ പരാജയപ്പെട്ടു. ഇന്ത്യ വിജയിച്ചു. നമ്മുടെ സിംഹം രാഹുല്‍ ഗാന്ധി വിജയിച്ചു. മോദി ജി നിങ്ങളുടെ പരാജയം ആരംഭിച്ചു' - വിഷയത്തില്‍ രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് പ്രമോദ് തിവാരി പ്രതികരിച്ചു.
ശശി തരൂരും രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം പുനഃസ്ഥാപിച്ചതില്‍ പ്രതികരിച്ച് രംഗത്തെത്തി. 'രാഹുല്‍ ഗാന്ധിയെ തിരിച്ചെടുത്ത ഔദ്യോഗിക പ്രഖ്യാപനത്തെ വലിയ ആശ്വാസത്തോടെ സ്വാഗതം ചെയ്യുന്നു. വയനാട്ടിലെ ജനങ്ങളെയും തന്‍റെ ഘടക കക്ഷികളെയും സോവിക്കുന്നതിനായി അദ്ദേഹത്തിന് ഇനി ലോക്‌സഭയിലെ ചുമതലകള്‍ പുനരാരംഭിക്കാം. നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള വിജയം' - ശശി തരൂര്‍ ട്വീറ്റ് ചെയ്‌തു.
കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ്‌ഗഡിയും രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് രംഗത്തുവന്നു. അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ മാര്‍ച്ച് 23നാണ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിച്ചാല്‍ പാര്‍ലമെന്‍റേറിയന്‍ അയോഗ്യനാകും. ഓഗസ്റ്റ് നാലിന് സുപ്രീം കോടതി, വിചാരണ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്‌തതോടെയാണ് രാഹുല്‍ ഗാന്ധിക്ക് വീണ്ടും ലോക്‌സഭയിലേക്ക് വഴിയൊരുങ്ങിയത്.