ഷിംല:ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി തമ്മിലടി തുടരുന്ന സാഹചര്യത്തില്‍ ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരണത്തിന് സാവകാശം തേടി കോണ്‍ഗ്രസ് പാര്‍ട്ടി നിരീക്ഷകര്‍. കോണ്‍ഗ്രസ് നിരീക്ഷകരായ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, കോൺഗ്രസ് ഹിമാചൽ ഇൻചാർജ് രാജീവ് ശുക്ല എന്നിവരാണ് രാജ്‌ഭവനിലെത്തിയത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി നേതാക്കള്‍ സംസാരിക്കുകയും ഉടന്‍ തന്നെ തങ്ങളുടെ പാര്‍ട്ടി, സംസ്ഥാനത്ത് അധികാരത്തിലേറുമെന്ന് അറിയിക്കുകയും ചെയ്‌തു.
ഏറ്റുമുട്ടല്‍ ചേരിതിരിഞ്ഞ്:പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിന് മുന്നോടിയായാണ് ഗവർണറുമായി നേതാക്കള്‍ കൂടിക്കാഴ്‌ച നടത്തിയത്. ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള ചുമതല പാർട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് വിടുമെന്ന പ്രമേയം എംഎൽഎമാർ ഇന്ന് വൈകിട്ട് പാസാക്കി. അതേസമയം, ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ തമ്മിലടി രൂക്ഷമാണ്. പിസിസി പ്രസിഡന്‍റും അന്തരിച്ച മുൻമുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്‍റെ ഭാര്യയുമായ പ്രതിഭ സിങ്, മുൻ പിസിസി പ്രസിഡന്‍റ് സുഖ്‌വീന്ദർ സിങ് സുഖു, പ്രതിപക്ഷ നേതാവായിരുന്ന മുകേഷ് അഗ്‌നിഹോത്രി എന്നിവരാണ് ഈ പദവിയ്‌ക്കായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
'അമ്മയെ മുഖ്യമന്ത്രിയാക്കണം':തർക്കം രൂക്ഷമായതിനെ തുടർന്ന് ഇന്ന് ചേരാനിരുന്ന നിയമസഭാകക്ഷി യോഗം രണ്ടുവട്ടം മാറ്റിവച്ചതോടെ രാത്രി വൈകിയാണ് കക്ഷിയോഗം ചേരാനായത്. കോൺഗ്രസ് നിരീക്ഷകരായ ബാഗേൽ, ഹൂഡ, ശുക്ല എന്നിവർ സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭ സിങ്ങുമായി റാഡിസണ്‍ ഹോട്ടലിലില്‍ വച്ച് കൂടിക്കാഴ്‌ച നടത്തി. മുൻ മുഖ്യമന്ത്രി വീർഭദ്ര സിങിന്‍റെ ഭാര്യ എന്ന നിലയ്‌ക്ക് കൂടി പ്രതിഭ മുഖ്യമന്ത്രി സ്ഥാനം തനിക്ക് വേണമെന്ന് വാദിക്കുന്നുണ്ട്. ഇത് തനിക്ക് ലഭിച്ചില്ലെങ്കില്‍ വീർഭദ്ര സിങിനോടുള്ള അനാദരാവാകുമെന്നും അവര്‍ നേരത്തേ പറഞ്ഞിരുന്നു. അമ്മയ്‌ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന് തന്നെയാണ് ഇവരുടെ മകന്‍റെയും ആവശ്യം.