ന്യൂഡൽഹി:ടൂൾകിറ്റ് കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കെതിരെ പരാതി നൽകിയ രണ്ട് കോൺഗ്രസ് നേതാക്കൾക്ക് ഡൽഹി പൊലീസിന്‍റെ പ്രത്യേക സെൽ നോട്ടീസ് നൽകി. കൊവിഡ് സംബന്ധിച്ച് വ്യാജ ടൂൾകിറ്റ് പ്രചരിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന ബിജെപി വക്താവ് സാംബിത് പത്രയ്‌ക്കെതിരെ പരാതി നൽകിയ രാജീവ് ഗൗഡ, രോഹൻ ഗുപ്‌ത എന്നിവർക്കെതിരെയാണ് നോട്ടീസ്. എന്നാൽ ഛത്തീസ്‌ഗഡിൽ സമാനമായ പരാതി നൽകിയിട്ടുണ്ടെന്നും അവിടെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിതിട്ടുള്ളതിനാൽ അവിടെ നിന്നും കേസുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് നേതാവ് രാജീവ് ഗൗഡ അറിയിച്ചു. ഡൽഹിയിലെയും ഹരിയാനയിലെയും ട്വിറ്റർ ഇന്ത്യ ഓഫീസുകളിൽ ഡൽഹി പൊലീസിന്‍റെ സ്പെഷ്യൽ സെൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പരാമർശം.
അതേസമയം കോൺഗ്രസിനെതിരെ വ്യാജ ടൂൾകിറ്റ് രേഖകൾ പ്രചരിപ്പിക്കുന്നതിനായി ബിജെപി നേതാക്കൾ നടത്തിയ ശ്രമങ്ങൾക്കെതിരെ മെയ് 18ന് വിശദമായ പരാതി തന്‍റെ കക്ഷികൾ നൽകിയതായി കോൺഗ്രസ് പാർട്ടി അഭിഭാഷകൻ അമാൻ പൻവർ അറിയിച്ചു. എന്നാൽ കേസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ ഡൽഹി പൊലീസ് പരാജയപ്പെട്ടതിനെ തുടർന്നാണ് ഛത്തീസ്‌ഗഡ് പൊലീസിനെ സമീപിച്ചത്. നിലവിൽ നിയമപരമായി ഡൽഹി പൊലീസിന് ഇക്കാര്യത്തിൽ ഒരു അന്വേഷണവും നടത്താൻ കഴിയില്ലെന്നും തങ്ങളുടെ പരാതി സംബന്ധിച്ച എല്ലാ രേഖകളും ഛത്തീസ്‌ഗഡിലേക്ക് കൈമാറാൻ രേഖാമൂലം അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.