ന്യൂഡല്‍ഹി:ത്രിവര്‍ണ പതാകയുമായി നില്‍ക്കുന്ന നെഹ്‌റുവിന്‍റെ ചിത്രം സോഷ്യൽ മീഡിയ അക്കൗണ്ടുകളില്‍ പ്രൊഫൈല്‍ ചിത്രമാക്കി കോണ്‍ഗ്രസ് നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ദേശീയ പതാക പ്രൊഫൈല്‍ ചിത്രമായി വച്ചതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളും പ്രാഫൈല്‍ ചിത്രം മാറ്റിയത്. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ജയറാം രമേഷ് എന്നിവരുടെ പ്രൊഫൈല്‍ ചിത്രങ്ങളാണ് മാറ്റിയത്.
പതാക പ്രൊഫൈല്‍ ചിത്രമാക്കി ബിജെപി നേതാക്കള്‍ ; പിന്നാലെ പ്രൊഫൈല്‍ ചിത്രം മാറ്റി കോണ്‍ഗ്രസ് നേതാക്കളും - ബിജെപി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പ്രൊഫൈലില്‍ ദേശീയ പതാകയുടെ ചിത്രം വച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളും പ്രൊഫൈല്‍ ചിത്രം മാറ്റിയത്. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായാണ് കോണ്‍ഗ്രസ്-ബിജെപി നേതാക്കളുടെ പ്രൊഫൈല്‍ ചിത്രം മാറ്റല്‍
കൂടാതെ പാർട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും പ്രൊഫൈല്‍ ചിത്രം ഇപ്പോള്‍ ഇന്ത്യന്‍ പതാകയുമായി നില്‍ക്കുന്ന നെഹ്‌റുവിന്‍റെ ചിത്രമാണ്. 'ത്രിവര്‍ണ പതാക നമ്മുടെ രാജ്യത്തിന്‍റെ അഭിമാനമാണ്, ത്രിവര്‍ണ പതാക ഓരോ ഇന്ത്യക്കാരന്‍റെയും ഹൃദയത്തിലാണ്' എന്ന കുറിപ്പോടെയാണ് രാഹുല്‍ ഗാന്ധി പ്രൊഫൈല്‍ ചിത്രം മാറ്റിയിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിനും 15 നും ഇടയിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രമായി ഇന്ത്യന്‍ പതാക വയ്‌ക്കണമെന്ന് ഞായറാഴ്‌ച(31.07.2022) മൻ കി ബാത്തില്‍ പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
നാഗ്‌പൂരിലെ ആസ്ഥാനത്ത് പതാക ഉയര്‍ത്താത്ത ഒരു സംഘടന, സോഷ്യല്‍ മീഡിയയില്‍ പ്രൊഫൈല്‍ ചിത്രമായി പതാക വയ്‌ക്കാനുള്ള താങ്കളുടെ ഉത്തരവ് പാലിക്കുമോ എന്ന് ചോദിച്ച് ജയറാം രമേശ് പ്രധാനമന്ത്രിയെ വിമര്‍ശിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ശിവരാജ് സിങ് ചൗഹാൻ എന്നിവരടക്കം നിരവധി ബിജെപി നേതാക്കള്‍ ട്വിറ്ററിലെ പ്രൊഫൈൽ ചിത്രങ്ങൾ ദേശീയ പതാകയിലേക്ക് മാറ്റി.