ന്യൂഡൽഹി : ഭാരത് ജോഡോ യാത്രയിൽ ബിജെപി അസ്വസ്ഥരാണെന്നും മഹത്തായ പാരമ്പര്യമുള്ള പാർട്ടിയെ അസ്ഥിരപ്പെടുത്താൻ അന്യായമായ മാർഗങ്ങളാണ് അവര്‍ സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസ്. ഗോവയില്‍ എട്ട് പാര്‍ട്ടി എം എല്‍ എമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് നേതൃത്വത്തിന്‍റെ പ്രതികരണം. ഗോവയിലെ 11 എം എല്‍ എമാരില്‍ 8 പേരാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
'ഓപ്പറേഷൻ ലോട്ടസിന്‍റെ ഉദാഹരണമാണിത്. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിന്‍റെ ഏറ്റവും വലിയ ദൃഷ്‌ടാന്തം. എം എൽ എമാർ ബിജെപിയിലേക്ക് പോയത് സി ബി ഐയുടെയോ ഇ ഡിയുടെയോ സമ്മർദത്തെ തുടർന്നാണോ അതോ ഉയര്‍ന്ന സ്ഥാനമാനങ്ങളും പണവും ഉപയോഗിച്ച് അവരെ പ്രലോഭിപ്പിച്ചതാണോ എന്നറിയില്ല. ബിജെപിക്കൊപ്പം ചേരുന്നവര്‍ ശുദ്ധരാകുന്നു, എതിര്‍ക്കുന്നവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നു' - കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.
'രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ബിജെപിയെ ഭയപ്പെടുത്തുന്നു, കാല്‍ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമെന്ന ഭയമാണ് ബിജെപിക്ക്. രാഹുല്‍ ഗാന്ധി എന്ത് ധരിക്കുന്നു, ആരെയൊക്കെ കാണുന്നു, എവിടെയാണ് ഉറങ്ങുന്നത് എന്നത് സംബന്ധിച്ചൊക്കെയാണ് അവർ സംസാരിക്കുന്നത്. പക്ഷേ ഇതൊന്നും കോണ്‍ഗ്രസിനെ പിന്നോട്ടടിപ്പിക്കുന്നില്ല.
വിലക്കയറ്റവും തൊഴിലില്ലായ്‌മയും ആണ് രാജ്യത്തെ യഥാർഥ പ്രശ്‌നങ്ങൾ. അതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയ്ക്ക് ആഹ്വാനം ചെയ്‌തത്, കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള പണികള്‍ ബിജെപിക്ക് തുടരാം, നിങ്ങളുടെ യഥാര്‍ഥ സ്ഥാനം ജനങ്ങള്‍ കാണിച്ചുതരും. തമിഴ്‌നാട്ടിലും കേരളത്തിലും ഉണ്ടായ അനുഭവം മറ്റു സംസ്ഥാനങ്ങളിലും അധികം വൈകാതെ ഉണ്ടാകും. കോണ്‍ഗ്രസ് ഭയപ്പെടുമെന്ന് ബിജെപി കരുതുന്നുണ്ടാകും, പക്ഷേ ഞങ്ങള്‍ മുന്നോട്ടുതന്നെ പോകും' - അവര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി വിട്ട എം എല്‍ എമാരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തുമോ എന്ന ചോദ്യത്തിന്, പ്രത്യയശാസ്‌ത്രത്തിന് പ്രാധാന്യം നല്‍കാത്ത ആളുകളുമായി സംസാരിക്കുന്നതില്‍ അര്‍ഥമില്ലെന്നായിരുന്നു മറുപടി. 'ഭാരത് ജോഡോ യാത്രക്ക് തുരങ്കം വയ്ക്കാൻ ദിവസേന തെറ്റായ വിവരങ്ങള്‍ ബിജെപി പ്രചരിപ്പിക്കുന്നു, ഞങ്ങൾ അചഞ്ചലരായി മുന്നോട്ടു പോകും. ബിജെപിയുടെ ഈ വൃത്തികെട്ട തന്ത്രങ്ങളെ ഞങ്ങള്‍ മറികടക്കും' - കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ഇൻ ചാർജ് ജയറാം രമേഷ് പ്രതികരിച്ചു.
കോൺഗ്രസ് നോമിനികള്‍ ആയതിനാലാണ് എട്ട് പേര്‍ക്കും ജനങ്ങൾ വോട്ട് ചെയ്‌തത്. ബിജെപിയിലേക്ക് കൂറുമാറില്ലെന്ന് കോൺഗ്രസ് എംഎൽഎമാർ ക്ഷേത്രത്തിനും പള്ളിക്കും ദർഗയ്ക്കും മുന്നിൽ സത്യം ചെയ്‌തിരുന്നു. തങ്ങൾ എന്നും കോൺഗ്രസിനൊപ്പം ഉണ്ടാകുമെന്ന് സത്യവാങ്മൂലം നൽകുകയും ഭരണഘടനയിൽ തൊട്ട് പ്രതിജ്ഞയെടുക്കുകയും ചെയ്‌തവരാണ് കൂറുമാറിയതെന്ന് ഗോവയുടെ ചുമതലയുള്ള എഐസിസി അംഗം ദിനേശ് ഗുണ്ടു റാവുവും പ്രതികരിച്ചു.