കേരളം

kerala

ETV Bharat / bharat

'സഹ താരങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ഇകഴ്‌ത്തുന്നത് ശരിയല്ല'; പി ടി ഉഷയ്‌ക്ക് മറുപടിയുമായി ശശി തരൂർ - ബ്രിജ് ഭൂഷൺ ശരൺ സിങ്

അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നത് രാഷ്‌ട്രത്തിന്‍റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നില്ലെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു

P T Usha remarks on wrestlers protest  P T Usha on wrestlers protest  Shhashi Tharoor on P T Usha  Wrestlers protest latest update  Wrestlers protest against Brij Bhushan  Congress leader Shashi Tharoor slams PT Usha  പി ടി ഉഷയ്‌ക്കെതിരെ ശശി തരൂർ  ശശി തരൂർ  പി ടി ഉഷ  ബ്രിജ് ഭൂഷൺ ശരൺ സിങ്  ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യ
പി ടി ഉഷയ്‌ക്ക് മറുപടിയുമായി ശശി തരൂർ

By

Published : Apr 28, 2023, 6:35 PM IST

ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങളെ വിമർശിച്ച പി ടി ഉഷക്കെതിരെ രംഗത്തെത്തി ശശി തരൂർ. അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നത് രാഷ്‌ട്രത്തിന്‍റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നില്ലെന്നും ആവർത്തിച്ചുള്ള ലൈംഗിക പീഡനത്തിനിരയായ സഹകായിക താരങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ഇകഴ്‌ത്തുന്നത് ശരിയല്ലെന്നും പി ടി ഉഷയ്‌ക്ക് മറുപടിയായി തരൂർ ട്വിറ്ററിൽ കുറിച്ചു.

'പ്രിയപ്പെട്ട പി ടി ഉഷ. ആവർത്തിച്ചുള്ളതും അനാവശ്യവുമായ ലൈംഗിക പീഡനത്തിന് മുന്നിൽ നിങ്ങളുടെ സഹ കായികതാരങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ഇകഴ്ത്തുന്നത് ശരിയല്ല. അവരുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നത് രാഷ്‌ട്രത്തിന്‍റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നില്ല. അവരുടെ ആശങ്കകൾ അവഗണിക്കുന്നതിന് പകരം അവരെ കേൾക്കുന്നതിനും അതിൽ അന്വേഷണം നടത്തി നടപടിയെടുക്കുന്നതിലുമാണ് കാര്യം', തരൂർ ട്വീറ്റ് ചെയ്‌തു.

താരങ്ങൾ തെരുവിലിറങ്ങി സമരം ചെയ്യുന്നത് ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കി എന്നായിരുന്നു പി ടി ഉഷയുടെ വിവാദ പരാമർശം. തെരുവിലെ സമരം കായിക മേഖലയ്‌ക്ക് ഗുണം ചെയ്യില്ലെന്നും സമരത്തിന് പോകുന്നതിന് മുൻപ് താരങ്ങൾ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നുമാണ് പി ടി ഉഷ പറഞ്ഞത്. ഉഷയുടെ പരാമർശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.

പിന്തുണയുമായി താരങ്ങൾ: നേരത്തെ ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാക്കളായ അഭിനവ് ബിന്ദ്രയും, നീരജ് ചോപ്രയും ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. രാജ്യത്തിനായി കഠിനാധ്വാനം ചെയ്‌തവരാണ് താരങ്ങളെന്നും വിഷയത്തിൽ അധികാരികൾ വേഗത്തിൽ നടപടി എടുക്കണമെന്നുമാണ് നീരജ് ചോപ്ര ട്വിറ്ററിൽ കുറിച്ചത്.

'നമ്മുടെ കായിക താരങ്ങൾ നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങുന്നത് വേദനിപ്പിക്കുന്നു. നമ്മുടെ മഹത്തായ രാജ്യത്തെ പ്രതിനിധീകരിക്കാനും നമ്മെ അഭിമാനിപ്പിക്കാനും അവർ കഠിനമായി പ്രയത്നിച്ചു. ഇപ്പോൾ നടക്കുന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. ഈ വിഷയം നിഷ്‌പക്ഷമായും സുതാര്യമായും കൈകാര്യം ചെയ്യണം. നീതി ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ വേഗത്തിലുള്ള നടപടി സ്വീകരിക്കണമെന്നും നീരജ് ചോപ്ര പറഞ്ഞു.

കായിക താരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട അവസ്ഥ ആശങ്കാജനകമാണെന്നാണ് അഭിനവ് ബിന്ദ്ര ട്വിറ്ററിൽ കുറിച്ചത്. 'അത്‌ലറ്റുകളെന്ന നിലയിൽ രാജ്യാന്തര വേദിയിൽ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കാൻ ഞങ്ങൾ എല്ലാ ദിവസവും കഠിനമായി പരിശീലിക്കുന്നു. പീഡനാരോപണങ്ങളിൽ നമ്മുടെ കായിക താരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട അവസ്ഥ ആശങ്കാജനകമാണ്. പ്രശ്‌ന ബാധിതരായ എല്ലാവരോടും ഞാൻ ഹൃദയം കൊണ്ട് ഒപ്പം നിൽക്കുന്നു

പീഡനം തടയാൻ കഴിയുന്ന ഒരു സംവിധാനത്തിന്‍റെ ആവശ്യകതയെയാണ് ഈ സംഭവം എടുത്ത് കാണിക്കുന്നത്. ദുരിത ബാധിതർക്ക് നീതി ഉറപ്പാക്കണം. എല്ലാ കായിക താരങ്ങൾക്കും സുരക്ഷിതമായ അന്തരീക്ഷം സൃഷ്‌ടിക്കുന്നതിനായി നാം പ്രവർത്തിക്കാണമെന്നും ബിന്ദ്ര ട്വിറ്ററിൽ കുറിച്ചിരുന്നു.

ഗുരുതരമായ ആരോപണം: ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ഉൾപ്പെടെ ഏഴ് വനിത ഗുസ്‌തി താരങ്ങള്‍ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്. ലൈംഗിക പീഡന പരാതിയിൽ നടപടി എടുക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ നൽകിയ ഉറപ്പ് പാലിക്കാത്തതിനെത്തുടർന്നാണ് താരങ്ങൾ വീണ്ടും പ്രതിഷേധവുമായി എത്തിയത്.

ഈ വര്‍ഷം ജനുവരിയിലാണ് വനിത ഗുസ്‌തി താരങ്ങള്‍ ബ്രിജ്‌ ഭൂഷണെതിരെ ആദ്യമായി ലൈംഗികാതിക്രമ പരാതിയുമായി രംഗത്തെത്തിയത്. ബ്രിജ്‌ ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ജന്തര്‍ മന്ദറില്‍ തന്നെയായിരുന്നു താരങ്ങളുടെ പ്രതിഷേധം. ജനുവരി 18ന് ആരംഭിച്ച സമരം മൂന്ന് ദിവസമാണ് നീണ്ടുനിന്നത്. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നായിരുന്നു അന്ന് താരങ്ങള്‍ സമരം അവസാനിപ്പിച്ചത്.

ABOUT THE AUTHOR

...view details