ന്യൂഡല്‍ഹി:തെലങ്കാനയിലും മഹാരാഷ്‌ട്രയിലും ഭാരത് രാഷ്‌ട്ര സമിതി (ബിആര്‍എസ്) പ്രവര്‍ത്തിക്കുന്നത് ബിജെപിക്കായാണെന്ന രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും തെലങ്കാനയുടെ ചുമതലയുള്ള എഐസിസി അംഗവുമായ മണിക്റാവു താക്കറെ. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യൻ സംസ്ഥാനത്തില്‍ എതിരാളിയുമായി കൈ കോര്‍ക്കാനില്ലെന്നും അദ്ദേഹം ഇടിവി ഭാരതിനോട് വ്യക്തമാക്കി. അതേസമയം 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കുമിടെയാണ് കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതികരണം.
ബിആര്‍എസിനോട് 'നോ' പറഞ്ഞ്:തെലങ്കാനയില്‍ ബിജെപിയെ സഹായിക്കാനും കോണ്‍ഗ്രസിനെ തകര്‍ക്കാനുമാണ് ബിആര്‍എസ് പ്രവര്‍ത്തിക്കുന്നത്. മഹാരാഷ്‌ട്രയിലെ ചില ഭാഗങ്ങളിലും അവര്‍ ഇതുതന്നെയാണ് ചെയ്യുന്നതെന്നും മണിക്‌റാവു താക്കറെ കുറ്റപ്പെടുത്തി. അതുകൊണ്ടുതന്നെ പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കിയത് പോലെ ബിആര്‍എസുമായി യാതൊരു സഹകരണവുമില്ലെന്നും അവര്‍ക്കെതിരെ ശക്തമായി പൊരുതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാം 'അസൂയ' കൊണ്ട്:തങ്ങളുടെ ഹാഥ് സേ ഹാഥ് ജോഡോ യാത്രയും സംസ്ഥാന ഘടകത്തിന്‍റെ അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ പദയാത്രയും ജനങ്ങളെ ആകര്‍ഷിക്കുന്നു. സ്വാഭാവികമായും ഭരണകക്ഷിക്ക് ഇതില്‍ ആശങ്കയുണ്ടെന്നും മണിക്റാവു താക്കറെ ബിആര്‍എസിന് എതിരെ ഒളിയമ്പെയ്‌തു. ഇന്ന് കരിംനഗറിലാണ് യാത്രയുള്ളത്. സംസ്ഥാനത്തുടനീളമുള്ള തൊഴിലാളികള്‍ കരിംനഗറിൽ ഒത്തുകൂടിയതോടെ റെക്കോഡ് ജനപങ്കാളിത്തമാണ്. കൂടാതെ തൊഴിലാളികളെ അഭിസംബോധന ചെയ്യാൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ തങ്ങൾ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ അഴിമതിയിലാണെന്ന് ആരോപിച്ച അദ്ദേഹം, കോൺഗ്രസ് ബിആർഎസിനെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
യാത്രകള്‍ വെറുതെയല്ല:ജനങ്ങൾക്കൊപ്പമുള്ളതും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതും കോൺഗ്രസ് മാത്രമാണ്. രാഹുല്‍ ഗാന്ധി രാജ്യവ്യാപകമായി നടത്തിയ ഭാരത് ജോഡോ യാത്രയുടെ മാതൃകയിലാണ് മാറ്റത്തിനായുള്ള കാൽനടയാത്രയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാഥ് സേ ഹാഥ് യാത്ര നടക്കുന്നത്. 119 നിയമസഭ മണ്ഡലങ്ങളെയും കടന്നുപോകാന്‍ പദ്ധതിയിട്ട യാത്ര 24 ദിവസം പിന്നിടുമ്പോള്‍ കൂടുതല്‍ സമയവും ചെലവിട്ടത് ഹൈദരാബാദിലാണെന്നും രാഹുൽ ഗാന്ധിയുടെ സന്ദേശം എല്ലാ വീടുകളിലും എത്തിച്ചാണ് കാല്‍നട യാത്ര പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നേതാക്കള്‍ തമ്മില്‍ പ്രശ്‌നങ്ങളില്ല:അതേസമയം കഴിഞ്ഞ വര്‍ഷം സംസ്ഥാന ഘടകത്തിലെ പടലപ്പിണക്കങ്ങളെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുതിര്‍ന്ന നേതാവ് ദ്വിഗ്‌വിജയ് സിങിനെ സ്ഥിതിഗതികള്‍ വിലയിരുത്താനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായി അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അന്ന് എഐസിസിയുടെ ചുമതലയുള്ള മാണിക്കം ടാഗോറിനെ മാറ്റി മഹാരാഷ്‌ട്ര മുൻ യൂണിറ്റ് മേധാവിയും സംസ്ഥാന മന്ത്രിയുമായിരുന്ന മണിക്‌റാവു താക്കറെയെ നിയമിക്കുകയായിരുന്നു. നിലവില്‍ പ്രാദേശിക യൂണിറ്റ് ഐക്യത്തിലാണെന്നും എല്ലാ നേതാക്കളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തതായും മണിക്‌റാവു താക്കറെ വ്യക്തമാക്കി. നേതാക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്നും ചെറിയ പ്രശ്‌നങ്ങളുണ്ടെങ്കിൽ പോലും തങ്ങൾ അത് പരിഹരിച്ച് മുന്നോട്ടുപോകുമെന്നും മണിക്‌റാവു താക്കറെ കൂട്ടിച്ചേര്‍ത്തു.
മറുപടി വന്ന വഴി:അതേസമയം കോൺഗ്രസ് ഇപ്പോൾ ഒരു ദേശീയ പാർട്ടിയല്ലെന്നും വലിയ പ്രാദേശിക പാർട്ടിയായി മാറിയെന്നും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളും ബിആര്‍എസ് നേതാവുമായ കെ.കവിത ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശനമുന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതികരണം. മറ്റ് പ്രാദേശിക പാർട്ടികളെ കാവി പാര്‍ട്ടിയുടെ ബി ടീം എന്ന് വിളിക്കുന്നതിന് പകരം, കോൺഗ്രസ് ധാർഷ്‌ട്യം ഉപേക്ഷിച്ച് ബിജെപിയെ നേരിടാൻ അവരുമായി ചേർന്ന് പ്രവർത്തിക്കണമെന്നും കെ.കവിത വിമര്‍ശിച്ചിരുന്നു.