ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ജയ്‌വീർ ഷെർഗിൽ പാർട്ടിയുടെ ദേശീയ വക്താവ് സ്ഥാനം രാജിവച്ചു. ഇന്ന്(24.08.2022) ഉച്ചയോടെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് നൽകി. കോൺഗ്രസിൽ തീരുമാനങ്ങൾ വ്യക്തി താൽപര്യത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും, പൊതു താൽപര്യങ്ങളും ദേശീയ താൽപര്യങ്ങളും പാർട്ടി നേതൃത്വങ്ങൾ അവഗണിക്കുന്നുവെന്നും ഷെർഗിൽ രാജിക്കത്തിൽ പറയുന്നു.
പാർട്ടി നേതൃത്വവുമായുള്ള വിയോജിപ്പുകൾ: ദേശീയ വക്താവ് സ്ഥാനം രാജിവച്ച് കോൺഗ്രസ് നേതാവ് ജയ്‌വീർ ഷെർഗിൽ
പൊതു താൽപര്യങ്ങളും ദേശീയ താൽപര്യങ്ങളും അവഗണിച്ച് കോൺഗ്രസിൽ തീരുമാനങ്ങൾ വ്യക്തി താൽപര്യത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും, പൊതുജനങ്ങളുടെയും രാജ്യത്തിന്‍റെയും താൽപര്യത്തിന് വേണ്ടി തീരുമാനങ്ങൾ എടുക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് ജയ്‌വീർ ഷെർഗിൽ വിമർശിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ തീരുമാനങ്ങൾ എടുക്കുന്നവരുടെ പ്രത്യയശാസ്‌ത്രവും കാഴ്‌ചപ്പാടും, യുവാക്കളുടെയും ആധുനിക ഇന്ത്യയുടെയും അഭിലാഷങ്ങളുമായി ഒത്തുപോകുന്നില്ല എന്നുള്ളതാണ് പ്രാഥമിക കാരണമെന്ന് കത്തിൽ പറയുന്നു. കൂടാതെ, തീരുമാനങ്ങൾ എടുക്കുന്നത് പൊതുജനങ്ങളുടെയും രാജ്യത്തിന്‍റെയും താൽപര്യത്തിന് വേണ്ടിയല്ല. ഇതെല്ലാം പറയുന്നതിൽ തനിക്ക് ദുഖമുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നു.
മാത്രമല്ല, യാഥാർഥ്യത്തെ നിരന്തരം അവഗണിക്കുകയും ചെയ്യുന്നു. എനിക്ക് ധാർമ്മികമായി ഇത് അംഗീകരിക്കാനോ പാർട്ടിയിൽ പ്രവർത്തിക്കുന്നത് തുടരാനോ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബ് സ്വദേശിയായ ജയ്‌വീർ ഷെർഗിൽ തൊഴിൽപരമായി അഭിഭാഷകനാണ്. യുവ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം.