വയനാട്:രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടികളില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇതിന്‍റെ ഭാഗമായി രാഹുല്‍ ഗാന്ധിക്കെതിരായ നടപടികൾക്കെതിരെയും, മോദി-അദാനി ബന്ധം തുറന്നുകാട്ടിയും സത്യവേമ ജയതേ എന്ന സന്ദേശമുയര്‍ത്തി രാജ്യ വ്യാപകമായി ജയ് ഭാരത് സത്യഗ്രഹം എന്ന പേരില്‍ പ്രക്ഷോഭ, കാമ്പയിന്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.
ഏപ്രില്‍ ഒന്ന് മുതല്‍ 10 വരെ ബ്ലോക്ക് തലങ്ങളിലും, ഏപ്രില്‍ 10 മുതല്‍ 20 വരെ ജില്ലാ തലങ്ങളിലും, 20 മുതല്‍ 30 വരെയും സംസ്ഥാന തലത്തിലും എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും പരിപാടികള്‍ നടത്തുക. ഏപ്രില്‍ മൂന്നാം വാരം ഡല്‍ഹിയില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന ജയ് ഭാരത് സത്യഗ്രഹം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മോദി സർക്കാരിനെ വലിച്ച് താഴെയിടും: മോദി-അദാനി ബന്ധം തുറന്ന് കാട്ടിയുള്ള പോരാട്ടവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും. മോദിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ പോരാടാന്‍ തയ്യാറായ എല്ലാരെയും പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുക. രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ വൈകുന്നുവെന്നത് പ്രചാരണം മാത്രമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കുറ്റമറ്റ രീതിയിലുള്ള അപ്പീല്‍ നല്‍കാനുള്ള കാലതാമസം മാത്രമാണുണ്ടാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസാധാരണമായ സാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അതുകൊണ്ട് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഒരുമിച്ച് മുന്നോട്ട് പോകുകയാണ്. മോദി സര്‍ക്കാരിനെ വലിച്ചുതാഴെയിടുകയെന്നതിനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.