ന്യൂഡൽഹി : തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്‍റെ നിർദേശം കണക്കിലെടുത്ത് സംഘടന തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്. ആറ് കോടിയിലധികം പേരാണ് ഇതുവരെ പാർട്ടി അംഗത്വം സ്വീകരിച്ചിട്ടുള്ളത്. അംഗങ്ങളെ ചേർക്കുന്ന പ്രക്രിയ പൂർത്തിയാക്കിയെന്നും ആറ് കോടിയിൽ പരം പേര്‍ ഇതുവരെ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും കോൺഗ്രസ് സെൻട്രൽ തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി പറഞ്ഞു.
ഓൺലൈനിലൂടെ മാത്രം ഏകദേശം 2.6 കോടി പേര്‍ അംഗത്വം നേടി. ശേഷിക്കുന്നവര്‍ ഓഫ്‌ലൈനായാണ് അംഗത്വമെടുത്തത്. ഇവര്‍ക്കെല്ലാം സംഘടന തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അർഹതയുണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. പ്രാഥമിക തലം മുതൽ ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് തുടർന്ന് ബൂത്ത് കമ്മിറ്റിയിലും, ബ്ലോക്ക്, ജില്ല, സംസ്ഥാന തലങ്ങളിലും നടക്കും. ഇതിനായി രാജ്യത്തുടനീളം 756 ജില്ല റിട്ടേണിങ് ഓഫിസർമാരെ നിയമിച്ചിട്ടുണ്ടെന്നും മിസ്ത്രി അറിയിച്ചു.