ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്‍റ് (New Parliament) മന്ദിരത്തിന്‍റെ ഉദ്‌ഘാടനവും പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തിലൂടെയുള്ള പ്രവര്‍ത്തനാരംഭവുമെല്ലാം നടന്നിരിക്കെ, പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മാണത്തെ ചൊല്ലി കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് (Congress). പുതിയ പാര്‍ലമെന്‍റ് മന്ദിരത്തെ മോദി മള്‍ട്ടിപ്ലക്‌സ് (Modi Multiplex) എന്നോ അല്ലെങ്കില്‍ മോദി മാരിയറ്റ് എന്നോ വിളിക്കണമെന്നറിയിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശാണ് (Jairam Ramesh) കേന്ദ്രത്തിനും മോദിക്കുമെതിരെ ആഞ്ഞടിച്ചത്. ഒരു നിര്‍മിതിക്ക് ജനാധിപത്യത്തെ കൊല്ലാനാവുമെങ്കില്‍, രാജ്യത്തിന്‍റെ ഭരണഘടന (Constitution) പോലും തിരുത്തിയെഴുതാതെ പ്രധാനമന്ത്രി (Prime Minister) അതില്‍ വിജയിച്ചുവെന്നും ജയ്‌റാം രമേശ് പരിഹസിച്ചു.
ഇത് 'മോദി മള്‍ട്ടിപ്ലക്‌സ്':വളരെയധികം കൊട്ടിഘോഷിച്ച് ആരംഭിച്ച പുതിയ പാർലമെന്‍റ് മന്ദിരം യഥാർഥത്തിൽ പ്രധാനമന്ത്രിയുടെ ഉദ്യേശങ്ങള്‍ നന്നായി സാക്ഷാത്കരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അതിനെ മോദി മൾട്ടിപ്ലക്സ് അല്ലെങ്കിൽ മോദി മാരിയറ്റ് എന്ന് വിളിക്കണം. നാല് ദിവസങ്ങള്‍ക്കിപ്പുറം ഇരുസഭകളിലും ഇടനാഴികളിലുമായി ഞാൻ കണ്ടത് സംസാരങ്ങളുടെയും സംഭാഷണങ്ങളുടെയും മരണമാണെന്നും ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു.
ഹാളുകൾ സുഖകരമോ ഒതുക്കമുള്ളതോ അല്ലാത്തതിനാൽ പരസ്‌പരം കാണാന്‍ ബൈനോക്കുലറുകൾ ആവശ്യമാണ്. പഴയ പാർലമെന്‍റ് മന്ദിരത്തിന് ഒരു പ്രത്യേക പ്രഭാവലയം മാത്രമല്ല, അത് സംഭാഷണങ്ങള്‍ സുഗമമാക്കിയിരുന്നു. ഇരുസഭകള്‍ക്കിടയിലെയും സെന്‍ട്രല്‍ ഹാള്‍, ഇടനാഴി എന്നിവടങ്ങളിലേക്കുള്ള യാത്ര എളുപ്പമായിരുന്നു. എന്നാല്‍ ഈ പുതിയ കെട്ടിടം പാർലമെന്‍റിന്‍റെ നടത്തിപ്പ് വിജയകരമാക്കുന്നതിനാവശ്യമായ ബന്ധത്തെ ദുര്‍ബലമാക്കുന്നു. മാത്രമല്ല ഇരുസഭകളും തമ്മിലുള്ള വേഗത്തിലുള്ള ഏകോപനം വളരെ ബുദ്ധിമുട്ടുള്ളതുമാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.