ന്യൂഡൽഹി: പാർട്ടിയിൽ നിന്ന് അപ്രതീക്ഷിത രാജി പ്രഖ്യാപിച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദിനെതിരെ കോണ്‍ഗ്രസ് നേതാക്കൾ. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ പുകഴ്‌ത്തിയും മകൻ രാഹുൽ ഗാന്ധിയെ ആക്ഷേപിച്ചും ആസാദ് നൽകിയ രാജിക്കത്തിന്‍റെ സമയവും രാജിക്കത്തിന്‍റെ ഉള്ളടക്കവുമാണ് കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്‌തത്. കൂടാതെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ ന്യായീകരിച്ചും നേതാക്കൾ രംഗത്തെത്തി.
ഗുലാമിന്‍റെ നടപടിയെ അംഗീകരിക്കുന്നില്ലെന്ന് മുൻ എംപിയും കേന്ദ്രമന്ത്രിയുമായ ജെപി അഗർവാൾ ഇടിവി ഭാരതിനോട് പറഞ്ഞു. 'ഇല്ല, എനിക്ക് ഇത് ഇഷ്‌ടമല്ല. സംഭവിച്ചതിൽ ഞാൻ സന്തുഷ്‌ടനല്ല. ഒരു നേതാവിന് ആഗ്രഹിക്കാവുന്നതെല്ലാം പാർട്ടി അദ്ദേഹത്തിന് നൽകി. നൽകിയ പദവികളിൽ അദ്ദേഹം നന്നായി പ്രവർത്തിക്കുകയും ചെയ്‌തു.
എന്നാൽ പാർട്ടി എല്ലാ നേതാക്കൻമാർക്കും മുകളിലാണ്. നിങ്ങൾക്ക് ഇഷ്‌ടപ്പെടാത്തതോ അനുരൂപപ്പെടാത്തതോ ആയ ചില പ്രശ്‌നങ്ങൾ ഉണ്ടാകാം. എന്നാൽ അതിനർഥം നിങ്ങൾ സംഘടന വിടുക എന്നല്ല. ഈ സമയത്ത് അദ്ദേഹം പാർട്ടി വിടാൻ പാടില്ലായിരുന്നു, ജെപി അഗർവാൾ പറഞ്ഞു.
രാജി തെറ്റായ സമയത്ത്: അതേസമയം മോദി സർക്കാരിന്‍റെ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധം സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് ആസാദിന്‍റെ രാജിയെന്ന് എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ പറഞ്ഞു. മാധ്യമങ്ങൾക്ക് പുറത്ത് വിട്ട ഗുലാം നബി ആസാദിന്‍റെ രാജിക്കത്ത് ഞങ്ങൾ വായിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്‌മ, ധ്രുവീകരണം തുടങ്ങിയ പൊതുപ്രശ്‌നങ്ങളിൽ ബിജെപിക്കെതിരെ പോരാടാൻ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.
വിലക്കയറ്റത്തിനെതിരെ സെപ്‌റ്റംബർ നാലിന് ന്യൂഡൽഹിയിൽ സംഘടിപ്പിക്കുന്ന റാലിയുടേയും സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയുടേയും ഒരുക്കങ്ങൾ നടക്കുകയാണ്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പാർട്ടിയുടെ മുഴുവൻ സംഘടനകളും രംഗത്തിറങ്ങുകയും അന്തിമ തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുന്ന സമയത്താണ് ഇത് സംഭവിച്ചത് എന്നത് ഏറ്റവും ദൗർഭാഗ്യകരമാണ്.