ന്യൂഡൽഹി:ആം ആദ്‌മി പാർട്ടി സ്ഥാപകനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ബിജെപിയുമായി കൈകോർത്തിരിക്കുകയാണെന്നും പ്രതിപക്ഷ ഐക്യം തകർക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച് കോൺഗ്രസ്. ജൂൺ 25ന് എഎപിയുടെ മുഖ്യ വക്താവ് പ്രിയങ്ക കക്കർ, രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പരാമർശം നടത്തിയതിനെ തുടർന്നാണ് കോൺഗ്രസും എഎപിയും തമ്മിലുള്ള പോര് വീണ്ടും ആരംഭിച്ചിരിക്കുന്നത്.
ഭരണഘടനയെ സംരക്ഷിക്കാനുള്ള കോൺഗ്രസിന്‍റെ ദൗത്യത്തേക്കാൾ അനിവാര്യം രാഹുൽ ഗാന്ധിയെ മൂന്നാം തവണയും നേതാവായി ചൂണ്ടിക്കാട്ടാതിരിക്കുക എന്നതാണെന്നാണ് ആം ആദ്‌മി പാർട്ടി വക്താവ് പ്രിയങ്ക കക്കർ ട്വീറ്റിറിൽ കഴിഞ്ഞ ദിവസം കുറിച്ചത്. രാജ്യത്തെ രക്ഷിക്കണമെന്നുണ്ടെങ്കിൽ കോണ്‍ഗ്രസ് ആദ്യം രാഹുൽ ഗാന്ധിയെ മൂന്നാം തവണയും മുന്നിൽ നിർത്തരുതെന്നും അതിനായി പ്രതിപക്ഷത്തെ സമ്മർദത്തിലാക്കില്ലെന്നുമുള്ള പ്രഖ്യാപനം നടത്തുകയാണ് വേണ്ടതെന്നും കക്കർ ട്വീറ്റ് ചെയ്‌തു.
പിന്നാലെയാണ് ആംആദ്‌മിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയത്. മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ ആംആദ്‌മി ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ആദ്യമായല്ലെന്നും കെജ്‌രിവാൾ ബിജെപിയുമായി കൈകോർക്കുകയാണെന്നും ഡൽഹി മുൻ കോണ്‍ഗ്രസ് മേധാവി അജയ് മാക്കൻ ഇടിവി ഭാരതിനോട് പറഞ്ഞു.
ജയിലിൽ പോകുമെന്ന ഭയം: കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ ആം ആദ്‌മിയും കെജ്‌രിവാളും ഇത്തരം പരമർശം നടത്തുന്നതും ആദ്യമായല്ലെന്ന് അജയ് മാക്കൻ വിമര്‍ശിച്ചു. കെജ്‌രിവാൾ ബിജെപിയുമായി കൈകോർക്കുന്നു. തന്‍റെ രണ്ട് സഹപ്രവർത്തകരെപ്പോലെ ജയിലിൽ പോകാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല എന്നതാണ് ഇതിന് കാരണം. അതിനാൽ പ്രതിപക്ഷ ഐക്യം തകർക്കാൻ അദ്ദേഹം തയ്യാറാണ്.
അത് തകർക്കുന്ന രൂപത്തിലാണ് അദ്ദേഹം പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്തത്. കോൺഗ്രസിന്‍റെ പിന്തുണ വേണമെങ്കിൽ ഇത്തരം പ്രസ്‌താവനകൾ പാടില്ലായിരുന്നു. കെജ്‌രിവാളിന്‍റെ അഭിപ്രായങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങൾ ബിജെപിയെ അനുകൂലിക്കുന്നതിനുള്ള കണക്കുകൂട്ടിയുള്ള നീക്കമാണെന്നും അജയ് മാക്കൻ ആരോപിച്ചു.