ന്യൂഡൽഹി : മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കായുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ് (Congress' First List Of Candidates). മധ്യപ്രദേശില്‍ 144 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഛത്തീസ്‌ഗഡില്‍ 30 ഉം തെലങ്കാനയില്‍ 55 ഉം സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. അവശേഷിക്കുന്ന സീറ്റുകളിലും വൈകാതെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു (Chhattisgarh, Madhya Pradesh, Telangana assembly polls).
മധ്യപ്രദേശ് : സംസ്ഥാനത്ത് 230 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഇതിൽ 144 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മധ്യപ്രദേശിൽ മുൻ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ കമൽനാഥ് ചിന്ദ്വാര നിയമസഭ മണ്ഡലത്തിൽ മത്സരിക്കും. മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിന്‍റെ മകൻ ജയവർധൻ സിംഗ് രാഗിഗഠ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. നവംബർ 17നാണ് തെരഞ്ഞെടുപ്പ്.
ഛത്തീസ്‌ഗഡ് : 90 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ്. ഇതിൽ 30 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഛത്തീസ്‌ഗഡിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പടാൻ നിയമസഭ മണ്ഡലത്തിലും ഉപമുഖ്യമന്ത്രി ടിഎസ് സിംഗ് ദിയോ അംബികാപൂർ നിയമസഭ സീറ്റിലും ഇറങ്ങും. ഛത്തീസ്‌ഗഡ് നിയമസഭ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായാണ് നടക്കുക. നവംബർ 7, 17 തീയതികളിലാണ് പോളിങ്.
തെലങ്കാന :സംസ്ഥാനത്ത് 119 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ്. 55 കോൺഗ്രസ് സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. തെലങ്കാനയിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അനുമല രേവന്ത് റെഡ്ഡി കൊടങ്കൽ നിയമസഭ മണ്ഡലത്തിലാണ് മത്സരിക്കുന്നത്. നിയമസഭ കക്ഷി നേതാവ് ഭട്ടി വിക്രമാർക്ക മല്ലു മധീര-എസ്‌സി സീറ്റിൽ ജനവിധി തേടും. ഉത്തം കുമാർ റെഡ്ഡി എംപി തെലങ്കാനയിലെ ഹുസൂർനഗർ മണ്ഡലത്തിൽ നിന്നുമാണ് മത്സരിക്കുന്നത്. നവംബർ 30ന് തെരഞ്ഞെടുപ്പ് നടക്കും.