ന്യൂഡല്‍ഹി: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ. മുതിര്‍ന്ന നേതാവ് എ.കെ ആന്‍റണി അധ്യക്ഷനായ കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടേതാണ് നടപടി. പദവികളില്‍ നിന്ന് നീക്കം ചെയ്‌ത് താക്കീത് നല്‍കാനാണ് ശുപാര്‍ശ.
അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിക്കും: നിലവില്‍ എഐസിസി അംഗമായ കെ.വി തോമസിനെ രണ്ട് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും പദവികളില്‍ നിന്ന് നീക്കം ചെയ്‌ത് താക്കീത് നല്‍കിയാല്‍ മതിയെന്ന് അച്ചടക്ക സമിതി തീരുമാനിക്കുകയായിരുന്നു. ഒരാഴ്‌ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമിതി ഏപ്രില്‍ 11ന് കെ.വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.
കണ്ണൂരില്‍ വച്ച് നടന്ന സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സെമിനാറില്‍ പങ്കെടുക്കാന്‍ കെ.വി തോമസിനും ശശി തരൂരിനുമാണ് ക്ഷണം ലഭിച്ചത്. എന്നാല്‍ പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് ശശി തരൂര്‍ സെമിനാറില്‍ പങ്കെടുത്തില്ല. കെപിസിസി വിലക്കും പങ്കെടുക്കരുതെന്ന സോണിയ ഗാന്ധിയുടെ നിര്‍ദേശവും ലംഘിച്ചാണ് കെ.വി തോമസ് സിപിഎം വേദിയിലെത്തിയത്.
ഇത് പാര്‍ട്ടി അച്ചടക്ക ലംഘനമാണെന്ന് ആരോപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എഐസിസിയ്ക്ക് കത്ത് നല്‍കിയിരുന്നു. ഈ പരാതി പരിശോധിച്ച ശേഷമാണ് അച്ചടക്ക സമിതി കെ.വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അതേസമയം, മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് സുനിൽ ജാഖറിനെ പാര്‍ട്ടിയില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തു. മേഘാലയയിലെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരേയും രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്.
Also read: ആലപ്പുഴ ബിഷപ്പുമായി കെവി തോമസിന്‍റെ കൂടിക്കാഴ്‌ച; സൗഹൃദ സന്ദര്‍ശനമെന്ന് പ്രതികരണം