ന്യൂഡൽഹി : യാസ് ചുഴലിക്കാറ്റ് വന്‍തോതിൽ നാശം വിതച്ച സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ 3000 കോടി ധനസഹായം നൽകണമെന്ന് കോൺഗ്രസ്. പ്രധാനമന്ത്രി രാഷ്‌ട്രീയ പക്ഷഭേദം മാറ്റിനിർത്തി പശ്ചിമ ബംഗാൾ, ഒഡിഷ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്കും ആവശ്യമായ ധനസഹായം നൽകണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു.
ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനങ്ങളിലുണ്ടായ നാശനഷ്‌ടം വിലയിരുത്താൻ പശ്ചിമ ബംഗാൾ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു. സംസ്ഥാനങ്ങൾക്ക് 1000 കോടി ധനസഹായം പ്രഖ്യാപിച്ച പ്രധാനമന്ത്രി, 500 കോടി ഒഡിഷക്ക് അടിയന്തരമായി നൽകണമെന്നും നാശനഷ്‌ടങ്ങൾ വിലയിരുത്തി പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും 500 കോടി വീതിച്ച് നൽകണമെന്നും നിര്‍ദേശിച്ചിരുന്നു.