ന്യൂഡൽഹി :രാജ്യത്തെ കൊവിഡ് മരണങ്ങളുടെ യഥാര്‍ഥ കണക്ക് പുറത്തുകൊണ്ടുവരാന്‍ നിഷ്‌പക്ഷ സമിതിയെ നിയോഗിക്കണമെന്ന് കോണ്‍ഗ്രസ്. വാക്‌സിന്‍ വിതരണം നൂറ് കോടി കടന്നത് കേന്ദ്ര സര്‍ക്കാര്‍ ആഘോഷമാക്കുമ്പോഴാണ് പ്രതിപക്ഷത്തിന്‍റ പ്രതികരണം. 4.53 ലക്ഷം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് കേന്ദ്രത്തിന്‍റെ കണക്ക്.
40 മുതല്‍ 65 ലക്ഷം വരെ കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഉണ്ടായതെന്നാണ് അനൗദ്യോഗിക കണക്കെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു. അതിനാല്‍ ഒരു ജഡ്ജിയുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ കൂടി ഉള്‍പ്പടുത്തി കമ്മിഷനെ നിയോഗിക്കണം. ഇതിന് മുന്നോടിയായി എല്ലാ രാഷ്ട്രീയ കക്ഷികളോടും ചര്‍ച്ച ചെയ്യണം. പല രാജ്യങ്ങളും ഇത്തരം കമ്മിഷനുകളെ നിയോഗിച്ചിട്ടുണ്ട്. കണക്കില്‍പ്പെടാത്ത മരണങ്ങള്‍ക്ക് ആര് ഉത്തരം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More: നൂറ് കോടിഡോസ് വാക്സിന്‍ ; ഉത്കണ്ഠയിൽ നിന്ന് ഉറപ്പിലേക്കെത്തിയെന്ന് പ്രധാനമന്ത്രി
മരണങ്ങളെക്കുറിച്ച് പഠിച്ചാല്‍ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കമ്മിഷന് കഴിയും. ലോകത്തെ കൊവിഡ് പ്രതിരോധത്തില്‍ മികച്ച 20 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇതില്‍ മിക്ക രാജ്യങ്ങളും ജനങ്ങള്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിക്കഴിഞ്ഞു.