ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ആറ് പ്രതികളെ വിട്ടയയ്ക്കാനുള്ള സുപ്രീംകോടതി ഉത്തരവ് അസ്വീകാര്യമെന്ന് കോൺഗ്രസ്. കോടതി തീരുമാനം തെറ്റായതാണെന്നും കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു. കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരൻ, ആർപി രവിചന്ദ്രൻ എന്നിവരുൾപ്പടെ ആറ് പ്രതികളെയാണ് ശിക്ഷ കാലാവധി തീരും മുൻപ് വിട്ടയയ്ക്കാൻ സുപ്രീം കോടതി ഇന്ന് ഉത്തരവിട്ടത്.
'രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയച്ച വിധി അസ്വീകാര്യം' ; പ്രതിഷേധിച്ച് കോണ്‍ഗ്രസ് - മലയാളം വാർത്തകൾ
രാജീവ് ഗാന്ധി വധ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന നളിനി ശ്രീഹരൻ, ആർപി രവിചന്ദ്രൻ എന്നിവരുൾപ്പടെ ആറ് പ്രതികളെയാണ് കാലാവധി തീരും മുൻപ് വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്
കേസിലെ പ്രതികളിലൊരാളായ എജി പേരറിവാളന്‍റെ കേസിലെ സുപ്രീം കോടതി വിധി നിലവിൽ ശിക്ഷ അനുഭവിക്കുന്നവരുടെ കാര്യത്തിലും ഒരുപോലെ ബാധകമാണെന്ന് ജസ്റ്റിസുമാരായ ബിആർ ഗവായ്, ബിവി നാഗരത്‌ന എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. മോചനം ആവശ്യപ്പെട്ട് നളിനി ശ്രീഹരനും ആർപി രവിചന്ദ്രനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നേരത്തെ വിട്ടയയ്‌ക്കാനുള്ള തങ്ങളുടെ അപേക്ഷകൾ നിരസിച്ച മദ്രാസ് ഹൈക്കോടതിയുടെ ജൂൺ 17 ലെ ഉത്തരവിനെ ഇരുവരും ചോദ്യം ചെയ്യുകയും കൂട്ടുപ്രതി പേരറിവാളനെ മോചിപ്പിക്കാൻ ഉത്തരവിട്ട സുപ്രീം കോടതി വിധി ഉയർത്തിക്കാട്ടുകയും ചെയ്‌തു.
കേസിൽ നളിനി, രവിചന്ദ്രൻ, ശാന്തൻ, മുരുകൻ, പേരറിവാളൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവർക്ക് ജീവപര്യന്തമാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്. 1991 മെയ് 21ന് രാത്രി തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.