ഉദയ്‌പൂര്‍ (രാജസ്ഥാന്‍): രാജസ്ഥാനിലെ ഉദയ്‌പൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്‍റെ ചിന്തൻ ശിബിരം രണ്ടാം ദിനത്തിലേക്ക് കടന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർട്ടി ജനറൽ സെക്രട്ടറിമാർ, സംസ്ഥാന ഭാരവാഹികൾ, പ്രദേശ് കോൺഗ്രസ് കമ്മിറ്റി മേധാവികൾ, കോൺഗ്രസ് നിയമസഭ കക്ഷി നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും. ചിന്തൻ ശിബിരത്തില്‍ കോൺഗ്രസ് അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ചർച്ചകളും നിർണായക തീരുമാനങ്ങളും ഉണ്ടായേക്കും.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്‍റെ അധ്യക്ഷ പദവി ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയിട്ടില്ല. മാര്‍ച്ച് 14 ന് നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാവ് അധീർ രഞ്ജൻ ചൗധരി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. 2019ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവി രാജിവയ്ക്കുകയും സോണിയ ഗാന്ധി പാർട്ടിയുടെ ഇടക്കാല അധ്യക്ഷയായി സ്ഥാനമേല്‍ക്കുകയുമായിരുന്നു.
ബിജെപിക്കെതിരെ ആഞ്ഞടിച്ച് സോണിയ :ചിന്തന്‍ ശിബിരത്തില്‍ ആറ് വിഷയങ്ങളില്‍ തയ്യാറാക്കുന്ന പ്രമേയത്തിന്മേല്‍ ബന്ധപ്പെട്ട സമിതികള്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. പ്രമേയങ്ങള്‍ക്ക് ശിബിരത്തിന്‍റെ അവസാന ദിനമായ ഞായറാഴ്‌ച അന്തിമ രൂപമാകും. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള നേതാക്കളെ വിവിധ സമിതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.