ഭോപ്പാൽ (മധ്യപ്രദേശ്): നവംബർ 17ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ മാറ്റി കോൺഗ്രസ്. സുമാവോലി, പിപാരിയ, ബദ്‌നഗർ, ജോറ അസംബ്ലി സീറ്റുകളിൽ (Sumaoli, Pipariya, Badnagar and Jaora assembly seats) നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർഥികളെയാണ് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ബുധനാഴ്‌ച മാറ്റിയത്. സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ വിവിധയിടങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ (Congress Changed Candidates in four seats in Madhya Pradesh).
ബദ്‌നഗറിൽ നിലവിലെ സ്ഥാനാർഥി രാജേന്ദ്ര സിങ് സോളങ്കിക്ക് പകരം മുരളി മോർവാളിനെ സ്ഥാനാർഥിയാക്കി. ഭോപ്പാലിലെ പാർട്ടി സംസ്ഥാന അധ്യക്ഷൻ കമൽനാഥിന്‍റെ ബംഗ്ലാവിന് മുന്നിൽ മുരളി മോർവാളിന്‍റെ അനുയായികൾ ടയറുകൾ കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
നർമദാപുരം ജില്ലയിലെ പിപാരിയയിൽ (എസ്‌സി) നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർഥി ഗുരു ചരൺ ഖരെയെ മാറ്റി പകരം വീരേന്ദ്ര ബെൽവൻഷിയ്‌ക്ക് പാർട്ടി ടിക്കറ്റ് നൽകി. രത്‌ലാം ജില്ലയിലെ ജോറ മണ്ഡലത്തിൽ ഹിമ്മത് ശ്രീമലിനെ മാറ്റി പകരം വീരേന്ദ്ര സിങ് സോളങ്കിയ്‌ക്ക് സ്ഥാനാർഥിത്വം നൽകി. ശ്രീമലിന് സ്ഥാനാർഥിത്വം നൽകിയതിനെ സോളങ്കിയുടെ അനുയായികൾ എതിർത്തിരുന്നു.
മൊറേന ജില്ലയിലെ സുമാവലിയിൽ നേരത്തെ പ്രഖ്യാപിച്ച കുൽദീപ് സികർവാറിന് പകരം സിറ്റിങ് നിയമസഭാംഗമായ അജബ് സിംഗ് കുശ്വാഹയാണ് മത്സരിക്കുക. 2020ലെ കമൽനാഥ് സർക്കാർ തകർന്നതിനെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ കുശ്വാഹ വിജയിച്ചിരുന്നു. ഇത്തവണ കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് കുശ്വാഹ തന്‍റെ അനുയായികൾക്കൊപ്പം പ്രതിഷേധ റാലി നടത്തിയിരുന്നു.