ജയ്‌പൂർ: ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്ന രാജസ്ഥാനിലെ ധരിയാവാദ്, വല്ലഭ്‌നഗർ നിയമസഭാ മണ്ഡലങ്ങളിൽ ലീഡ് നിലനിലർത്തി കോൺഗ്രസ് സ്ഥാനാർഥികൾ. ധരിയാവാധിൽ ബിജെപി സ്ഥാനാർഥി ഖേത് സിങ് മീണയേക്കാൾ 1,21,43 വോട്ടുകൾക്ക് കോൺഗ്രസിന്‍റെ നാഗ്‌രാജ് മീണ മുന്നിട്ട് നിൽക്കുമ്പോൾ, വല്ലഭ്‌നഗറിൽ പ്രീതി ശക്താവത്ത് രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർഎൽപി) സ്ഥാനാർഥി ഉദയ്‌ലാൽ ദാംഗിയേക്കാൾ 6,501 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ മുന്നിലാണ്.
അശോക് ഗെഹ്‌ലോട്ട് സർക്കാരിന്‍റെ മികച്ച ഭരണത്തിനാണ് ജനങ്ങൾ വോട്ട് ചെയ്‌തതെന്ന് കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടു. ഇരുസീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. ഇതാണ് തങ്ങൾ പ്രതീക്ഷിച്ചതെന്ന് കായിക മന്ത്രി അശോക് ചന്ദന പറഞ്ഞു. രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന്‍റെ വിജയം നിശ്ചയമെന്ന് ഗതാഗത മന്ത്രി പ്രതാപ് സിങ് ഖാചാരിയവാസും പ്രതികരിച്ചു. ഗെഹ്‌ലോട്ടിന്‍റെ നേതൃത്വത്തിലുള്ള ഭരണം വിജയകരമാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.