ബെംഗളൂരു:മുൻ മന്ത്രിയും ധാർവാഡ് റൂറൽ നിയമസഭ മണ്ഡലത്തിലെ നിലവിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ വിനയ് കുൽക്കർണിയുടെ ഹർജി തള്ളി ഹൈക്കോടതി. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ധാർവാഡിൽ 30 ദിവസം തങ്ങാൻ അനുവദിക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. 2016ൽ ബിജെപി ജില്ലാപഞ്ചായത്ത് അംഗം യോഗേഷ് ഗൗഡയെ കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചന നടത്തിയെന്നതാണ് കുൽക്കർണിക്കെതിരായ കേസ്. ഈ കേസിൽ കോടതിയുടെ അനുമതിയില്ലാതെ ധാർവാഡ് ജില്ലയിൽ പ്രവേശിക്കാൻ പാടില്ലെന്നതുൾപ്പെടെ നാല് ഉപാധികളോടെയാണ് സുപ്രീം കോടതി കുൽക്കർണിക്ക് നേരത്തേ ജാമ്യം അനുവദിച്ചത്.
ALSO READ |കര്‍ണാടക തെരഞ്ഞെടുപ്പ് : അമ്പരപ്പിക്കുന്ന നീക്കവുമായി കോണ്‍ഗ്രസ്, ഒരേ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് 'ഡി കെ സഹോദരന്മാര്‍'
ഹൈക്കമാന്‍ഡിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി:മുൻ മന്ത്രി വിനയ് കുൽക്കർണി സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് കെ നടരാജൻ അധ്യക്ഷനായ സിംഗിൾ ബഞ്ചാണ് പരിഗണിച്ചത്. ഹർജി തള്ളാനുള്ള കാരണങ്ങൾ ഉത്തരവ് പകർപ്പിൽ വിശദീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിനയ് കുൽക്കർണിയെ ധാർവാഡിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ടെന്ന് വാദത്തിനിടെ ഹർജിക്കാരന്‍റെ അഭിഭാഷകൻ പറഞ്ഞു. താന്‍ ഇപ്പോള്‍ ധാർവാഡ് നിയമസഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാണെന്നും ഇത് പരിഗണിച്ച് പ്രവേശനം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞെങ്കിലും കോടതി ചെവിക്കൊണ്ടില്ല.
കുല്‍ക്കര്‍ണിയെ ധാർവാഡിൽ പ്രവേശിപ്പിക്കുന്നത് വിലക്കിയ കാര്യം ടിക്കറ്റ് നൽകിയ കോൺഗ്രസ് ഹൈക്കമാൻഡിന് അറിയില്ലേ എന്ന് കോടതി ചോദിച്ചു. അവർ എങ്ങനെയാണ് അദ്ദേഹത്തിന് ടിക്കറ്റ് നൽകിയത്. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് വിചാരണക്കോടതി ഉത്തരവിട്ടതെന്നും കോടതി പറഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ സുപ്രീം കോടതിക്ക് മുന്‍പാകെ ഹര്‍ജി നല്‍കാമായിരുന്നു. ഹൈക്കോടതിയെ ഈ വിഷയത്തില്‍ എന്തിനാണ് സമീപിച്ചതെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
കേസിന്‍റെ പശ്ചാത്തലം?: 2016ൽ ബിജെപി ജില്ല പഞ്ചായത്ത് അംഗം യോഗേഷ് ഗൗഡയെ കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചന നടത്തിയെന്നാണ് വിജയ് കുൽക്കർണിക്കെതിരായ കേസ്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായിരുന്നു കുല്‍ക്കര്‍ണി. കേസ് സിബിഐ ഏറ്റെടുത്തതോടെയാണ് കുൽക്കർണി അറസ്റ്റിലായത്. വിനയ് കുൽക്കർണിയാണ് കേസില്‍ ഒന്നാം പ്രതി. വിനയ് ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് സിബിഐ എഫ്‌ഐആർ ഫയൽ ചെയ്‌തത്.
ALSO READ |ഡികെ ശിവകുമാറിന്‍റെ നാമനിര്‍ദേശ പത്രികയ്‌ക്ക് അംഗീകാരം; കനകപുര ഇനി യഥാര്‍ഥ തെരഞ്ഞെടുപ്പ് ചൂടിലേക്ക്
ഒന്‍പത് മാസത്തിലധികം ജയിലിൽ കിടന്ന അദ്ദേഹം ഒടുവിൽ സുപ്രീം കോടതിയിൽ നിന്നും ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ നിന്നുമാണ് ജാമ്യം നേടിയത്. കോടതിയുടെ അനുമതിയില്ലാതെ ധാർവാഡ് ജില്ലയിൽ പ്രവേശിക്കാൻ പാടില്ല എന്നതുൾപ്പെടെ നാല് ഉപാധികളാണ് കുൽക്കർണിക്ക് ജാമ്യം അനുവദിക്കുമ്പോൾ സുപ്രീം കോടതി നിര്‍ദേശിച്ചത്. വ്യാഴാഴ്‌ച (ഏപ്രില്‍ 20) വിനയ് കുൽക്കർണിക്ക് വേണ്ടി അദ്ദേഹത്തിന്‍റെ ഭാര്യ ശിവലീല കുൽക്കർണിയാണ് ധാർവാഡ് റൂറൽ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്. മെയ് 10-ാം തിയതിയാണ് കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ്. 13നാണ് ഫലം പുറത്തുവരിക.