ജയ്‌പൂർ:കോൺഗ്രസ് ദേശീയ നേതൃത്വത്തെ അടക്കം പ്രതിരോധത്തിലാക്കി രാജസ്ഥാനില്‍ സച്ചിൻ പൈലറ്റ് ഉപവാസ സമരം ആരംഭിച്ചു. മുൻ ബിജെപി സർക്കാരില്‍ അഴിമതി നടത്തിയവർക്കെതിരെ അശോക് ഗെഹ്‌ലോട്ട് സർക്കാരിന്‍റെ നിഷ്‌ക്രിയത്വത്തിനെതിരെയാണ് സച്ചിൻ പൈലറ്റിന്‍റെ നിരാഹാര സമരം. 'വസുന്ധര സർക്കാരിലെ അഴിമതിക്കെതിരെയുള്ള പ്രതിഷേധം' എന്ന ബാനറിന് കീഴിൽ ജ്യോതി ഫൂലെയുടെ ജന്മദിനമായ ഇന്ന് ജയ്‌പൂരിലെ ഷഹീദ് സ്‌മാരകത്തിലാണ് സച്ചിൻ പൈലറ്റ് നിരാഹാരം ആരംഭിച്ചത്.
അതേസമയം. സച്ചിൻ പൈലറ്റ് നടത്തുന്നത് പാർട്ടി വിരുദ്ധ പ്രവർത്തനമെന്ന് കോൺഗ്രസിന്‍റെ രാജസ്ഥാൻ ഘടകത്തിന്‍റെ ഔദ്യോഗിക വിശദീകരണം. സച്ചിന് സ്വന്തം സർക്കാരുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് മാധ്യമങ്ങളിലും പൊതുജനങ്ങളിലും എത്തിച്ച് ചർച്ച ചെയ്യുന്നതിനുപകരം പാർട്ടിയിൽ തന്നെ ചർച്ച ചെയ്യണമായിരുന്നുവെന്ന് കോൺഗ്രസ് രാജസ്ഥാൻ ഘടകം പറഞ്ഞു. എന്നാൽ സച്ചിൻ പൈലറ്റ് പാർട്ടിയുടെ 'അനിഷേധ്യമായ സ്വത്ത്' ആണെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് ദേശീയ നേതൃത്വം ഇന്ന് നിലപാട് മാറ്റിയിട്ടുണ്ട്. സച്ചിന് പിന്തുണ പ്രഖ്യാപിക്കാതെ അശോക് ഗെഹ്‌ലോട്ട് സർക്കാരിനൊപ്പമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വം ഇന്ന് ട്വീറ്റ് ചെയ്‌തത്.
അതേസമയം നിരാഹാര സമരത്തിന് മുമ്പ് സച്ചിൻ ദേശീ. നേതൃത്വത്തെ ഈ വിഷയം അറിയിച്ചിട്ടില്ല എന്നാണ് രാജസ്ഥാന്‍റെ എഐസിസി ചുമതലയുള്ള സുഖ്‌ജീന്ദർ സിംഗ് രൺധാവ മാധ്യമങ്ങളോട് പറഞ്ഞത്. 'ഞാൻ എഐസിസി അംഗമാണ്. കഴിഞ്ഞ അഞ്ച് മാസമായി സച്ചിൻ പൈലറ്റ് എന്നോട് ഈ വിഷയം ചർച്ച ചെയ്‌തിട്ടില്ല. ഞാൻ അദ്ദേഹവുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന വ്യക്തി ആയിരുന്നു. അദ്ദേഹം കോൺഗ്രസ് പാർട്ടിക്ക് അനിഷേധ്യമായ സമ്പത്തായതിനാൽ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സംഭാഷണത്തിന് ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു,' സുഖ്‌ജീന്ദർ സിംഗ് രൺധാവ പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി.