ഉറക്കം തൂങ്ങി അലസതയോടെ നിന്ന കോണ്‍ഗ്രസിന് ആവേശം പകര്‍ന്നിരിക്കുകയാണ് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ യാത്ര. 2024ല്‍ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുക, കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടുക, ബിജെപിയെ നേരിടുക തുടങ്ങിയ ലക്ഷ്യങ്ങളാണ് രാഹുലിന് മുന്‍പിലുള്ളത്. സെപ്‌റ്റംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് പര്യടനത്തിന് തുടക്കമായത്. കശ്‌മീര്‍ വരെ നീളുന്നതാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നയിക്കുന്ന ഈ യാത്ര.
ദേശീയ പതാകയേന്തിയ യാത്ര: ഭാരത് ജോഡോ യാത്രയുടെ ഹൈലൈറ്റുകളിലെന്നാണ് കോണ്‍ഗ്രസിന്‍റെ പതാക ഉയര്‍ത്തുന്നതിന് പകരം പ്രവര്‍ത്തകര്‍ കൈകളില്‍ ദേശീയ പതാകയേന്തുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രാഹുൽ ഗാന്ധിക്ക് ദേശീയ പതാക കൈമാറി യാത്രയ്ക്ക് തുടക്കം കുറിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. ''ഇന്ത്യൻ പതാകയെന്നാൽ മൂന്ന് നിറവും ഒരു ചക്രവും തുണിക്കഷണവുമല്ല. അതിനെല്ലാം അപ്പുറത്താണ്. ത്രിവർണ പതാക എല്ലാ ഇന്ത്യക്കാരുടെയും സ്വത്താണ്.'' പദയാത്രക്കിടെ പ്രസംഗിക്കവെ രാഹുല്‍ പറഞ്ഞിരുന്നു.
ഭാരത് ജോഡോ യാത്രയുടെ സ്വീകരണ കേന്ദ്രങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍. ഫോട്ടോ കടപ്പാട്: കോണ്‍ഗ്രസ് പാര്‍ട്ടി ട്വിറ്റര്‍ അക്കൗണ്ട് ബിജെപിയും സംഘപരിവാറും പരത്തുന്ന വിദ്വേഷ്വങ്ങള്‍ക്കും ഭിന്നിപ്പിക്കലുകള്‍ക്കും എതിരായിട്ട് ആളുകളെ ഒന്നിപ്പിക്കാനാണ് തങ്ങളുടെ ശ്രമമെന്നാണ് ഈ പര്യടനത്തിന്‍റെ പ്രഖ്യാപനങ്ങളിലൊന്ന്. കോണ്‍ഗ്രസിന്‍റെ ഈ മുദ്രാവാക്യത്തെ ശക്തിപ്പെടുത്തുന്നതാണ് രാജ്യപതാക ഉയര്‍ത്തിയുള്ള ഈ നടത്തമെന്ന് നിസംശയം പറയാം. സോഷ്യല്‍ മീഡിയയിലടക്കം കോണ്‍ഗ്രസിന്‍റെ ഈ നീക്കത്തിന് അനുകൂല പ്രതികരണമാണ് കാണാനാവുന്നത്.
ടി ഷര്‍ട്ട് ആയുധമാക്കി ബിജെപി:ഭാരത് ജോഡോ പദയാത്രയുടെ തുടക്കത്തില്‍ തന്നെ രാഷ്‌ട്രീയം പറയാതെ രാഹുലിനെ വ്യക്തിപരമായി ആക്രമിക്കുന്നതായിരുന്നു ബിജെപി നീക്കം. പര്യടനത്തില്‍ രാഹുല്‍ ധരിച്ച ടി ഷര്‍ട്ടായിരുന്നു കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രധാന വിഷയം. രാഹുൽ ഗാന്ധി ധരിച്ച ടി ഷർട്ടിന്‍റെ വില 41000 രൂപ ആണെന്നായിരുന്നു ബിജെപി ആരോപണം. രാഹുൽ ടി ഷർട്ട് ധരിച്ചുനിൽക്കുന്ന ചിത്രം ഒപ്പം സമാനമായ ടി ഷർട്ടിന്‍റെ വില ഉൾപ്പെടുന്ന മറ്റൊരു ചിത്രവും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടില്‍ പങ്കുവച്ചാണ് ആ പാര്‍ട്ടി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
ALSO READ|'തുല്യ പരിഗണന മുഖ്യ അജണ്ട' ; തൊഴിലാളികള്‍, യുവാക്കള്‍ ഭിന്നശേഷിക്കാരുമായും സംവദിച്ച് രാഹുലിന്‍റെ പദയാത്ര
ഇന്ത്യ പര്യടനത്തില്‍ രാഹുൽ ധരിക്കുന്നത് വിദേശനിർമിത ടി ഷർട്ടാണെന്ന വിലകുറഞ്ഞ ആരോപണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉയര്‍ത്തുകയുണ്ടായി. ബിജെപിയുടെ നിരവധി ആരോപണങ്ങള്‍ ഏറ്റുപിടിച്ച രാജ്യത്തെ മാധ്യമങ്ങള്‍ 'കുപ്പായ വിവാദം' ആളിക്കത്തിച്ചു. ഇത് സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ കൊണ്ടാടുകയും ചെയ്‌തു.
'ഇത് തിരുപ്പതി ടി ഷര്‍ട്ട്':അതേസമയം, വിവാദത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. രാഹുൽ ഉപയോഗിച്ച ടി ഷർട്ട് തിരുപ്പൂരിൽ നിർമിച്ചതാണെന്ന് തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെഎസ് അഴഗിരി പറഞ്ഞു. കാൽനടയാത്രയ്ക്കായി കോൺഗ്രസ് കമ്മിറ്റി 20,000 ടി ഷർട്ടുകൾക്ക് ഓർഡർ നൽകിയിരുന്നു. ഇക്കൂട്ടത്തില്‍ നാലെണ്ണമൊഴികെ മറ്റുള്ളവയിലെല്ലാം കോൺഗ്രസ് നേതാക്കളുടെ ചിത്രമുണ്ട്. ചിത്രം പതിക്കാത്ത ടി ഷർട്ടുകളിലൊന്നാണ് അദ്ദേഹം ധരിച്ചിരുന്നതെന്നും അഴഗിരി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഭാരത് ജോഡോ യാത്രയുടെ സ്വീകരണ കേന്ദ്രങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍. ഫോട്ടോ കടപ്പാട്: കോണ്‍ഗ്രസ് പാര്‍ട്ടി ട്വിറ്റര്‍ അക്കൗണ്ട് ഈ വിശദീകരണം ഒന്നും ചെവിക്കൊള്ളാതെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ വലിയ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നടത്തിയത്. ഇതോടൊപ്പം, നരേന്ദ്ര മോദി 10 ലക്ഷത്തിന്‍റെ കോട്ടണിഞ്ഞ ഫോട്ടോ പങ്കുവച്ച് കോണ്‍ഗ്രസ് അണികള്‍ സൈബര്‍ ഇടത്തില്‍ പ്രത്യാക്രമണം നടത്താനും മറന്നില്ല.
വൈദികനെ കണ്ടതില്‍ രണ്ടാം വിവാദം: ഭാരത് ജോഡോ യാത്രക്കിടെ കന്യാകുമാരിയിലെ വൈദികന്‍ ജോർജ് പൊന്നയ്യയുമായുള്ള രാഹുല്‍ ഗാന്ധി കൂടിക്കാഴ്‌ച നടത്തിയിരുന്നു. കോണ്‍ഗ്രസിന്‍റെ ഭാരതപര്യടനം 'കുളമാക്കാന്‍' ബിജെപി ആയുധമാക്കിയ രണ്ടാമത്തെ വിവാദം ഇതായിരുന്നു. വിദ്വേഷ പ്രസംഗത്തെതുടർന്ന് നേരത്തെ അറസ്റ്റിലായ ആളായിരുന്നു ജോർജ് പൊന്നയ്യ. ഇക്കാര്യവും കൂടിക്കാഴ്‌ചയിൽ 'യേശുക്രിസ്‌തുവാണ് ഏക ദൈവം' എന്ന് വൈദികന്‍ പറഞ്ഞതും വ്യക്തമാക്കുന്ന വീഡിയോ പ്രചരിപ്പിച്ചുമാണ് ബിജെപി വിവാദം ആളിക്കത്തിച്ചത്.
വിദ്വേഷ പ്രസംഗത്തില്‍ നേരത്തെ അറസ്റ്റിലായ വൈദികനെ കാണുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. വിവാദം സൃഷ്‌ടിക്കാന്‍ വേണ്ടി ബിജെപിക്ക് ആയുധം നല്‍കുന്നതിന് സമാനമാണ് ഈ വിഷയത്തില്‍ സംഭവിച്ചത്. രാഹുല്‍ ആദ്യം ചരിത്രം പഠിക്കണമെന്ന പരിഹാസമാണ് ഈ വിവാദത്തില്‍ അമിത്ഷായുടെ പ്രതികരണം. ഈ വിവാദവും മണിക്കൂറുകളോളമാണ് വാര്‍ത്താചനലുകള്‍ കൊണ്ടാടിയത്.
'കേരളത്തില്‍ 19 ദിവസം, ഗുജറാത്തില്‍ വട്ടപൂജ്യം':സെപ്‌റ്റംബർ 11ന് കേരളത്തിലെ പാറശാലയില്‍ യാത്രയ്ക്ക് ഉജ്വല വരവേല്‍പ്പാണ് കെപിസിസി നല്‍കിയത്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലൂടെ കടന്നുപോവുന്ന പദയാത്ര സംസ്ഥാനത്ത് 19 ദിവസമാണ് ഉണ്ടാവുക. യാത്രയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അഞ്ച് ലക്ഷം പേരെ അണിനിരത്തി ഒരു മെഗാറാലി തൃശൂരില്‍ സംഘടിപ്പിക്കാനും കെപിസിസി തീരുമാനിച്ചിട്ടുണ്ട്.
ALSO READ|ഭാരത് ജോഡോ യാത്ര കേരളത്തിൽ ; പാറശാലയിൽ ഉജ്വല വരവേൽപ്പ്
എന്നാല്‍, ബിജെപിയ്‌ക്കും സംഘപരിവാറിനും സ്വാധീനമില്ലാത്ത കേരളത്തില്‍ ഇത്രയും ദിവസത്തെ പരിപാടി നടത്തുന്നതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ബിജെപിയെ നേരിടാന്‍ വേണ്ടി കോണ്‍ഗ്രസിന് ഊര്‍ജം നല്‍കാനുള്ള യാത്ര കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലാണ് കൂടുതല്‍ ദിവസം നടത്തേണ്ടത്. ഗുജറാത്തില്‍ ഒരു ദിവസം പോലും പദയാത്ര ഇല്ല. ഉത്തര്‍പ്രദേശിലാണെങ്കില്‍ ഒരു ദിവസം മാത്രമാണ് യാത്ര ആസൂത്രണം ചെയ്‌തിരിക്കുന്നതെന്നും സോഷ്യല്‍ മീഡിയ വിമര്‍ശനം ഉയര്‍ത്തുന്നു.
കണ്ടെയ്‌നറിലെത്തിയ വിവാദം:ദിവസവും ഇരുപത് കിലോ മീറ്ററോളമുള്ള പദയാത്രയില്‍ താമസത്തിന് 60 കണ്ടെയ്‌നറുകളാണ് പാര്‍ട്ടി ഒരുക്കിയിട്ടുള്ളത്. ഹോട്ടല്‍ റൂമുകള്‍ക്ക് സമാനമായ സൗകര്യങ്ങളുള്ള കണ്ടെയ്‌നറുകള്‍ 230 സ്ഥിരം യാത്രികര്‍ക്ക് ഉപയോഗിക്കാനാണ് തയ്യാറാക്കിയത്. 52കാരനായ രാഹുലിന് സിംഗിള്‍ എയർകണ്ടീഷൻ സൗകര്യമുള്ള റൂമാണ് കണ്ടെയ്‌നറില്‍ ഒരുക്കിയിട്ടുള്ളത്. മുതിര്‍ന്ന നേതാക്കള്‍ക്ക് രണ്ട് ബെഡുകളും മറ്റുള്ളവര്‍ക്ക് ആറുമുതല്‍ 12 വരെ ബെഡുകളുള്ള കണ്ടെയ്‌നറുകളുമാണുണ്ടാവുക.
ട്രെയിനിലെ സ്ലീപ്പര്‍ ബെര്‍ത്തുക്കള്‍ക്ക് സമാനമായ സൗകര്യമാണ് ഉറങ്ങാന്‍ വേണ്ടി ഈ വാഹനങ്ങളിലുള്ളത്. ഓരോ കണ്ടെയ്‌നറിലും ശുചിമുറിയും സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനെതിരെ ബിജെപി വലിയ വിമര്‍ശനവുമായി രംഗത്തെത്തി. കോണ്‍ഗ്രസിന്‍റേത് ആഡംബര യാത്രയാണെന്നും ഇതിനായി പണം ധൂര്‍ത്തടിക്കുകയാണെന്നുമാണ് ഉയരുന്ന പ്രധാന വിമര്‍ശനം. പുറമെ, ബിജെപി പ്രൊഫൈലുകളില്‍ പരിഹാസ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.
ഭാരത് ജോഡോ യാത്രയുടെ സ്വീകരണ കേന്ദ്രങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍. ഫോട്ടോ കടപ്പാട്: കോണ്‍ഗ്രസ് പാര്‍ട്ടി ട്വിറ്റര്‍ അക്കൗണ്ട് പദയാത്രയുടെ പേരിൽ രാജ്യത്തുള്ളവരെ കോണ്‍ഗ്രസ് വിഡ്ഢികളാക്കുകയാണ്. 60 എസി ആഡംബര കണ്ടെയ്‌നറുകളാണ് താമസത്തിനായുള്ളത്. രാഹുലിനും മറ്റ് നേതാക്കള്‍ക്കും ഇരുന്ന് കളിപറഞ്ഞ് ആസ്വദിക്കാനുള്ളതാണ് ഈ റൂമുകളെന്നുമുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.
എന്നാല്‍, തങ്ങളുടെ ‘ഭാരത് യാത്രികര്‍’ വളരെ ചെലവ് കുറഞ്ഞതും അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ളതുമായ കണ്ടെയ്‌നറുകളാണ് താമസത്തിനായി ഒരുക്കിയത്. ബിജെപി ഐടി സെൽ യാത്രയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമമാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി മറുവാദം ഉയര്‍ത്തി.
യാത്രയ്‌ക്ക് പിന്തുണയുമായി പ്രഗല്‍ഭര്‍:ഭാരത് ജോഡോ യാത്ര ആരംഭിച്ചതോടെ നിരവധി പ്രഗല്‍ഭരാണ് ആശംസകളും പിന്തുണയുമായി രംഗത്തെത്തിയത്. യാത്ര കേരളത്തില്‍ എത്തിയപ്പോള്‍ ചലച്ചിത്ര സംവിധായകൻ അടൂര്‍ ഗോപാലകൃഷ്‌ണന്‍റെ പ്രസ്‌താവന ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായി. യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയെ കേരളാതിർത്തിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കണമായിരുന്നു എന്നാണ് അടൂരിന്‍റെ അഭിപ്രായം. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നാൽ മാത്രമേ ഫാഷിസത്തെ തോൽപിക്കാൻ കഴിയുള്ളൂവെന്നും അടൂർ പറഞ്ഞു.
ഭാരത് ജോഡോ യാത്രക്ക് എല്ലാവരും പിന്തുണ നൽകണമെന്നാണ് സാമൂഹികപ്രവർത്തകനും സംവിധായകനുമായ ആനന്ദ് പട്‌വർധന്‍റെയും അഭിപ്രായം. 'മോദിയുടെ ഉയർച്ചക്ക് കാരണമായി കോൺഗ്രസിനെ നമ്മളിൽ പലരും കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ, ഭാരത് ജോഡോ യാത്രക്ക് നമ്മളെല്ലാവരും ഉറപ്പായിട്ടും പിന്തുണ നൽകണമെന്നാണ് ഞാൻ കരുതുന്നത്' - സാമൂഹ്യമാധ്യമ കുറിപ്പിലൂടെ ആനന്ദ് ആഹ്വാനം ചെയ്‌തു. ഇങ്ങനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവാദങ്ങള്‍ പടച്ചുവിട്ടുമുള്ള അന്തരീക്ഷത്തില്‍ ഭാരത് ജോഡോ യാത്ര നാല് ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
കോണ്‍ഗ്രസിന്‍റെ ജീവന്‍ മരണ പോരാട്ടം:കോണ്‍ഗ്രസിന്‍റെ ശക്തികളായിരുന്ന കപില്‍ സിബലും ഗുലാം നബി ആസാദും അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ട ശേഷമാണ് രാഹുലിന്‍റെ യാത്ര നടക്കുന്നത്. 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന സ്ഥിതി വിശേഷത്തിലെത്തി നില്‍ക്കുമ്പോഴാണ് പാര്‍ട്ടിയെ ഉണര്‍ത്താൻ മറ്റൊരു മാര്‍ഗമില്ലെന്ന് തിരിച്ചറിഞ്ഞ് രാഹുല്‍ ഭാരത യാത്രയ്‌ക്ക് മുതിര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്‌ചകള്‍ മാത്രം ശേഷിക്കവെ തുടരുന്ന പര്യടനം നൂറിലധികം ദിനങ്ങള്‍കൊണ്ടാണ് പൂര്‍ത്തിയാക്കുക.
യാത്രയുടെ തുടക്കത്തില്‍ തന്നെ വ്യക്തിപരമായ ആക്രമണങ്ങള്‍ക്കാണ് അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ മുതിര്‍ന്നത്. വരും ദിവസങ്ങളില്‍ ഏത് രീതിയിലാവും കോണ്‍ഗ്രസ് യാത്രയെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി നേരിടുകയെന്നത് പ്രവചനാധീതമാണ്. 150 ദിനങ്ങള്‍കൊണ്ട് 3,571 കിലോമീറ്ററുകള്‍ താണ്ടി 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 203 നിയമസഭ മണ്ഡലങ്ങളും 68 ലോക്‌സഭ മണ്ഡലങ്ങളും പിന്നിടാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ALSO READ|ഭാരത് ജോഡോ യാത്ര; വിഴിഞ്ഞം സമരക്കാരുമായി രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്‌ച നാളെ
തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഹരിയാന, ഡൽഹി, പഞ്ചാബ്, ചണ്ഡിഗഡ്, ജമ്മു കശ്‌മീര്‍ എന്നിവിടങ്ങളിലൂടെയാണ് പദയാത്ര കടന്നുപോവുക. രാഹുല്‍ ഗാന്ധിക്ക് പുറമെ കോണ്‍ഗ്രസിന്‍റെ ദേശീയ നേതാക്കള്‍ ഉള്‍പ്പടെ 300 നടുത്തുള്ള സ്ഥിരം അംഗങ്ങളാണ് പദയാത്രയില്‍ പങ്കെടുക്കുന്നത്.