ശിവമോഗ (കർണാടക):നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കർണാടകയിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ശിവമോഗയിലെ സോഗാനെ ഗ്രാമത്തിൽ താമരയുടെ രൂപത്തിൽ പുതുതായി നിർമിച്ച വിമാനത്താവള ടെർമിനൽ മൂടി വയ്‌ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഇത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എയർപോർട്ട് ടെർമിനൽ തെരഞ്ഞെടുപ്പ് കമ്മിഷൻ മറയ്‌ക്കണം എന്നുമാണ് ശിവമോഗ ജില്ല കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്.
'താമരയുടെ ആകൃതിയിലുള്ള എയർപോർട്ട് ടെർമിനലിന്‍റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിലൂടെ ഇത് തങ്ങളുടെ നേട്ടമാണെന്ന് ബിജെപി ഉയർത്തിക്കാട്ടുന്നു. അതിനാൽ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എയർപോർട്ട് ടെർമിനൽ പൂർണമായും മൂടി വയ്‌ക്കണം. കൂടാതെ ട്രാൻസ്പോർട്ട് ബസുകളിലെ സർക്കാർ പരസ്യങ്ങളും നീക്കം ചെയ്യണം, കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ചടങ്ങിൽ കെപിസിസി സെക്രട്ടറി ദേവേന്ദ്രപ്പ, കവിതാ രാഘവേന്ദ്ര തുടങ്ങിയവരും പങ്കെടുത്തു.
ഫെബ്രുവരി 27നാണ് സോഗാനെ ഗ്രാമത്തിലെ ശിവമോഗ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തത്. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയുടെ 80-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ഉദ്‌ഘാടനം സംഘടിപ്പിച്ചത്. മുന്നിൽ താമരയുടെയും പിന്നിൽ നിന്ന് കഴുകന്‍റെയും ആകൃതിയിലുള്ള ശിവമോഗ വിമാനത്താവളം 450 കോടി രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്.
300 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള സൗകര്യമുള്ള പാസഞ്ചർ ടെർമിനലാണ് വിമാനത്താവളത്തിലുള്ളത്. ബെംഗളൂരു വിമാനത്താവളം കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീളം കൂടിയ റണ്‍വേയും ഇവിടെയാണുള്ളത്. കർണാടകയിലെ ഒൻപതാമത്തെ വിമാനത്താവളമാണ് ശിവമോഗ. ബെംഗളൂരു, കലബുറഗി, ബെലഗാവി, മൈസൂരു, ബല്ലാരി, ബിദർ, ഹുബ്ബള്ളി, മംഗലാപുരം എന്നിവയാണ് മറ്റ് വിമാനത്താവളങ്ങൾ.